എഡിറ്റര്‍
എഡിറ്റര്‍
മഞ്ചുവ്യക്തിയുടെ നന്മകാണ്ഡവും പിഞ്ച് കുഞ്ഞുങ്ങളുടെ കഷ്ടകാണ്ഡങ്ങളും,,!
എഡിറ്റര്‍
Tuesday 7th March 2017 6:50pm

 

നന്നായി വായിക്കുകയും അങ്ങനെ കിട്ടുന്ന അറിവ് സരളവും പ്രചോദനകരവുമായി മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്ന ഒരുപാട് പേര്‍ ഈ ലോകത്തുണ്ട്. എന്നാല്‍ ഒപ്പം ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് വായിച്ചിട്ട് പൈസയ്ക്ക് ആവശ്യം വരുമ്പോള്‍ ഒരു കെളവിയെ കൊല്ലുന്നതൊക്കെ ഓകെയല്ലേ എന്ന് ചോദിക്കുന്നവര്‍ തൊട്ട് മാര്‍കിസ് ദേ സാദ് വായിച്ചിട്ട് റേപ്പല്ലേ യഥാര്‍ത്തത്തില്‍ പ്രകൃതിസഹജമായ ലൈംഗീകാവിഷ്‌കാരം എന്ന് ചോദിക്കുന്നവര്‍ വരെ ഉള്‍പ്പെടുന്ന ഒരു ‘വായനാ സമൂഹ’ വും ഉണ്ട്.

ഈ രണ്ട് വിഭാഗവുമായി ഇടപെട്ട അനുഭവത്തില്‍ നിന്ന് ഈ പുസ്തകം വായിച്ചാല്‍ അത് നിങ്ങളെ വേറൊരു മനുഷ്യനാക്കി തീര്‍ക്കും എന്ന എം കൃഷ്ണന്‍ നായര്‍ ലൈന്‍ ശുഭാപ്തിവിശ്വാസങ്ങള്‍ക്ക് ഈ പുസ്തകം നിങ്ങളെ പോലെ ചിലര്‍ വായിച്ചാല്‍ പുസ്തകവും നിങ്ങളെ പോലൊരു ദുരന്തമായി തീരുമെന്ന പാരഡി തീര്‍ത്തതും പ്രീഡീഗ്രീ കാലത്തെ തമാശയായിരുന്നു. പക്ഷേ അത്തരമൊരു വിഭാഗത്തിന്റെ ‘വിടലുകള്‍’ പോലും ഗൗവരമുള്ള ‘സാംസ്‌കാരിക’സംവാദ’ ങ്ങളായ് എടുത്ത് മുഖ്യധാരാ മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്യുന്ന ഒരു കാലം വരും എന്ന് അന്ന് മനസിലായിരുന്നില്ല. ആ തിരിച്ചറിവും ബോധോദയവും സിദ്ധിക്കുന്നത് ഈ മദ്ധ്യവയസ്സില്‍ ആണെന്ന് മാത്രം!


Also read:  മഞ്ച് ഒരു മാരകായുധമാണ്..!


പറഞ്ഞുവരുന്നത് ഫെയ്‌സ്ബുക്കില്‍ വന്ന ഒരു സ്വയം പ്രഖ്യാപിത പെഡോഫയലിന്റെ ഒരു കമന്റില്‍ തുടങ്ങി പിന്നെ ഫൂക്കോയെയും, നീഷേയെയും, കമ്യുവിനെയും ഒക്കെ വലിച്ചിഴച്ച് പെഡോഫീലിയയെ ന്യായീകരിക്കുന്ന തലം വരെ എത്തിയ വാചക കസര്‍ത്തിനെ കുറിച്ചാണ്. അത് മാതൃഭൂമി പോലൊരു ചാനല്‍ ചര്‍ച്ച ചെയ്യാന്‍ എടുത്തതോടെ ഇനി അതും ഒരു ന്യായമായ ലൈംഗീക ചോദനയാണോ എന്ന് വര്‍ണ്യത്തില്‍ ആശങ്കപ്പെടാനും ആളുകളായി.

ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സാധാരണ ഗതിയില്‍ അവഗണിക്കപ്പെടേണ്ടത് മാത്രമായ ഈ വിവാദത്തില്‍ വിശദമായി ഒരു കുറിപ്പ് എഴുതാം എന്ന് വച്ചത്.

ന്യായീകരണങ്ങള്‍

ഇവിടെ പരമര്‍ശിക്കപ്പെട്ട പെഡോഫയലിനെ വ്യക്തി എന്ന നിലയില്‍ ന്യായീകരിക്കുക എന്ന പൊതു ലക്ഷ്യം മാറ്റിവച്ചാല്‍ പൊതുവായി ഒന്നുമില്ലാത്തവയാണ് ഉയര്‍ന്നുകേള്‍ക്കുന്ന വാദങ്ങള്‍ എന്ന് മാത്രമല്ല അവ പലതും പരസ്പര വിരുദ്ധങ്ങളുമാണ്. എന്നാലും അവയില്‍ പ്രമുഖം ഒരു പെഡോഫയലിന്റെ പക്ഷത്തുനിന്ന് ചിന്തിച്ച് നോക്കി എന്നതല്ലാതെ പ്രസ്തുത കമന്റിട്ട ഫര്‍ഹാദ് എന്ന ചെറുപ്പക്കാരന്‍ അത്തരം ഒരു കൃത്യം ചെയ്യില്ല എന്ന ‘അവനെ അറി’യാമെന്ന് അവകാശപ്പെടുന്നവരുടെ വാദമാണ്. അയാള്‍ പറയാന്‍ ശ്രമിച്ചത് എഴുതിവന്നപ്പോള്‍ മറ്റെന്തോ ആയിപ്പോയതാണ് എന്ന് പറയുന്നവരും ഉണ്ട്.

എന്നാല്‍ ഫര്‍ഹാദ് പിന്നീട് എഴുതിയ ഒരു കുറിപ്പിലൂടെ അയാള്‍ പറയാന്‍ ഉദ്ദേശിച്ചത് കൃത്യമായി പറയുന്നുണ്ട്. അത് ”പീഡോഫീലിയ സെക്ഷ്വാലിറ്റി അല്ലപോലും! ഹാ കൊള്ളാം.. ‘ എന്ന വ്യാക്ഷേപകത്തിലുണ്ട്. പെഡോഫീലിയയെ അയാള്‍ ഒരു സ്വാഭാവിക ലൈംഗീക ചോദനയായി കാണുകയും അംഗീകരിക്കുകയും അതിനെതിരേ നടക്കുന്ന നിയമപരവും സാംസ്‌കാരികവുമായ എല്ലാ പ്രവര്‍ത്തനങ്ങളെയും വ്യക്തിഗത ലൈംഗീകതയ്ക്ക് മേല്‍ നടക്കുന്ന സ്റ്റേറ്റിസ്റ്റ് അധിനിവേശമായി കാണുകയും ചെയ്യുന്നു. എന്നാല്‍ അതേ സമയം അത്തരം ഒരു കൃത്യം താന്‍ ചെയ്യില്ല എന്ന് ആണയിടുന്നുമുണ്ട്: സംഗതികള്‍ കൈവിട്ട് പോകുന്ന ഒരു അവസ്ഥയിലേയ്ക്ക് നിങ്ങുമ്പോള്‍. അദ്ദേഹം പറയുന്നു,

”മറ്റൊന്ന്, ഞാനീ സോഷ്യല്‍ റിയാലിറ്റിയെ അഡ്രസ് ചെയ്യാന്‍ വേണ്ടി മാത്രമാണ് സുദീപിന്റെ പോസ്റ്റിനടിയില്‍ First പൊസിഷന്‍ സ്വീകരിക്കുന്നത്. അതെന്റെ പ്രവര്‍ത്തിയല്ല. അങ്ങനെയൊരു കുട്ടിയുമില്ല. ‘

