എഡിറ്റര്‍
എഡിറ്റര്‍
ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗം: വിമര്‍ശനങ്ങളും വസ്തുതയും
എഡിറ്റര്‍
Monday 12th June 2017 4:34pm

 


ഒരു നല്ല ശതമാനം മനുഷ്യര്‍ പ്രവാസം വഴി ലഭിച്ച വരുമാനം ഉപയോഗിച്ച് ആത്മാഭിമാനമുള്ള ജീവിതം നയിക്കാന്‍ തുടങ്ങി. സ്വാഭാവികമായും അതില്‍ ദളിതരും മതന്യൂനപക്ഷങ്ങളും ഒക്കെ പെടും. കേരളത്തില്‍ സവര്‍ണ്ണ മാടമ്പിത്തത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ പല ചരിത്രസംഭവങ്ങളില്‍ ഒന്ന് പ്രവാസം, ഗള്‍ഫ് പ്രവാസം കൂടിയാണ് .


 

 

ഒറ്റപ്പെട്ട അപവാദങ്ങള്‍ മാറ്റിവച്ചാല്‍ ഗള്‍ഫ് പ്രവാസത്തിന്റെ ഈ കാലഘട്ടത്തില്‍ കടല്‍ കടന്ന് അറേബ്യയില്‍ എത്തിയവര്‍ നല്ലൊരു ശതമാനവും നിര്‍മ്മാണ മേഖലയില്‍ പണിയെടുക്കുന്നവരായിരുന്നു. സുശിക്ഷിതരായ തൊഴിലാളികള്‍ തൊട്ട് ചെറുപ്പവും ആരോഗ്യവും മാത്രം കൈമുതലായവര്‍വരെയുണ്ട് ഇതില്‍.


ഈ ലേഖനത്തിന്റെ ആദ്യ രണ്ട് ഭാഗങ്ങള്‍ ഇവിടെ വായിക്കാം 

ഒന്നാം ഭാഗം രണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം 

രണ്ടാം ഭാഗം രണ്ട്- അറബിപ്പൊന്നും കുറയുന്ന അകലങ്ങളും


അവരുടെ അദ്ധ്വാനം വഴി ഉണ്ടായ സാമ്പത്തിക പുരോഗതി നാട്ടില്‍ കുടുംബങ്ങളെ ഒരു സാമ്പത്തിക മദ്ധ്യവര്‍ഗ്ഗ പദവിയിലേയ്ക്ക് ഉയര്‍ത്തി. അത് പക്ഷേ പലരും നിരീക്ഷിക്കുന്നത് പോലെ നാട്ടിലാകെ വസ്തു വാങ്ങി കൂട്ടി റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ പരോക്ഷ പിണിയാളുകള്‍ ആയി മാറിക്കൊണ്ടൊന്നുമല്ല. ഒരു വസ്തുവാങ്ങി വീട് വയ്ക്കുക എന്ന മിനിമം ആവശ്യം പോലും ഈ വിഭാഗത്തില്‍ പലര്‍ക്കും ഒരു വിദൂര സ്വപനം തന്നെ ആയിരുന്നു.

എന്നാല്‍ കൃത്യമായി ഒരു തുക നാട്ടില്‍ എത്തിക്കുക വഴി അവരവരുടെ വീടുകളില്‍ നല്ല ഭക്ഷണം, വസ്ത്രം, കുട്ടികള്‍ക്ക് താരതമ്യേനെ നല്ല വിദ്യാഭ്യാസം ഒക്കെ നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞു. അങ്ങനെ അവരുടെ ആനുപാതികമായ ഒരു സാമൂഹ്യ ശ്രേണികയറ്റവും ജാതിമതഭേദമെന്യേ ബാഹ്യമായെങ്കിലും അവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമായി. അതായത് ഗള്‍ഫ് പ്രവാസത്തിന്റെ ആദ്യ തരംഗം നാട്ടില്‍ താരതമ്യേനെ ഭേദപ്പെട്ട സാമ്പത്തിക ക്രയവിക്രയ ശേഷിയുള്ള ഒരു ലോവര്‍ മിഡില്‍ ക്ലാസ്സിനെ സൃഷ്ടിച്ചു എന്ന് പറയാം.

