എഡിറ്റര്‍
എഡിറ്റര്‍
രണ്ട്- അറബിപ്പൊന്നും കുറയുന്ന അകലങ്ങളും
എഡിറ്റര്‍
Wednesday 7th June 2017 12:25pm

മിക്ക ഗ്രാമങ്ങളിലും വൈദ്യുതിയോ, റോഡ് സൗകര്യമോ ഉണ്ടായിരുന്നില്ല. യാത്രകള്‍ക്ക് കഴുതയും, ഒട്ടകവും ആയിരുന്നു ആശ്രയം. അതായത് എഴുപതുകളില്‍ ഇവിടേക്ക് വന്ന പ്രവാസികളെ വരവേറ്റത് ഉഷ്ണകാലത്ത് 45-50 ഡിഗ്രി വരെയും ശൈത്യത്തില്‍ മൈനസ് വരെയും എത്തുന്ന കാലാവസ്ഥയും ശീതീകരണി പോയിട്ട് വിളക്ക് പോലും ഇല്ലാത്ത താമസസ്ഥലങ്ങളും ചികിത്സാ, വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ ദൗര്‍ലഭ്യവും ഒക്കെ ചേരുന്ന ഒരു ക്ലേശപരിസരം ആയിരുന്നു.ഭാഗം: രണ്ട്‌


കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ വരുത്തിയ ഗള്‍ഫ് പ്രവാസം തുടങ്ങുന്നത് അറുപതുകളുടെ തുടക്കത്തിലാവാമെങ്കിലും അത് ഒരു തരംഗമായി മാറുന്നത് എഴുപതുകള്‍ മുതല്‍ക്കാണ്. അതിന് മുമ്പ് തന്നെ എണ്ണപ്പനയുടെ തീരം തേടി ഭാഗ്യാന്വേഷകര്‍ സ്വന്തം നിലയ്ക്ക് യാത്ര ആരംഭിച്ചിരുന്നതായി ഗള്‍ഫ് പ്രവാസത്തെക്കുറിച്ച് രചിക്കപ്പെട്ട ചില അനുഭവക്കുറിപ്പുകളിലും പുസ്തകങ്ങളിലും കാണാം.

ഏറിയപങ്കും അനധികൃതമായി നടന്ന അത്തരം യാത്രകളില്‍ തടവറയില്‍ അവസാനിച്ചവരുണ്ട്. കറാച്ചി ഉള്‍പ്പെടെ മറ്റ് തീരങ്ങളില്‍ ചെന്നണഞ്ഞവരുണ്ട്. എന്തായാലും എഴുപതുകളോടെ അവയ്ക്ക് ഒരു ഔദ്യോഗിക സ്വഭാവവും കണക്കും കൈവന്നു എന്ന് പറയാം. ആ ചരിത്രം ഇന്നും തുടരുന്നു.

എന്നാല്‍ അറുപതുകളുടെ ഒടുവില്‍ തുടങ്ങി രണ്ടായിരത്തി പതിനഞ്ചില്‍ എത്തി നില്‍ക്കുന്ന, അരനൂറ്റാണ്ടിലധികം പ്രായമുള്ള ഗള്‍ഫ് പ്രവാസത്തിന്റെ ഈ ചരിത്രം അന്നുമുതല്‍ ഇന്നുവരെ മാറ്റങ്ങളില്ലാതെ ഒരുപോലെ ഒഴുകുന്ന ഒരു നദിയായിരുന്നില്ല. ദീര്‍ഘമായ ഈ കാലയളവിനുള്ളില്‍ അതിന്റെ സ്വഭാവത്തില്‍, അത് കേരളീയ സമൂഹത്തില്‍ ചെലുത്തിയ സ്വാധീനങ്ങളിലൊക്കെ പ്രകടമായ വ്യത്യാസങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിശകലനത്തിന് ഒരു സമഗ്രസ്വഭാവം ഉണ്ടാകണമെങ്കില്‍ ഈ മാറ്റങ്ങളെയും ഉള്‍പ്പെടുത്തിയേ മതിയാവൂ.