എന്നാല്‍ ഇത് താന്‍ ഒരു അടവ് എന്ന നിലയ്ക്ക് സ്വീകരിച്ച നിലപാടാണെന്ന ഒരു സൂചന പിന്നീട് വരുന്നുമുണ്ട്. ”ഫ്രോയിഡ് പറഞ്ഞ ലൈംഗികതയുടെ ആത്മീയഭാവമെന്ന് ഞാന്‍ പറഞ്ഞാല്‍ മിണ്ടാതിരിക്കാനേ നിനക്കൊക്കെ തരമുള്ളൂ”. സാമാന്യ വിവരമുള്ളവര്‍ മനശാസ്ത്രത്തെ കുറിച്ച് സംസാരിക്കുന്ന ഇടത്തില്‍ നിന്ന് ഫ്രോയ്ഡ് സ്റ്റാന്‍ഡ് വിട്ട് പോയിട്ട് പതിറ്റാണ്ടുകളായി എന്നത് അവിടെ നില്‍ക്കട്ടെ. സംഭവം പെഡോഫീലിയയെ സ്വാഭാവിക ലൈംഗീക ചോദനയായി അംഗീകരിക്കുമ്പോഴും ആ കൃത്യത്തില്‍ നിന്ന് പുള്ളി ഭദ്രമായി മാറിനിന്ന് സ്വന്തം തടി കയിച്ചിലാക്കുന്നു എന്നത് മാത്രമാണ്. ഫ്രോയിഡിനെ കൂടി ഉദ്ധരിച്ചാല്‍ കഞ്ഞുകുടി മുട്ടും എന്നതിനാല്‍ അത് പുള്ളി ചെയ്യാതിരിക്കുന്നുവെന്നേ ഉള്ളു!

ഇനിയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളൊട് തോന്നുന്ന തീവ്ര ലൈംഗീക ആകര്‍ഷണത്തെ ഒരു രോഗമെന്നല്ലാതെ കുറ്റകൃത്യമാണെന്ന് നിലവിലുള്ള നിയമവും സ്റ്റേറ്റും പോലും വാദിക്കുന്നില്ല. അപ്പോള്‍ പിന്നെ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്ന നിഷ്‌കളങ്കര്‍ ഉണ്ടാകുമോ? അത് പോട്ടെ, ഇത് എന്താ ഇപ്പോ പ്രശ്‌നം?

അത് ഈ ചെറുപ്പക്കാരനും അയാളുടെ വാദങ്ങളെ ആഘോഷിക്കുന്നവരും ചേര്‍ന്ന് പെഡോഫീലിക് ആയ മനോനിലയെ ലെജിറ്റിമൈസ് ചെയ്യുന്നു എന്നതാണ്. ഒരാശയത്തെ സാംസ്‌കാരികമായി മുന്നോട്ട് വയ്ക്കുന്നതില്‍, അതിനെ പിന്‍പറ്റി ഒരു സംവാദത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ എന്താണ് തെറ്റ് എന്നതാവും അപ്പോള്‍ മറുചോദ്യം. അയാള്‍ ന്യായമെന്ന് കാണുകയും സൈദ്ധാന്തികമായി പിന്തുണയ്ക്കുകയും ചെയ്യുന്ന ആ കൃത്യം പക്ഷേ അയാള്‍ ചെയ്തിട്ടില്ല. ആ കുട്ടിയുമില്ല, മഞ്ചുമില്ല. പിന്നെന്തിനീ വേദനകള്‍?