ഇതേ തൊഴില്‍ നാട്ടില്‍ ചെയ്ത് ജീവിക്കുന്നവരുടെ കുടുംബത്തിലേയ്ക്ക് എത്തുന്ന തുകയിലും എത്രയോ വലിയ ഒന്ന് പ്രവാസി കുടുംബങ്ങള്‍ക്ക് കൈകാര്യം ലഭിച്ചു എന്നതാണ് അവരുടെ ഈ കയറ്റം സാദ്ധ്യമാക്കിയത്. അല്ലാതെ അവര്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ജന്മികളായി മാറുകയായിരുന്നില്ല.

എന്നാല്‍ അതുപോലും നാട്ടിലെ സവര്‍ണ്ണ യാഥാസ്ഥിതികതയ്ക്ക് സഹിക്കുവാന്‍ കഴിയുമായിരുന്നില്ല എന്നതാണ് മേല്പറഞ്ഞ വിമര്‍ശനങ്ങളുടെ കാതല്‍. ഒരു നല്ല ശതമാനം മനുഷ്യര്‍ പ്രവാസം വഴി ലഭിച്ച വരുമാനം ഉപയോഗിച്ച് ആത്മാഭിമാനമുള്ള ജീവിതം നയിക്കാന്‍ തുടങ്ങി. സ്വാഭാവികമായും അതില്‍ ദളിതരും മതന്യൂനപക്ഷങ്ങളും ഒക്കെ പെടും. കേരളത്തില്‍ സവര്‍ണ്ണ മാടമ്പിത്തത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമായ പല ചരിത്രസംഭവങ്ങളില്‍ ഒന്ന് പ്രവാസം, ഗള്‍ഫ് പ്രവാസം കൂടിയാണ് .

അതിനെ തകര്‍ക്കാനുള്ള സവര്‍ണ്ണ യാഥാസ്ഥിതികതയുടെ നാറുന്ന ശ്രമങ്ങളില്‍ പെടും പുത്തന്‍ പണക്കാരുണ്ടാക്കിയ വിലവര്‍ദ്ധന എന്ന ഏകപക്ഷീയമായ ധനതത്വം തൊട്ട് ‘ഗള്‍ഫുകാരന്റെ ഭാര്യ’ എന്ന വര്‍ഗ്ഗീകരണം നല്‍കി അവര്‍ നിര്‍മ്മിച്ച് പൊലിപ്പിച്ച് സ്വയം ഭോഗം ചെയ്ത് ആസ്വദിച്ചിരുന്ന ‘കമ്പി’ക്കഥകള്‍ വരെ.

എന്നാല്‍ ഈ മനുഷ്യരാകട്ടെ അവരുടെ ജീവിതത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്ന ഗള്‍ഫില്‍ അതിദരിദ്രവും, യന്ത്രതുല്യവുമായ ഒരു ജീവിതം നയിച്ചുകൊണ്ടാണ് നാട്ടില്‍ തങ്ങളുടെ കുടുംബങ്ങള്‍ക്ക് ആ കയറ്റം സാദ്ധ്യമാക്കിയത് എന്നതാണ് സത്യം. ലേബര്‍ ക്യാമ്പുകളിലെ ഒരു കട്ടില്‍ പരിസരം വേലികെട്ടി വീടാക്കി, മെസ്സില്‍ കിട്ടുന്ന ഭക്ഷണം ഓര്‍മ്മയിലെ ഇഷ്ടവിഭവങ്ങളും തൊട്ട് കൂട്ടി അവര്‍ ആഴ്ചയില്‍ ഏഴുദിവസവും പണിയെടുത്ത് ഓവര്‍ ടൈം കിട്ടുന്ന പണം
ഉള്‍പ്പെടെ കടല്‍ കടത്തി. എല്ലാം രണ്ടോ, മൂന്നോ, അഞ്ചോ കൊല്ലം കഴിഞ്ഞ് നാട്ടില്‍ ഒരഞ്ചുമാസം വന്നുനില്‍ക്കുമ്പോള്‍ തരപ്പെടുത്താം എന്ന് അവര്‍ സ്വപ്നം കാണുന്ന ഒരു ജീവിതത്തിനായി.

