ചലചിത്ര നടിയ്‌ക്കെതിരെ ഉണ്ടായ നീചമായ ആക്രമണത്തെ അപലപിച്ചുകൊണ്ട് ചലചിത്ര ലോകവും, പൊതുസമൂഹവും ഏതാണ്ട് ഒറ്റക്കെട്ടായി തന്നെ മുന്നോട്ട് വന്നു എന്നത് പ്രസ്തുത വാര്‍ത്ത നല്‍കിയ ഞെട്ടല്‍ നിലനില്‍ക്കുമ്പൊഴും ഒരു നേരിയ ആശ്വാസമാവുന്നുണ്ട്. എന്നാല്‍ ഈ അപലപിക്കലും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലുമൊക്കെ ഒരുവശത്ത് നടക്കുമ്പോഴും മറുവശത്ത് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു എന്നത് സ്ത്രീ സുരക്ഷ, ലിംഗ നീതി തുടങ്ങിയ വിഷയങ്ങളോടുള്ള നമ്മുടെ സമീപനത്തിന്റെ ആഴത്തെയും ആത്മാര്‍ത്ഥതയെയും ഒക്കെ വല്ലാതെ ചോദ്യം ചെയ്യുന്നുമുണ്ട്.

കോലാഹലങ്ങള്‍ ഒക്കെ ഒടുങ്ങുമ്പോള്‍ ആക്രമണം നടന്നത് ഒരു സ്ത്രീക്കെതിരേ ആയതുകൊണ്ടല്ല ഒരു സെലിബ്രിറ്റിയ്ക്ക് എതിരേ ആയിരുന്നു എന്നതിനാലല്ലേ ഈ ബഹളമൊക്കെയും എന്ന സംശയം തന്നെ ബാക്കിയാകുന്നു. അതിന് കാരണങ്ങളുണ്ട്.

ഇത്തരം സംഭവങ്ങള്‍ പൊതുസമൂഹത്തെ സ്പര്‍ശിക്കുന്നത്, മാധ്യമവും, ഭരണകൂട സംവിധാനങ്ങളും ഏറ്റെടുക്കുന്നത് ഒക്കെയും അതില്‍ അടങ്ങിയിരിക്കുന്ന അനീതിയുടെയും അമാനവികതയുടെയും ഉള്ളടക്കത്താലെന്നതിലുപരി സെന്‍സേഷണലിസത്തിന് ആനുപാതികമായാണെന്ന് തോന്നുന്നു. പലപ്പൊഴും കൃത്യത്തേക്കാള്‍ അതില്‍ ഇരയാക്കപ്പെട്ട വ്യക്തി , ആക്രമണത്തിന്റെ പ്രത്യക്ഷമായ പൈശാചികത, കുറ്റവാളികളെന്ന് സംശയിക്കപ്പെടുന്നവരുടെ പശ്ചാത്തലം തുടങ്ങിയവയൊക്കെയാണ് നമ്മുടെ പ്രതികരണങ്ങളുടെ തീവ്രത നിശ്ചയിക്കുന്നത്.

ദില്ലിയില്‍ നടന്ന കൂട്ടബലാല്‍സംഗത്തിനെതിരേ വന്‍ ബഹുജന പ്രക്ഷോഭം സംഘാടകരില്ലാതെ തന്നെ ഉയര്‍ന്നുവന്നത് നാം കണ്ടു. എന്നാല്‍ അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ട ആക്റ്റിവിസ്റ്റുകള്‍ പ്രത്യേക പട്ടാളനിയമം എന്ന കാടത്തത്തിന് ഇരയായ സ്ത്രീകളുടെ പക്ഷത്തുനിന്നുകൊണ്ട് അത്തരം ഒരു മുന്നെറ്റത്തിനാഹ്വാനം ചെയ്തത് അന്തരീക്ഷത്തില്‍ അലിഞ്ഞ് പോവുകയായിരുന്നു.

ഇത് കാണിക്കുന്നത് എല്ലാ അതിക്രമങ്ങളും ഒന്നല്ല, ചിലത് മറ്റുള്ളവയെക്കാള്‍ അപ്രസക്തമാണ് എന്ന് തന്നെയല്ലേ?

പതിനേഴാം തിയതി പുറത്തുവന്ന വാര്‍ത്ത

നമ്മുടെ തലസ്ഥാനത്ത് കേവലം ഏഴ് വയസ്സ് മാത്രമുള്ള ഒരു ബാലിക അയല്‍ക്കാരനും പൂജാരിയുമായ ഒരു മുപ്പതുകാരനാല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട വാര്‍ത്ത പുറത്ത് വന്നത് പതിനേഴാം തിയതിയാണ്. വാര്‍ത്ത പുറത്തുവന്നത് പതിനേഴിനാണെങ്കിലും കൃത്യം നടന്നത് മൂന്ന് മാസം മുമ്പാണ്.

ഈ മാനമുള്ള ഒരു കുറ്റകൃത്യം നടന്നിട്ടും സമുദായത്തിന് മാനക്കേടാകുമെന്ന് കരുതി അടുത്തിടെവരെ കുട്ടിയുടെ മാതാപിതാക്കള്‍ വിവരം പുറത്ത് പറയാന്‍ തയ്യാറായില്ല എന്നതാണ് ഇവിടെ സര്‍വ്വപ്രധാനം. രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി ജ്വാല ഇടപെടുകയും കുടുംബത്തെ ഇതിന്റെ ഗൗരവം ബോദ്ധ്യപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് അവര്‍ പൊലീസില്‍ പരാതിപ്പെടുന്നതും കുറ്റവാളി അറസ്റ്റിലാകുന്നതും.

നടിയ്ക്ക് നേരേ നടന്ന ആക്രമണം ചര്‍ച്ച ചെയ്യവേ മുഖ്യ വാര്‍ത്തയുടെ ഗൗരവത്തിന് ആക്കം കൂട്ടുന്ന ഉപവാര്‍ത്ത എന്ന നിലയില്‍ പ്രസ്തുത സംഭവത്തെ പല അന്തി ചര്‍ച്ചാ അവതാരകരും ഉദ്ധരിക്കുകയുണ്ടായി. അതില്‍ നിന്ന് ചുരുങ്ങിയത് ആ വാര്‍ത്ത അവര്‍ക്ക് അറിയാത്തതൊന്നുമല്ല എന്ന് വ്യക്തമാകുന്നു. എന്നിട്ടും അന്തിചര്‍ച്ച ഉണ്ടായില്ല. അതുകൊണ്ട് പൊതുബോധം മുറിപ്പെട്ടില്ല. ഐക്യദാര്‍ഢ്യ സമ്മേളനവും നടന്നില്ല.

അടുത്ത പേജില്‍ തുടരുന്നു