ഫെമിനിസ്റ്റ് പിന്തുണകള്‍

സൈബര്‍ മീഡിയയില്‍ ഫെമിസ്റ്റുകളായി സ്വയം അടയാളപ്പെടുത്തുകയും ഫെമിനിസ്റ്റ് പരിപ്രേക്ഷ്യത്തില്‍ നിന്ന് നടന്ന പല സമരങ്ങളിലും മുന്‍ നിരയില്‍ നില്‍ക്കുകയും ചെയ്ത ചില ഫെമിനിസ്റ്റുകള്‍ പോലും ഈ വാദത്തെ പിന്തുണയ്ക്കുന്നു എന്നതാണ് ഈ വിവാദത്തില്‍ ഏറ്റവും വിചിത്രമായി അനുഭവപ്പെട്ടത്. ചിലര്‍ എന്നത് പ്രത്യേകം അടിവരയിടുന്നു. കാരണം ഇതിനെതിരെ ഉയര്‍ന്നുവന്ന സാംസ്‌കാരിക ചെറുത്ത്‌നില്‍പ്പിന് നേതൃത്വം നല്‍കിയതും ഇവിടെ തന്നെയുള്ള ഫെമിനിസ്റ്റ് സ്ത്രീ ശബ്ദങ്ങള്‍ തന്നെയാണ്. പറഞ്ഞുവരുന്നത് അവരെ കുറിച്ചല്ല, മറിച്ച് ഇതിന് പിന്തുണ നല്‍കിയ മറുകൂട്ടത്തെയും മറ്റ് കോണ്ടക്സ്റ്റുകളില്‍ ഉയര്‍ത്തികണ്ട വാദങ്ങളും ഇപ്പോള്‍ അവര്‍ എടുക്കുന്ന നിലപാടും തമ്മിലുള്ള വൈരുദ്ധ്യത്തെയും കുറിച്ചാണ്.

കേവലം വ്യക്തികളെ, അതും ആനന്ദ് ‘ഗോവര്‍ദ്ധനന്റെ യാത്രകള്‍” എന്ന തന്റെ നോവലിലൂടെ വരച്ച് കാട്ടുമ്പോലെ പരുവം ഒത്ത കഴുത്തുള്ള വ്യക്തികളെ മാത്രം ശിക്ഷിച്ചുകൊണ്ട് വ്യവസ്ഥ അതിന്റെ അധികാര താല്പര്യങ്ങളെ നിലനിര്‍ത്തിപോരുന്ന തന്ത്രത്തെ കുറിച്ച് ഇന്ന് നമുക്ക് അറിയാം. അത് സ്ത്രീകള്‍ക്ക് എതിരേ നടക്കുന്ന പീഡനങ്ങളില്‍ സ്റ്റേറ്റും, സമുദായങ്ങളും ഒക്കെ ഉള്‍പ്പെടുന്ന പേട്രിയാര്‍ക്കിക് അധികാര സമുച്ചയത്തെ, അതിന്റെ പ്രവര്‍ത്തനത്തെ തുറന്ന് കാട്ടിയ സ്ത്രീപക്ഷ ചിന്തയുടെ ഒരു സംഭാവനയാണ്. അതിനെ ഉപജീവിച്ച് ഈ വ്യവസ്ഥയെ അംഗീകരിക്കുന്ന ഒരോ പുരുഷനിലും ഒരു പരോക്ഷ സ്ത്രീ പീഡകന്‍, ബലാല്‍സംഗി ഉണ്ട് എന്ന് ശരിയായി തന്നെ അവര്‍ സാമാന്യവല്‍ക്കരിച്ചതും നമ്മള്‍ കേട്ടിട്ടും വായിച്ചിട്ടും ഉണ്ട്.