ഒന്നാം ഭാഗം – രണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം 


ആ നിലയ്ക്ക് ഗള്‍ഫ് പ്രവാസത്തിന്റെ ചരിത്രത്തെ വീണ്ടും രണ്ടായി വിഭജിക്കേണ്ടിവരുന്നു. പല ചരിത്രകാരന്മാരും പല രീതിയില്‍ പല മാനദന്ധങ്ങള്‍ വച്ചാണ് മലയാളിയുടെ പ്രവാസ ചരിത്രത്തെ പല ഘട്ടങ്ങളായി വര്‍ഗീകരിച്ചത്. അതുകൊണ്ട് അതിന് പൊതുവായി അംഗീകരിക്കപ്പെടുന്ന ഒരു ഘടന ഇല്ലെന്ന് തന്നെ പറയാം.

ഉദാഹരണത്തിന് ‘ഗള്‍ഫ് ബൂം’ എന്ന് വിളിക്കുന്ന അറേബ്യന്‍ പ്രവാസത്തിന്റെ ഒന്നാം തരംഗത്തിന്റെ ദൈര്‍ഘ്യം മലയാളം വിക്കിപീഡിയ അടയാളപ്പെടുത്തുന്നത് 1972 മുതല്‍ 1983വരെ എന്നാണ്. എന്തുകൊണ്ട് 83 വരെ എന്ന ചോദ്യത്തിന് ഉത്തരവുമില്ല.

അതുകൊണ്ട് സോവിയറ്റ് യൂണിയന്റെ പതനവും ആഗോളവല്‍ക്കരണ നയങ്ങള്‍ മൂന്നാം ലോകവിപണിയില്‍ നേടിയ മേല്‍ക്കയ്യും കുവൈറ്റ് യുദ്ധവുമൊക്കെ ചേര്‍ന്ന് നിര്‍ണ്ണായകമായ ഒരു ചരിത്രഘട്ടമായി മാറിയ തൊണ്ണൂറുകളുടെ ഒന്നാം പകുതിയില്‍ ആവണം ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗം അവസാനിക്കുന്നതും രണ്ടാം തരംഗം തുടങ്ങുന്നതും എന്ന നിഗമനമാകും കൂടുതല്‍ ഭദ്രം എന്ന് ഈ ലേഖകന്‍ കരുതുന്നു. കാരണം കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് തൊണ്ണൂറുകള്‍ക്ക് മുമ്പ് നടന്ന പ്രവാസത്തിന്റെയും അതിന് ശേഷം നടന്നതിന്റെയും സ്വഭാവത്തിലും, അത് കേരളീയ പൊതുസമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിലും പ്രകടമായ വ്യത്യാസം ഉണ്ടായിരുന്നു എന്നത് തന്നെ.

മുന്‍ തരംഗങ്ങളെ അപേക്ഷിച്ച് എണ്ണം കൊണ്ട് ഗള്‍ഫ് ബൂം ശരിക്കും ഒരു രാക്ഷസന്‍ തിരമാലയായിരുന്നു. അറുപതുകള്‍ തൊട്ട് തൊണ്ണൂറുകളില്‍ നടന്ന കുവൈറ്റ് യുദ്ധം വരെ നീളുന്ന ഈ കാലഘട്ടത്തില്‍ നിരവധി മലയാളികള്‍ കടല്‍ കടന്ന് അറേബ്യന്‍ മണ്ണിലെത്തി. മലബാറിലെ മുസ്‌ലിം വിഭാഗത്തിന് മേല്‍ക്കൈ ഉണ്ടായിരുന്നെങ്കിലും ക്രിസ്ത്യാനികളും, ഹിന്ദുക്കളും ഉള്‍പ്പെടെ ഏറെക്കുറെ കേരളത്തിന്റെ ഡെമോഗ്രഫിയെ സമഗ്രമായി ഉള്‍ക്കൊണ്ട ഒന്നായിരുന്നു അത്.