ഗല്‍ഫ് പ്രവാസത്തിന്റെ ഒന്ന്, രണ്ട് തരംഗങ്ങള്‍ തമ്മിലുള്ള നിര്‍ണ്ണായകമായ ഒരു വ്യത്യാസവും ഇതാണ്. ഒന്നാം തരംഗത്തില്‍ പെടുന്ന മനുഷ്യരുടെ കേവലമായ ഒരു ശ്രേണീ കയറ്റത്തിനുപോലും ഒരുപാട് പാഴ്ചിലവുകള്‍ ഉണ്ടായിരുന്നു. നമ്മള്‍ ഇന്ന് കോമാളിത്തമായി കാണുന്ന ആ വാര്‍പ്പ് മാതൃകയുടെ ജൈവ പശ്ചാത്തലം അവരുടെ പക്ഷത്തുനിന്ന് നോക്കിയാല്‍ ഒരു തമാശയാവില്ല എന്നതാണ് സത്യം.

പെട്ടി കെട്ടലും, പൊട്ടിക്കലും; ഒരു നൂറുകിലോ വങ്കത്തം?

ഈ വിഭാഗത്തില്‍ പെടുന്ന മനുഷ്യര്‍ ഇവിടെ എത്തിയാലുടന്‍ ഏതെങ്കിലും കടയില്‍ നിന്ന് ഉറപ്പുള്ള ഒരു കടലാസ് പെട്ടി സംഘടിപ്പിച്ച് കട്ടിലിനടിയില്‍ വയ്ക്കും. തട്ട് കട്ടിലാണെങ്കില്‍ മുറിയില്‍ തനിക്ക് പതിച്ച് കിട്ടിയ ഒരു നാല് സ്‌ക്വയര്‍ഫീറ്റ് നിലത്ത്. പിന്നെ സമാന്തരമായി അടുത്ത യാത്രവരെ നീളുന്ന പെട്ടിനിറയ്ക്കല്‍ യജ്ഞമാണ്.

സ്വന്തം കുടുംബത്തിനായി മാത്രമല്ല, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, അവരുടെയൊക്കെ മക്കള്‍ എന്നിങ്ങനെ ഒരു വന്‍ സമൂഹത്തിനായി. പറഞ്ഞുവരുന്നത് ഓരോ വരവിലും ഇവര്‍ വന്‍ മൂല്യമുള്ള വസ്തുവകകള്‍ കുടുംബക്കാരും നാട്ടുകാരും അടങ്ങുന്ന ഒരു സമൂഹത്തിലേയ്ക്ക് ചുമന്ന് എത്തിക്കുന്നു എന്നല്ല. കിട്ടുന്നവര്‍ക്ക് ഒരു സെന്റ്, സാരി, ടൈഗര്‍ ബാം, ബ്ലേയ്ഡ്, പേന, കയിലി…പക്ഷേ ഇത് നാട്ടുകാര്‍ക്ക് മുഴുവനായി വാങ്ങുന്നവന്റെ ചിലവ്..?