അതായത് പേട്രിയാര്‍ക്കിയെ അനുകൂലിക്കുന്നവരായി ലോകത്ത് ജീവിച്ചിരിക്കുന്ന പുരുഷന്മാരൊക്കെയും ആ സ്ഥാപനം ലെജിറ്റിമൈസ് ചെയ്യുന്ന ബലാല്‍സംഗം ഉള്‍പ്പെടെയുള്ള സ്ത്രീ പീഡനത്തിന്റെ വിവിധ രൂപങ്ങളില്‍ വ്യക്തിപരമായി കര്‍തൃത്വം നിര്‍വഹിച്ചിട്ടുണ്ട് എന്നതുകൊണ്ടല്ല ഈ വിമര്‍ശനം. അങ്ങനെയെങ്കില്‍ അതിന് സ്ഥിതിവിവര കണക്കുകളും അറസ്റ്റ് രേഖകളും, കോടതി വിധി പകര്‍പ്പുകളും ഒക്കെ കാണുമല്ലോ. സ്ത്രീ പീഡനത്തിന്റെ കര്‍തൃത്വം അത് ഒരു കൃത്യമെന്ന നിലയ്ക്ക് ചെയ്ത, കുറ്റം തെളിഞ്ഞ് ശിക്ഷിക്കപ്പെട്ട വ്യക്തികളിലേക്ക് മാത്രമായി ചുരുക്കാന്‍ പറ്റില്ല എന്ന് വ്യക്തം. ഇത് ഫെമിനിസം കാലാകാലങ്ങളായി പറഞ്ഞുവരുന്നതും നമ്മള്‍ മേല്പറഞ്ഞ ‘ചില’ ഫെമിനിസ്റ്റുകളും പലവട്ടം പിന്‍പറ്റിയിട്ടുള്ള ഒരു സാംസ്‌കാരിക ദര്‍ശനമാണ്. ക്രിമിനല്‍ റെക്കോഡല്ല. അപ്പോള്‍ കൃത്യം ചെയ്തിട്ടില്ല എന്നതിനാല്‍ കുറ്റക്കാരുമല്ല, മറിച്ച് ഹാഷ്ടാഗ് ക്യാമ്പയ്‌നുകള്‍ വഴി കൂടെ നിര്‍ത്തപ്പെടെണ്ടവരാണെന്ന വാദത്തിലെ യുക്തി എന്താണാവോ?

ചെയ്യാതെ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ അതിവിദൂരമല്ലാത്ത ഒരു കാലഘട്ടത്തില്‍ സമൂഹത്തിന്റെയും വ്യവസ്ഥയുടെയും ഭരണകൂടത്തിന്റെയും സമ്മതത്തോടെ നിലനിന്ന ഒന്നായിരുന്നു ഇന്ന് പെഡോഫീലിയ എന്ന് വിളിക്കപ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായുള്ള ലൈംഗീക ബന്ധം. എന്നുവച്ചാല്‍ ഇതില്‍ അങ്ങനെ രേഖീയമായ ഒരു സര്‍വ്വകാല വിപ്‌ളവമൊന്നും ഇല്ലെന്ന്. ശൈശവ വിവാഹം പോലെയുള്ള ചടങ്ങുകളെ മാറ്റിവച്ചാലും പ്രായപൂര്‍ത്തി എന്ന ജൈവ പ്രതീകത്തെ മാത്രം മുഖവിലയ്ക്ക് എടുത്ത് വിവാഹം ചെയ്ത് അയക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ആയിരുന്നു ഇതിന്റെ ഇരകള്‍ എന്നത് ഇന്ന് തര്‍ക്കിക്കേണ്ട ഒരു വിഷയമാണെന്ന് തോന്നുന്നില്ല.

പത്തും പന്ത്രണ്ടും വയസ്സ് മുതല്‍ക്ക് ‘വയസ്സറിയിച്ച്’ തുടങ്ങുന്ന പെണ്‍കുട്ടികള്‍ ഒക്കെയും ലൈംഗീക ബന്ധത്തിന് സജ്ജരാണെന്നും അവരുമായി ലൈഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നത് ന്യായമാണെന്നും അതിന്മേല്‍ ഉള്ള നിയന്ത്രണങ്ങള്‍ സ്റ്റേറ്റിസ്റ്റ് ഹിംസകളാണെന്നും ഒക്കെയുള്ള സ്ഥിരം പോ മോ തമാശകള്‍ കേട്ട് ചെടിച്ചിരിക്കുന്നു. ഈ വ്യവസ്ഥയുടെ ലെജിറ്റിമൈസേഷന്‍ വഴി ഗര്‍ഭവും, ശിശുപരിപാലനവും ഒക്കെയായി സ്വന്തം വ്യക്തിത്വവികാസം മുളയിലേ മുരടിച്ച് പോയ പെണ്‍കുട്ടികളുടെ തലമുറകളെ ഒറ്റപ്പെട്ട അപവാദങ്ങള്‍ നിരത്തി ന്യായീകരിക്കാനുമാവില്ല. അത് ഒരു വസ്തുതയാണ്. സ്ഥിതിതിവിവര കണക്കുകളുടെ പിന്തുണയുള്ള ഒന്ന്, വെറും വാചാടോപമല്ല.

