തമിഴ് യുവതാരം വിശാലും തൃഷയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘സമരന്‍’ ചാലക്കുടിയില്‍ ചിത്രീകരിക്കും. ഒക്ടോബര്‍ 28നാണ് ചിത്രീകരണം തുടങ്ങുക.

തിരു സംവിധാനം ചെയ്യുന്ന ‘ സമരന്‍’ എന്ന ചിത്രമാണ് കേരളീയ പശ്ചാത്തലത്തില്‍ ചിത്രീകരിക്കുന്നത്. മുന്‍കാല തെന്നിന്ത്യന്‍ നായകന്‍ അരവിന്ദ സ്വാമി നീണ്ട ഇടവേളയ്ക്കുശേഷം തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് സമരന്‍. വില്ലന്‍ കഥാപാത്രമായാണ് അരവിന്ദ് സ്വാമി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രകാശ് രാജും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഒരു എന്റര്‍ടൈനറാണ് സമരന്‍. ഒരു ഫോറസ്റ്റ് ഗാര്‍ഡിന്റെ വേഷത്തിലാണ് വിശാല്‍ നായകവേഷത്തിലെത്തുന്നത്. വിനോദ സഞ്ചാരികളെ ട്രക്കിംഗ് പഠിപ്പിക്കാന്‍ നിയുക്തനാകുന്ന കഥാപാത്രമാണിത്. ഈ ചിത്രത്തില്‍ വിശാല്‍ പുതിയ ലുക്കിലാണ് പ്രത്യക്ഷപ്പെടുന്നത്. അതിരപ്പള്ളി വെള്ളച്ചാട്ടമുള്‍പ്പെടെയുള്ള പ്രകൃതി മനോഹരമായ കാഴ്ചകള്‍ ചിതത്തിലുള്‍പ്പെടുത്തും.

ബാലാജി റിയല്‍ മീഡിയ റിലീസ് ചെയ്യന്നു ചിത്രം ടി.രമേശ് നിര്‍മ്മിക്കും. യുവാന്‍ ശങ്കര്‍ രാജയാണ് ഈ ചിത്രത്തിന് സംഗീതം നല്‍കുന്നത്.