ഇതാരെങ്കിലും നിര്‍ബന്ധിച്ചിട്ടാണോ എന്ന് ചോദിച്ചാല്‍ ഉത്തരം അല്ല എന്ന് തന്നെ. അത് അവരുടെ ഒരു സന്തോഷമാണ്. തങ്ങള്‍ക്ക് ലഭിച്ച ഒരു ഭാഗ്യത്തിന്റെ(?) ഒരു വിഹിതം മറ്റുള്ളവര്‍ക്കും വീതിച്ച് കൊടുക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം. വമ്പന്‍ താത്വിക വശങ്ങളുള്ള ഒരു സോഷ്യലിസ്റ്റ് ചിന്താ പദ്ധതിയല്ലേയിതെന്ന് ചോദിച്ചാല്‍ അല്ലതാനും.

ഈ മനുഷ്യരുമായി നേരിട്ട് ആശയവിനിമയം നടത്തിയാല്‍ അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ഈ പെട്ടിനിറയ്ക്കലിന്റെ വ്യര്‍ത്ഥതയെ കുറിച്ച് അവര്‍ക്ക് അറിയാമായിരുന്നു എന്നത് വ്യക്തമാകും. കിട്ടുന്നവര്‍ അതിന്റെ മൂല്യം അളക്കുമ്പോള്‍ ‘അഞ്ഞൂറ്’ ഉലുവ വരും ഗല്‍ഫീന്ന് കോടീശ്വരന്‍ കൊണ്ടുവന്ന സമ്മാനത്തിന് എന്ന പുച്ഛമാകും പലര്‍ക്കും എന്ന് അവര്‍ക്ക് അറിയാം. താന്‍ കോടീശ്വരനല്ല എന്നത് പോട്ടെ ലക്ഷേശ്വരന്‍ പോലുമല്ലെന്നും നാട്ടിലേയ്ക്ക് വിമാനം കയറുമ്പോള്‍ ഇവിടെയും, തിരിച്ച് കയറുമ്പോള്‍ നാട്ടിലും കടം മാത്രം ശേഷിപ്പിക്കുന്നവരാണെന്നും മറ്റുള്ളവര്‍ക്ക് അറിയില്ലെങ്കില്‍ പോലും സ്വയമറിയാതിരിക്കാന്‍ തരമില്ലല്ലോ.

എന്നിട്ടും അവര്‍ ഈ വ്യര്‍ത്ഥ വ്യായാമത്തില്‍ നിലനിന്ന് പോന്നു. എന്തുകൊണ്ട്? ഇന്നത് വിശദീകരിക്കാന്‍ എളുപ്പമാണ്. ഗള്‍ഫ് പ്രവാസത്തിന് ഒരു മെറ്റാമോഡേണ്‍ ഉള്ളടക്കം കൂടിയുണ്ടെന്ന് പറഞ്ഞാല്‍ കഴിഞ്ഞു. അതായത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മിത്തിലേയ്ക്കും, തിരിച്ചും സദാ ദോലനം ചെയ്തുകൊണ്ടിരിക്കുന്ന പെന്‍ഡുല സമാനമായ ഒരു സ്വത്വബോധം.

അറബിനാടെന്ന അത്ഭുതത്തില്‍ എത്തിപ്പെട്ടാല്‍ പൊന്നും പണവുമായി ഒരു രാജകുമാരനെപ്പോലെ തിരികെയെത്താം എന്ന മിത്ത് ഇന്നും ഏറിയും കുറഞ്ഞും പ്രവാസമെന്ന ചിന്തയുടെ അബോധത്തില്‍ ഉണ്ടല്ലോ. അപ്പോള്‍ അവിടെ ചെന്നുപെടുന്ന ഒരാള്‍ക്ക് രാജകുമാരനാകാന്‍ പറ്റിയില്ലെങ്കിലും അതിനെ പൂര്‍ണ്ണമായങ്ങ് കൈവിടാനുമാകില്ല. അതുകൊണ്ട് അവരെ സംബന്ധിച്ചിടത്തോളം ആവുംവിധം ആ മിത്തിനെ നിലനിര്‍ത്തിപ്പോരുക എന്നത് അവരവരോട് നീതിപുലര്‍ത്തുന്നത്‌പോലെ ഒരു ഉത്തരവാദിത്തമാകുന്നു.

പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് അതൊരു വങ്കത്തമായി തോന്നാം. പക്ഷേ അവര്‍ക്കത് നാലും അഞ്ചും വര്‍ഷം ഇവിടെ അനുഭവിച്ച ദുരിതങ്ങളും കുടുബ, സാമൂഹ്യ ജീവിതങ്ങളില്‍ നിന്നുള്ള വനവാസവും ഉള്‍പ്പെടെയുള്ള വ്യക്തിഗത നഷ്ടങ്ങള്‍ക്കുള്ള ഒരു വൈകാരിക പരിഹാരം കൂടിയാണ്.

വിചിത്രമായ നഷ്ടപരിഹാരം!

നഷ്ടപരിഹാരം എന്നത് സാധാരണഗതിയില്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപ്പെടുത്തിയവര്‍ നല്‍കുന്ന, നല്‍കേണ്ട ഒന്നാണ്. ഇവിടെ ഈ മനുഷ്യരുടെ നഷ്ടങ്ങളുടെ ഗുണഭോക്താക്കള്‍ വിശാലാര്‍ത്ഥത്തില്‍ അവരുടെ കുടുംബവും, ബന്ധുക്കളും മാത്രമല്ല, കേരളീയ സമൂഹം മുഴുവനാണ്. എന്നിട്ട് അവര്‍ക്ക് എന്ത് നഷ്ടപരിഹാരം കിട്ടി?

സവിശേഷമായ തങ്ങളുടെ ജീവിതസാഹചര്യങ്ങളില്‍ ഈ പാവം മനുഷ്യര്‍ക്ക് പരാതി പറച്ചില്‍, പിണങ്ങിയിരിക്കല്‍ തുടങ്ങിയ ആഢംബരങ്ങള്‍ താങ്ങാനാവില്ല. അതുകൊണ്ട് അവര്‍ തങ്ങളുടെ നഷ്ടങ്ങള്‍ക്ക് സ്വന്തം അദ്ധ്വാനത്തില്‍നിന്ന് തന്നെ ഒരു പങ്കെടുത്ത് പരിഹാരവും കാണുന്നു.

വണ്ടിപിടിച്ചുവന്ന് എയര്‍പോര്‍ട്ടില്‍ കാത്തിരിക്കുന്നവര്‍ക്ക് അവിടെവച്ച് തന്നെ ട്രിപ്പിള്‍ ഫൈവ് സിഗററ്റും, മിഡായിയും ഒക്കെ നല്‍കി കാറിന്റെ മുന്‍സീറ്റിലിരുന്നുള്ള യാത്ര മുതല്‍ കൊണ്ടുവന്ന പെട്ടി പൊട്ടിക്കലിലും, കുപ്പി പൊട്ടിക്കലിലും ഒക്കെകൂടി അവര്‍ ആര്‍ജ്ജിക്കുന്ന ഒരു ‘ദൃശ്യത’, പ്രാധാന്യം, പ്രാമുഖ്യം ഒക്കെയാണ് ആ നഷ്ടപരിഹാരം.

അത് സ്ഥായിയല്ലെന്നും, ദിവസം കഴിയുംതോറും കുറയുന്നതാണെന്നും തങ്ങള്‍ തിരിച്ച് പോകുമ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് പോലും അത് വിരഹത്തിലപ്പുറം ആശ്വാസമായിരിക്കുമെന്നും അവര്‍ക്ക് അറിയാം. എന്നുവച്ച് അവര്‍ക്കാ പാഴ്ചിലവിന്റെ ‘വങ്കത്ത’ത്തെ ഒഴിവാകാനാകുമായിരുന്നില്ല. കാരണം അത് വെറും പ്രതീതിയാണെങ്കില്‍ പോലും ജീവിതത്തില്‍ നിന്ന് ലഭിക്കുന്ന ഏക ‘നഷ്ടപരിഹാരം’ആയിരുന്നു.