ഈ സാമൂഹ്യ യാഥാര്‍ത്ഥ്യത്തെ കേവലമായ വ്യക്തിവാദ വാചക കസര്‍ത്തുകള്‍ കൊണ്ട് തമസ്‌കരിക്കുവാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരു ഫര്‍ഹാദും പുള്ളിയുടെ ആളും ആ നാല്പത് പേരും ചേര്‍ന്ന് നടത്തുന്ന ഒരു ഏര്‍പ്പാടാണെന്ന് കാര്യങ്ങളെ ചുരുക്കാനാവാത്തതും ഇതുകൊണ്ടൊക്കെയാണ്.

ആര്‍ ഒറ്റപ്പെട്ടാലും കൂടെ നില്‍ക്കും

ഉത്തരം മുട്ടുന്ന മുറയ്ക്ക് ഇത്തരം പെഡോഫയല്‍ അനുകൂല സിദ്ധാന്ത നിര്‍മ്മാണം ഗതികെട്ട് ചെന്ന് കയറുന്നത് ഒറ്റപ്പെട്ടവരുടെ കൂടെ നില്‍ക്കുകയാണ് രാഷ്ട്രീയം എന്ന സാമാന്യവല്‍ക്കരണത്തിലാണ്.പെഡോഫയലുകള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട ഒരു അധികാര സ്ഥാപനത്തിന്റെയും പ്രത്യക്ഷ പിന്തുണയില്ലാത്ത ഒരു വിഭാഗം വ്യക്തികളാണ്. ആ നിലയ്ക്ക് അവര്‍ ഒരു ലൈംഗീക ന്യൂനപക്ഷമാണ്. അവര്‍ക്ക് ഒപ്പം നില്‍ക്കുക എന്നത് മറ്റേത് ലൈംഗീക, മത, വംശീയ, സാമുദായിക ന്യൂനപക്ഷത്തിനും ഒപ്പം നില്‍ക്കുന്നത് പോലെയാണ്.അതായത് ന്യൂനപക്ഷം അതില്‍ തന്നെ ഒരു ശരിയാണ് എന്നിങ്ങനെ വളവളാ പോകുന്നു സാംസ്‌കാരിക യുക്തികളായി തെറ്റിദ്ധരിപ്പിക്കപ്പെടുന്ന അതിന്റെ മുട്ടാപ്പോക്കുകള്‍.

ഇവിടെയുള്ള ഒരു പ്രശ്‌നം ലൈംഗീകതയിലേയ്ക്ക് എത്തുമ്പോള്‍ ഉപകരണങ്ങള്‍ ഉപയോഗിച്ചും അല്ലാതെയുമുള്ള സ്വയംഭോഗ സാദ്ധ്യതകളെ മാറ്റി നിര്‍ത്തിയാല്‍ രതി രണ്ട് വ്യക്തികള്‍ക്ക് ഇടയില്‍ നടക്കേണ്ടുന്ന ഒന്നായി മാറുന്നു എന്നതാണ്. പെഡോഫയല്‍ ഒരു ലൈംഗീക ന്യൂനപക്ഷമാണെന്ന് സമ്മതിച്ചാല്‍ തന്നെ അയാള്‍ തന്റെ ന്യൂനപക്ഷ ലൈഗീകതയുടെ ആവിഷ്‌കാരത്തിനായി ഉപയോഗിച്ച മറ്റേ ഉടലോ?