അതുകൊണ്ട് തന്നെ ഗള്‍ഫ് പ്രവാസം സമൂഹത്തിന് നല്‍കിയത് പൊടുന്നനേ പുറപ്പെട്ട് പോയി കുറെ കാശുമായി മടങ്ങിവരുന്ന ഭാഗ്യവാന്മാര്‍ എന്ന ഏതാണ്ട് മിത്തുകള്‍ക്ക് സമാനമായ ഒരു സ്വപ്നമായിരുന്നില്ല, കയ്യെത്തും ദൂരത്തുള്ള ഒരു പ്രതീക്ഷ ആയിരുന്നു. എങ്ങനെയും കടല്‍കടന്ന് എണ്ണപ്പനയുടെ നാട്ടിലെത്തിയാല്‍ പൊന്നും പണവും നേടി തിരിച്ചെത്താം എന്നതുപോലെ ഒരു പ്രതീക്ഷയും സ്വപ്നവും ജാതി, മത, വര്‍ഗ്ഗ ഭേദമില്ലാതെ എല്ലാവര്‍ക്കുമായി തുറന്നിട്ടുകൊടുത്ത ഒന്നായിരുന്നില്ല അതിന് മുമ്പുണ്ടായ പ്രവാസ തരംഗങ്ങളൊന്നും.

എഴുപതുകള്‍ മുതല്‍ ജാതി, മത, ലിംഗ ഭേദമില്ലാതെ മലയാളി യൗവ്വനം കാണാന്‍ തുടങ്ങിയ ഈ സ്വപ്നത്തിന്റെ, ഗള്‍ഫ് ബൂമിന്റെ സാമൂഹ്യവ്യാപ്തിയെ ഒരു പക്ഷേ ഏറ്റവും ഫലപ്രദമായി ആവിഷ്‌കരിച്ചത് അപ്പോഴേക്കും കേരളീയ പൊതുസമൂഹത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന മാധ്യമമായി മാറിക്കഴിഞ്ഞിരുന്ന സിനിമ ആയിരിക്കും.

ജീവിത ദുരിതങ്ങളില്‍ നിന്ന് ഒരു മോചനമാര്‍ഗ്ഗമായി പേര്‍ഷ്യയെ സ്വപ്നം കാണുകയും അതിനായി ശ്രമിക്കുകയും വിജയിക്കുകയും പരാജയപ്പെടുകയും ചെയ്യുന്ന എത്ര കഥാപാത്രങ്ങളെ ഈ കാലഘട്ടത്തിനുള്ളില്‍ നാം തിരശീലയില്‍ കണ്ടു. പ്രത്യക്ഷമായും പരോക്ഷമായും പ്രവാസ ജീവിതം പ്രമേയമാകുന്ന നാടോടിക്കാറ്റും വരവേല്‍പ്പും ഉള്‍പ്പെടെ ഈ കാലത്തിറങ്ങിയ നിരവധി സിനിമകള്‍ ബോക്‌സോഫീസില്‍ വന്‍ വിജയങ്ങളായിരുന്നുവെങ്കില്‍ അത് സൂചിപ്പിക്കുന്നത് അവ ആവിഷ്‌കരിച്ച പ്രമേയത്തിന് ഉണ്ടായിരുന്ന ജനപ്രീതി കൂടിയാണ്.


Also Read:ട്രംപും അല്‍ സഊദും; തുടരുന്ന സഖ്യങ്ങള്‍


സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക സ്വാധീനങ്ങള്‍

വലിപ്പം കൊണ്ട് ആദ്യതരംഗങ്ങളെക്കാള്‍ ബഹുദൂരം മുമ്പിലായിരുന്നു എന്നതുകൊണ്ട് തന്നെ ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യ തരംഗം സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനം മുമ്പുണ്ടായവയേക്കാള്‍ ഏറെ പ്രത്യക്ഷവും നിര്‍ണ്ണായകവും ആയിരുന്നു. ഏതാണ്ട് എല്ലാ മതവിഭാഗങ്ങളെയും മാത്രമല്ല, ജാതി ഭേദമില്ലാതെ ഭൂരിപക്ഷമതമായ ഹിന്ദുമതത്തിലെ വ്യത്യസ്തധാരകളെയും അത് ഉള്‍ക്കൊണ്ടിരുന്നു.