എന്നാല്‍ ഇത്തരം പ്രതീകാത്മകതയുടെ വൈകാരിക ഘടന മറ്റൊരര്‍ത്ഥത്തില്‍ ഒരു മദ്ധ്യവര്‍ഗ്ഗ നിര്‍മ്മിതിയാണ് താനും. ഒരു ജന്മമേ ഉള്ളു എന്ന് പറയാം, പക്ഷേ അതില്‍ ഒരു ജീവിതമല്ല, പല ജീവിതങ്ങളാണ്. അപ്പോള്‍ ഓരോ ജീവിതത്തിന്റെയും ആദര്‍ശ രൂപത്തെ നിര്‍ണ്ണയിക്കേണ്ടത് ആ ജീവിതങ്ങളാണ്, അതിന് പുറത്തുള്ളവയല്ല. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ അതല്ല നാം ജീവിക്കുന്ന ഭൗതീകമോ, വൈകാരികമോ ആയ യാഥാര്‍ത്ഥ്യം.

ഒരു പ്രവാസി തന്റെ വ്യക്തിഗത ജീവിത നഷ്ടങ്ങളിലൂടെ നാട്ടിലെ തന്റെ കുടുംബത്തിന്റെ സാമൂഹ്യ ജീവിതത്തില്‍ ഒരു ശ്രേണീ കയറ്റം സാദ്ധ്യമാക്കുന്നു എന്ന് മുമ്പ് പറഞ്ഞു. അത് എവിടെ നിലനിന്നിരുന്നുവോ അതിന്റെ തൊട്ട് മുകളിലെ തട്ടിലേയ്ക്കാണ്. സാമ്പത്തികമായി അടിസ്ഥാന വര്‍ഗ്ഗത്തില്‍ പെടുന്നവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികമായും അത് മദ്ധ്യവര്‍ഗ്ഗത്തിന്റെ കീഴ്തട്ടിലേയ്ക്കാവും. അവിടെ നിലനിന്നവര്‍ക്ക് അതിന്റെ തൊട്ട് മുകള്‍ തട്ടിലേയ്ക്കും. അങ്ങനെ ഒരു ശ്രേണീ കയറ്റം സാദ്ധ്യമാക്കാനായില്ലെങ്കില്‍ ഒരു പ്രവാസിയുടെ ജീവിതം വ്യര്‍ത്ഥമായി വിലയിരുത്തപ്പെടും.

 

ഈ കാരണങ്ങളൊക്കെ കൊണ്ട് തന്നെ ഒന്നുമാകാതെപോയതെന്ന് വിലയിരുത്തപ്പെടുന്ന നിരവധി വ്യര്‍ത്ഥ സംരംഭങ്ങളേ പ്രവാസത്തിന്റെ ഒന്നാം തരംഗത്തില്‍ നിന്ന് നമുക്ക് കണ്ടെത്താനാകും. അതിന് നാട്ടില്‍ തന്നെ ഒന്ന് നാലുപാട് നൊക്കിയാല്‍ മതി. കിട്ടുന്ന സ്‌പെസിമെന്‍ സാമ്പിളുകളില്‍ അധികവും ഒരു പത്തുമുപ്പത് കൊല്ലത്തോടടുപ്പിച്ച് പഴക്കമുള്ളവയാകും എന്ന് മാത്രം. അതിനും കാരണമുണ്ട്. അതിലേയ്ക്ക് മടങ്ങിവരാം.

