പ്രഭുദേവയുമായുള്ള പ്രണയബന്ധം തകര്‍ന്നശേഷം നയന്‍താര വീണ്ടും  സിനിമാ തിരക്കുകളിലേക്ക് കടക്കുകയാണ്. വലിയൊരു ഗ്യാപ്പിനുശേഷം സിനിമയിലെത്തിയിട്ടും നടിയുടെ ഡിമാന്റ് ഒട്ടും കുറഞ്ഞിട്ടില്ല. തുടര്‍ച്ചയായി വലിയ പ്രോജക്ടുകള്‍ നയന്‍സിനെ തേടിയെത്തുകയാണ്.

നയന്‍താര വിശാലിനിനൊപ്പം അഭിനയിക്കാന്‍ പോകുന്നുവെന്നതാണ് ഏറ്റവും ഒടുവിലായി കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 2008ല്‍ ‘സത്യം’ എന്ന ചിത്രത്തിലായിരുന്ന നയന്‍താരയും വിശാലും അവസാനമായി ഒന്നിച്ചത്. ഷര്‍ട്ട് ഒഴിവാക്കി സിക്‌സ് പായ്ക്ക് മസില്‍ കാണിച്ച് വിശാല്‍ തിളങ്ങിയപ്പോള്‍ ഗ്ലാമര്‍പ്രദര്‍ശനമായിരുന്നു നയന്‍സിന്റെ ആയുധം.

സംവിധായകന്‍ ശരണ്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. തന്റെ കഥയുമായി ശരണ്‍ വിശാലിനെ സമീപിക്കുകയും കഥ കേട്ട വിശാല്‍ അതില്‍ ആകൃഷ്ടനായെന്നുമാണ് റിപ്പോര്‍ട്ട്. കഥയില്‍ തന്റേതായുള്ള ചില നിര്‍ദ്ദേശങ്ങളും വിശാല്‍ മുന്നോട്ട് വച്ചിട്ടുണ്ട്. അത് പ്രകാരം മുന്നോട്ട് നീങ്ങാന്‍ ശരണിനോട് വിശാല്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.  വന്‍തുകയാണേ്രത ഈ ചിത്രത്തില്‍ വിശാലിന് പ്രതിഫലമായി നല്‍കാനുദ്ദേശിക്കുന്നത്.

ചിത്രത്തിലെ നായികയെ അവതരിപ്പിക്കാന്‍ ഏറ്റവും ഉചിതയായ നടി  നയന്‍താര ആണെന്നാണ് ശരണ്‍ പറയുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നയനെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇരുവരും ഒന്നിക്കുകയാണെങ്കില്‍ വീണ്ടും ഒരു ഹിറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശരണ്‍. റെഡ് ജൈന്റ് മൂവീസിന്റെ ബാനറില്‍ ഉദയനിധിയാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

തൃഷയുമൊന്നിച്ചുള്ള ‘സമരന്‍, ഹന്‍സിക നായികയാവുന്ന സുന്ദര്‍ ചിത്രം എന്നിവയില്‍ അഭിനയിച്ചു വരികയാണ് വിശാലിപ്പോള്‍. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ശരണിന്റെ ചിത്രം തുടങ്ങാനാണ് വിശാലിന്റെ തീരുമാനം.

Malayalam news

Kerala news in English

നയന്‍താരയും വിശാലവും വീണ്ടും