എണ്ണക്കച്ചവടം ഗള്‍ഫ് രാജ്യങ്ങളില്‍ പൊടുന്നനേ ഉണ്ടാക്കിയ വമ്പിച്ച സാമ്പത്തിക കുതിച്ചുകയറ്റം സ്വാഭാവികമായും വിവിധ മേഖലകളില്‍ അനിവാര്യമാക്കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പര്യാപ്തമായ ശിക്ഷിതരും അശിക്ഷിതരുമായ തൊഴിലാളികളുടെ അപര്യാപ്തത വിദേശരാജ്യങ്ങളില്‍ നിന്ന് മനുഷ്യ വിഭവം കടം കൊള്ളുന്നത് അവരുടെ ഒരു ആവശ്യമാക്കി മാറ്റി. ഇത് മനുഷ്യരുടെ കാര്യത്തില്‍ നമുക്കുണ്ടായിരുന്ന അധിക വിഭവത്തിന് ഒരു വിപണി ആവുകയായിരുന്നു.

ഈ കാലഘട്ടത്തിന്റെ തുടക്കത്തില്‍ കടല്‍ കടന്നവര്‍ ഏറെയും മലബാര്‍ മേഖലയില്‍ നിന്നുള്ള മുസ്‌ലിം സമുദായക്കാരായിരുന്നു. സാമ്പത്തികമായും സാമൂഹ്യമായും ഏറെ പിന്നോക്കാവസ്ഥയില്‍ ആയിരുന്ന മുസ്‌ലിം സമുദായത്തിന്റെ ഉന്നമനത്തിന് അതൊരു പുത്തന്‍ ഉണര്‍വും ദിശയും നല്‍കി. ഹിന്ദുക്കളുടെ ഇടയില്‍ തന്നെ പിന്നോക്ക വിഭാഗങ്ങളില്‍ പെട്ട തൊഴില്‍ ശിക്ഷണം നേടിയവരും അല്ലാത്തവരുമായ നിരവധി ചെറുപ്പക്കാര്‍ തുടര്‍ന്ന് പ്രവാസം സ്വീകരിക്കുകയും സ്വന്തം അദ്ധ്വാനശേഷിയാല്‍ സമാഹരിച്ച സമ്പത്തുപയോഗിച്ച് നവോത്ഥാനവും മാനവികതാപ്രസ്ഥാനങ്ങളും ഇടത് രാഷ്ട്രീയവും എല്ലാം ചേര്‍ന്ന് ഇതിനോടകം തന്നെ ഉലച്ചിരുന്ന കേരളീയ ഫ്യൂഡല്‍ വ്യവസ്ഥയ്ക്ക് കൂടുതല്‍ ശക്തമായ വെല്ലുവിളികള്‍ ഉയര്‍ത്തുകയും ചെയ്തു.

അറുപതുകളിലെയും എഴുപതുകളിലെയും സാഹിത്യവും സിനിമയും ഒക്കെ ആവിഷ്‌കരിക്കുന്ന തൊഴിലില്ലായ്മയും വറുതിയും പ്രേരകശക്തികളാകുന്ന അസ്തിത്വ അന്വേഷണങ്ങളുടെ പ്രമേയം എണ്‍പതുകളില്‍ മെല്ലെ വഴിമാറി തുടങ്ങി; കേരളത്തിലെ സാമൂഹ്യ ജീവിതവും.

വിദേശത്തുനിന്ന്, വിശിഷ്യാ ഗള്‍ഫില്‍ നിന്ന് വരുന്ന പണം രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തില്‍ മാത്രമല്ല, ആഭ്യന്തര വിപണിയിലും വന്‍ ഉണര്‍വ്വുകള്‍ ഉണ്ടാക്കി. ഭൂമിക്കച്ചവടത്തിലും, കെട്ടിട നിര്‍മ്മാണ വ്യവസായത്തിലും ഉള്‍പ്പെടെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തുറകളിലും വറുതി വിട്ടുള്ള ആ ഉണര്‍വ് പ്രകടമായിരുന്നു.