ഗോവിന്ദ ചാമി അംഗഭംഗം മുതല്‍ പ്രവാസം വരെയുള്ള പലതരം പ്രതികൂലതകളിലൂടെ ജീവിച്ച ഒരാളാണ്. സൗമ്യ അതുമായി താരതമ്യം ചെയ്യുമ്പോള്‍ ലിംഗപരമൊഴിച്ച് നിര്‍ത്തിയാല്‍ മറ്റ് നിരവധി പ്രിവിലെജുകളുള്ള ഒരു മദ്ധ്യവര്‍ഗ്ഗ ഉടലും. അപ്പോള്‍ ഈ യുക്തി അനുസരിച്ച് പ്രിവിലെജുകളല്ല, അവയുടെ രാഹിത്യത്തില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചാമിക്ക് സൗമ്യയോട് തോന്നിയ ആകര്‍ഷണം ജൈവമല്ലേ. വ്യക്തിക്ക് അനുഭവപ്പെടുന്ന എന്തും സ്വാഭാവികമാണെന്നാണ് വാദം.

ഫര്‍ഹാദ് തന്നെ ആശ്ചര്യപ്പെടുന്നത് ‘ ഇല്ലാത്ത കുഞ്ഞിന്റെ കണ്‍സെന്റിനെപ്പറ്റി ആരും ആകുലപ്പെടുന്നില്ലെന്നത് കൗതുകകരമാണ്. എന്നാല്‍ ഒരു ശരീരത്തെ ലൈംഗികതയില്‍ നിന്നും മാറ്റിനിര്‍ത്തുന്നതില്‍ പൊതുവിന് അസ്വാഭാവികത തോന്നുന്നില്ലതാനും. ‘ എന്നാണ്. എന്നാല്‍ ഒരു ശരീരം അതിന്റെ ലൈംഗീകതയുമായി ചേര്‍ന്ന് നിന്ന് വ്യക്തിതലത്തില്‍ അതിന്റെ ചോദനയെ നിറവേറ്റാന്‍ ശ്രമിച്ചാല്‍ അതില്‍ മറ്റൊരു ഉടലുകൂടി ബൈ ഡീഫോള്‍ട്ട് വന്നുചേരും എന്നതാണ് പ്രശ്‌നം. അല്ലാതെ ”അപാരമായ പെര്‍വെര്‍ഷനും ഭാവനയുമുള്ള ഒരുത്തന്‍ അവന്റെ മാത്രമായ ചിന്തകള്‍ ‘ അവനവനുമായി ‘ പങ്കുവെക്കുമ്പോള്‍” സംഭവിക്കുന്ന സ്വയംഭോഗരസത്തെ ഒളിഞ്ഞ് നോക്കി ഉണ്ടായതല്ല വിമര്‍ശനങ്ങള്‍.

ഒരുപറ്റം പൊതു നിയമങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട പൊതു സ്ഥലത്ത് ആ നിയമങ്ങളുടെ നഗ്‌നമായ ലംഘനം നടന്നാല്‍ അത് ചോദ്യം ചെയ്യപ്പെടും. അതിനെ സ്റ്റേറ്റിസ്റ്റ് ഹിംസ എന്നൊക്കെ വിളിക്കുന്നതിനുമുമ്പ് അധികാരം എന്നത് ആധുനിക നേഷന്‍ സ്റ്റേറ്റ് ഉണ്ടാക്കിയ ഒന്നാണോ എന്ന് കൂടി ആലോചിക്കണം.

മനുഷ്യര്‍ അതിജീവനബന്ധിയായ എളുപ്പങ്ങള്‍ക്കായി രൂപീകരിച്ചത് എന്ന നിലയ്ക്ക് ജൈവമാണ് കൂട്ടായ്മയുടെ എല്ലാ രൂപങ്ങളും. അതില്‍ അനിവാര്യമായി വന്നുചേരുന്ന ഒന്നാണ് അധികാരം എന്നത്. ആധുനിക നേഷന്‍ സ്റ്റേറ്റിനുമുമ്പും അത് നിലനിന്നിരുന്നു.

യഥാര്‍ത്ഥത്തില്‍ അതിലെ അധികാരത്തെ നൈതീക പക്ഷത്തുനിന്ന് മനുഷ്യന്‍ മെരുക്കിയതിന്റെ ചരിത്രം കൂടിയാണ് സ്റ്റേറ്റിന്റെ ചരിത്രം. എന്നുവച്ച് അത് അതില്‍ തന്നെ സമ്പൂര്‍ണ്ണമാണെന്നല്ല. പൊതുബോധത്തെ ധൈഷണികമായി ചോദ്യം ചെയ്ത വ്യക്തികള്‍ തന്നെയാണ് അതിന്റെ ധനാത്മക പരിണാമങ്ങള്‍ക്ക് വഴിമരുന്നായതും. എന്നുവച്ച് അവരുടെ പോരാട്ടങ്ങള്‍ ആവശ്യത്തിനനുസരിച്ച് തൊള്ളതുറക്കുന്ന, സ്വിച്ചിട്ടപോലെ നില്‍ക്കുന്ന നിലവിളികള്‍ ആയിരുന്നു എന്ന് പറയരുത്.

നിയമ ലംഘനമൊക്കെ ഒരു പ്രസ്ഥാനമായി തന്നെ നടന്ന ഒരു ചരിത്രവും നമുക്കുണ്ട്. പക്ഷേ അവരൊന്നും പൂര്‍ണ്ണമായ ബോദ്ധ്യത്തോടെ കൃത്യം എന്ന നിലയ്ക്ക് തന്നെ ലംഘിച്ച നിയമങ്ങളെ ചൊല്ലി ഇരവാദം ഉന്നയിച്ച് വന്ന് കേട്ടിട്ടില്ല. ഇനി സ്റ്റേറ്റിലും മനുഷ്യരിലും അവരുടെ സഞ്ചിത ചരിത്ര നിര്‍ദ്ധാരണ പ്രക്രിയയിലും ഒന്നും ഒരു വിശ്വാസവുമില്ലാത്ത, അവയുമായി സംവാദത്തിനേ ഇല്ലാത്ത വ്യക്തിവാദികള്‍ എന്തുചെയ്യണമെന്ന് ചോദിച്ചാല്‍ അവര്‍ക്ക് സമൂഹത്തെ ബഹിഷ്‌കരിക്കാം. വിനിമയങ്ങള്‍ വേണ്ട എന്ന് വയ്ക്കാം. അങ്ങനെ പൊതുബോധത്തെ, മനുഷ്യരെ, മാനവികതയെ, അതിന്റെ ചരിത്രത്തെ ഒക്കെ ഒറ്റയടിക്ക് അങ്ങ് ബ്‌ളോക്ക് ചെയ്യാം. ഇവര്‍ നിരന്തരം സ്വന്തം ധാര്‍ഷ്ട്ര്യത്തിലൂടെ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതും ഒരിക്കലും ചെയ്യാത്തതും ആയ കാര്യം ഇതാണ്.

അതായത് തെറിവിളികളിലൂടെ തഴയ്ക്കുന്ന ഒരു വ്യവസായമാണിത്. തല്ലും, കൊല്ലും എന്നൊക്കെ പറഞ്ഞ് ഇറങ്ങുന്നതിനുമുമ്പ് ഇതിനെ ചെറുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നുകൂടി ചിന്തിക്കണം. ഇത് ഏതാനും കുറേ ‘അമാനവര്‍’ സ്വന്തം ചിന്തയുടെ കുപ്പായം പൊക്കി നോക്കിയപോള്‍ ഉണ്ടായ വിവാദമല്ല. അത് ഇങ്ങനെ ആഴ്ചകളോളം നിലനില്‍ക്കില്ല. കഥയറിയാതെ ആട്ടം കാണുന്നവര്‍ ഉണ്ടാകാം എന്നതിനാല്‍ അങ്ങനെ വേണം അത് കാണാന്‍ എന്ന് സിദ്ധാന്തമുണ്ടാക്കാന്‍ പറ്റില്ലല്ലോ.

Advertisement