നവോത്ഥാനവും ഇടത് രാഷ്ട്രീയവും ചേര്‍ന്ന് പാകിയ സാമൂഹ്യ സാംസ്‌കാരിക അടിത്തറയില്‍ നിന്ന് പ്രവാസമുണ്ടാക്കിയ ജാതിക്കും മതത്തിനും അതീതമായ മാറ്റങ്ങളുടെ തുടര്‍ നിര്‍മ്മിതികള്‍ വലിയൊരു സാമൂഹ്യ വിപ്ലവമായി പരിണമിക്കുന്നത് അങ്ങനെയാണ്. ഒരുപക്ഷേ നവോത്ഥാന പ്രസ്ഥാനമോ ഇടത് രാഷ്ട്രീയമോ വിഭാവനം ചെയ്തതില്‍ ഉപരി കേരളീയ സമൂഹത്തിന് അതിന്റെ സമഗ്രാര്‍ത്ഥത്തില്‍ ചരിത്രത്തിന്, അതിന്റെ നിര്‍ദ്ധാരണ പ്രക്രിയയില്‍ വിണുകിട്ടിയ ഒരു ആനുകൂല്യമാകാം പ്രവാസം.

നിരപ്പാകാന്‍ തുടങ്ങുന്ന അന്തരങ്ങള്‍

ഗള്‍ഫ് പ്രവാസികളെ ഒരു സമൂഹമെന്ന നിലയിലെടുത്താല്‍ കേരളം കഴിഞ്ഞ നാലഞ്ച് പതിറ്റാണ്ടുകള്‍ കൊണ്ട് കൈവരിച്ച സാമൂഹ്യ, സാമ്പത്തിക പുരോഗതികളുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയ ഒന്നായി അത് മാറുന്നു എന്ന ആദ്യ നിരീക്ഷണത്തിന് ഇതിലധികം വിശദീകരണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

ഇന്ത്യയിലെ ഇതര പ്രദേശങ്ങളുമായി താരതമ്യം ചെയ്താല്‍ ജാതീയവും, ലിംഗപരവുമായ വിവേചനങ്ങളുടെ പ്രകടവും പ്രത്യക്ഷവുമായ രൂപങ്ങള്‍ ഇവിടെ ദുര്‍ലഭമായിരിക്കും. ഈ പറഞ്ഞതിന്റെ അര്‍ത്ഥം ഇവിടെ ഇതൊന്നുമില്ല എല്ലാം വെറുതേ പറഞ്ഞുണ്ടാക്കുന്നതാണ് എന്നല്ല.

ആനുപാതികമായ മെച്ചത്തെ അങ്ങനെതന്നെ കാണുകയും അതില്‍നിന്ന് മുമ്പോട്ട് പോവുകയുമാണല്ലോ വേണ്ടതും. ദളിതര്‍ക്ക് നടക്കാനാവാത്ത തെരുവുകളോ, വെള്ളം കോരിക്കൂടാത്ത കിണറുകളോ, അവര്‍ക്ക് പ്രത്യേകം കോപ്പകളില്‍ ചായകൊടുക്കുന്ന കടകളോ ഒന്നും ഇന്ന് കേരളത്തിന്റെ സാമൂഹ്യ ആചാരങ്ങളില്‍ ബാക്കിയില്ല. ബാലവിവാഹങ്ങളും, പെണ്‍ ഭ്രുണഹത്യയും സാധാരണമല്ല. സ്ത്രീ വിദ്യാഭ്യാസവും വിധവാ വിവാഹവുമൊക്കെ സാധാരണമായി കഴിഞ്ഞു താനും.

അതായത് ഇത്തരം സാമൂഹ്യ അസമത്വങ്ങള്‍ പ്രത്യക്ഷ തലം വിട്ട് പരോക്ഷമായ ഒരു അസ്തിത്വം തേടാന്‍ നിര്‍ബന്ധിതമായി; ഇല്ലാതായിട്ടൊന്നുമില്ലെങ്കില്‍ കൂടി. ഇതിന് കാരണമായി സാധാരണ പറയപ്പെടുന്ന കേരളീയ നവോത്ഥാനം, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, ഇടത് രാഷ്ട്രീയ മനസ്സ് തുടങ്ങിയ കാരണങ്ങള്‍ക്കൊപ്പം എണ്ണേണ്ട ഒന്നാണ് പ്രവാസം, അതിന്റെ ഏറ്റവും വലിയ തരംഗമായ ഗള്‍ഫ് പ്രവാസം സാധ്യമാക്കിയ സാമൂഹ്യ, സാമ്പത്തിക നിരപ്പാക്കലുകള്‍.

ദളിത്, മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന അദ്ധ്വാന ശേഷിയിലപ്പുറം ഒരുപാടൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബങ്ങളില്‍ പെട്ട മനുഷ്യര്‍ക്കും പ്രവാസം വഴി സാമ്പത്തിക ക്രയവിക്രയ ശേഷി കൈവന്നു. ആചാരപ്രകാരം അടുക്കളവിട്ട് പുറത്തിറങ്ങാന്‍ പാടില്ലാത്ത പെണ്ണുങ്ങള്‍ക്ക് മറ്റ് നിവൃത്തിയില്ലാത്ത ഭൗതീക സാഹചര്യങ്ങളില്‍ സാമൂഹ്യവും സാമുദായികവുമായ ഇളവുകള്‍ കിട്ടി തുടങ്ങി.

ഇതൊന്നും അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തില്‍ അത്ര സാധാരണമോ, സ്വാഭാവികമോ ആയ ഒന്നായിരുന്നില്ല. എല്ലാ സാമൂഹ്യ മാറ്റങ്ങള്‍ക്കും പിന്നില്‍ പ്രബലമായ ചില ഭൗതിക സാമ്പത്തിക കാരണങ്ങള്‍ ഉണ്ടാകും എന്ന മാര്‍ക്‌സിയന്‍ വീക്ഷണത്തിന് ഇത് അടിവരയിടുന്നു. ഇവിടെ ആ സാമ്പത്തിക കാരണം വലിയ ഒരളവുവരെ പ്രവാസം, ഗള്‍ഫ് പ്രവാസം ആയിരുന്നു.

ഈ വിഷയം ഗള്‍ഫ് പ്രവാസത്തിലെ രണ്ട് തരംഗങ്ങള്‍ തമ്മിലുള്ള വര്‍ഗ്ഗ വ്യത്യാസത്തെ വിശകലനം ചെയ്യുന്ന തുടരദ്ധ്യായത്തില്‍ കൂടുതല്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട് എന്നതിനാല്‍ തല്‍ക്കാലം ഇവിടെ നിര്‍ത്താം.

വെല്ലുവിളികള്‍

എന്നാല്‍ ഗള്‍ഫ് പ്രവാസികളുടെ ഒന്നാം തലമുറയുടെ ജീവിതം വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരുടെ കഴുത്തിലെ മാലയും, കയ്യിലെ ബ്രെയ്‌സ്ലെറ്റും പോലെ സുവര്‍ണ്ണമായ ഒന്നായിരുന്നില്ല. കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നായ ഒമാനിലെ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഇവിടത്തെ പാഠപുസ്തകങ്ങളിലുള്ള വിവരങ്ങളെ ഉദ്ധരിച്ച് എനിക്ക് പറയാനാവും; അറുപതുകളുടെ ഒടുക്കം വരെ ഇവിടെ ഏതാനും സ്‌കൂളുകളും ആശുപത്രികളും മാത്രമേ ഉണ്ടായിരുന്നുള്ളു.

മിക്ക ഗ്രാമങ്ങളിലും വൈദ്യുതിയോ, റോഡ് സൗകര്യമോ ഉണ്ടായിരുന്നില്ല. യാത്രകള്‍ക്ക് കഴുതയും, ഒട്ടകവും ആയിരുന്നു ആശ്രയം. അതായത് എഴുപതുകളില്‍ ഇവിടേക്ക് വന്ന പ്രവാസികളെ വരവേറ്റത് ഉഷ്ണകാലത്ത് 45-50 ഡിഗ്രി വരെയും ശൈത്യത്തില്‍ മൈനസ് വരെയും എത്തുന്ന കാലാവസ്ഥയും ശീതീകരണി പോയിട്ട് വിളക്ക് പോലും ഇല്ലാത്ത താമസസ്ഥലങ്ങളും ചികിത്സാ, വാര്‍ത്താവിനിമയ സൗകര്യങ്ങളുടെ ദൗര്‍ലഭ്യവും ഒക്കെ ചേരുന്ന ഒരു ക്ലേശപരിസരം ആയിരുന്നു.

പണ്ട് നമുക്ക് ഗള്‍ഫെന്നുപറഞ്ഞാല്‍ ഒരു ദുബൈ, ഏറിവന്നാല്‍ മസ്‌കറ്റ്. അതിലെ മസ്‌കറ്റിലെ അവസ്ഥയാണ് മുകളില്‍ പറഞ്ഞത്. ഏതാണ്ട് ഇതിനോട് സമാനമായിരുന്നു മറ്റ് ജി.സി.സി രാജ്യങ്ങളിലും. ഇതിനെയൊക്കെ അതിജീവിച്ചാണ് അവര്‍ മേല്‍പറഞ്ഞ സാമൂഹ്യമാറ്റത്തിന് ജന്മനാട്ടില്‍ നാന്ദി കുറിച്ചത് എന്നത് കേരളത്തിന്റെ ആധുനിക സാമൂഹ്യ ചരിത്രത്തില്‍ ഗള്‍ഫ് പ്രവാസി സമൂഹത്തിന്റെ പങ്ക് നിസ്സീമവും ത്യാഗോജ്വലവുമാക്കുന്നു.

സമഗ്രമായ സാമൂഹ്യ സാംസ്‌കാരിക മാറ്റങ്ങള്‍ ഉല്‍പാദിപ്പിക്കാന്‍ പോന്നത്ര വ്യാപ്തിയുണ്ടായ ഒരു പ്രസ്ഥാനം എന്ന നിലയില്‍ ഏതാണ്ട് അന്നുമുതല്‍ക്കേ ഗള്‍ഫ് പ്രവാസത്തിനും, അതുണ്ടാക്കിയ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക പ്രത്യാഘാതങ്ങള്‍ക്കും എതിരേ ഉള്ള യാഥാസ്ഥിതിക വിമര്‍ശനങ്ങളും പ്രബലമായിരുന്നു.

സ്വയം ഇരവേഷം കെട്ടിയ ഫ്യൂഡല്‍ ഗൃഹാതുരത്വത്തിന്റെ സാംസ്‌കാരിക നിര്‍മ്മിതികള്‍ എന്ന നിലയില്‍ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട് വസ്തുവാങ്ങി വീട് വെക്കുകയും, പട്ടിണിയില്ലാതെ ജീവിക്കുകയും ചെയ്യുന്നവരെ ‘പുത്തന്‍ പണക്കാരെന്നും’ ‘അര്‍ത്ഥരാത്രിയ്ക്ക് കുടപിടിക്കുന്ന അല്പന്മാരെന്നും’ ചിത്രീകരിച്ചുകൊണ്ടുള്ള വിലാപങ്ങള്‍ മെല്ലെമെല്ലെ ഉച്ചസ്ഥായിയില്‍ എത്തി. അതിനെ ഉറപ്പിക്കാന്‍ സ്വത്തും വകകളും അല്ല, പാരമ്പര്യവും, അതിലൂടെ മാത്രം ആര്‍ജ്ജിക്കാവുന്ന തറവാടിത്തവുമാണ് സംസ്‌കാരത്തെ നിര്‍ണ്ണയിക്കുന്നതെന്ന സിദ്ധാന്തം ഉണ്ടായി. (മുമ്പ് അതിന്റെ ആവശ്യമുണ്ടായിരുന്നില്ല, പാരമ്പര്യമില്ലാതെ അന്ന് സ്വത്തേ ഉണ്ടാകുമായിരുന്നില്ലല്ലോ!)

(തുടര്‍ന്നു വരുന്ന ഭാഗങ്ങള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും)

Advertisement