നമ്മള്‍ പറഞ്ഞുവന്നതിലേയ്ക്ക് തന്നെ മടങ്ങിയാല്‍ പ്രശ്‌നം പ്രവാസിജീവിതത്തിന്റെ ജയപരാജയങ്ങള്‍, അതിന്റെ ആദര്‍ശ ഘടനയൊക്കെ നിര്‍ണ്ണയിക്കുന്നത് ആ ജീവിതമല്ല, മറിച്ച് അത് തങ്ങള്‍ക്കും ഉറ്റവര്‍ക്കുമായി സമൂഹത്തില്‍ ആര്‍ജ്ജിക്കാന്‍ ശ്രമിക്കുന്ന ശ്രേണീ കയറ്റം, ഏറിയ പങ്കും മദ്ധ്യവര്‍ഗ്ഗത്തിലേയ്ക്കുള്ള ശ്രേണീ കയറ്റം എന്ന ലക്ഷ്യമാണെന്ന് വ്യക്തം . അപ്പോള്‍ സാദ്ധ്യമായാല്‍ തന്നെഅത് സംഭവിക്കുന്നത് നാട്ടില്‍ നിലനില്‍ക്കുന്ന മദ്ധ്യവര്‍ഗ്ഗ പൊള്ളത്തരങ്ങള്‍ കൂടി ചേര്‍ന്നതാകാതെ തരമില്ല.കാരണം ജീവിതവിജയത്തിന്റെ ആദര്‍ശ മാതൃക അവര്‍ നിര്‍ണ്ണയിക്കുന്നതാണല്ലോ.

സ്വന്തം അദ്ധ്വാനശേഷി മാത്രം കൈമുതലാക്കി, ദിവസവും എട്ടുമണിക്കൂറും , കിട്ടിയാല്‍ ഇരട്ടി ശമ്പളത്തില്‍ ഓവര്‍ ടൈമും പണിയെടുത്ത് പരമാവധി കാശ് നാട്ടിലയയ്ക്കുവാനുള്ള തത്രപ്പാടിനിടയില്‍ സ്വന്തം നിലയില്‍ ഒരു സാംസ്‌കാരിക ബദല്‍ നിര്‍മ്മിക്കുവാന്‍ കൂടിയുള്ള സമയം എന്ന ആഢംബരം അവര്‍ക്ക് ഉണ്ടായിരുന്നില്ല എന്നതുകൊണ്ട് അവര്‍ പിന്തുടര്‍ന്നുപോന്ന മാതൃക നാട്ടിലെ മദ്ധ്യവര്‍ഗ്ഗ മാതൃക തന്നെയായിരുന്നു.

അതുകൊണ്ട് അവര്‍ക്ക് മദ്ധ്യവര്‍ഗ്ഗ ആദര്‍ശ മാതൃകകളുടെ പൊള്ളത്തരങ്ങള്‍ അനുഭവത്തിലൂടെ വെളിപ്പെട്ടാലും അതില്‍നിന്ന് പുറത്ത് കടക്കാനുമാകുമായിരുന്നില്ല, അതിനുള്ള ദാര്‍ശനിക ഊര്‍ജ്ജം അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഗള്‍ഫ് പ്രവാസത്തിലെ ഒന്നാം തരംഗത്തില്‍ പെട്ട മനുഷ്യര്‍ വിചിത്രമായ നഷ്ടപരിഹാരങ്ങള്‍ സ്വയം ഒടുക്കിയായാലും ആ പൊള്ളയായ മദ്ധ്യവര്‍ഗ്ഗ മാതൃകയില്‍ തന്നെ കെട്ടി കിടന്നത്.

ഭൗതീക സാഹചര്യങ്ങള്‍

ഇതുവരെ പറഞ്ഞുവന്ന വൈകാരിക സാംസ്‌കാരിക കാരണങ്ങള്‍ മാത്രമല്ല, അവയില്‍നിന്ന് ഉണ്ടാകുന്ന പച്ചയായ ഭൗതീക കാരണങ്ങളും ഈ മനുഷ്യരെ നിരന്തരം ‘വങ്കന്‍’ വേഷം കെട്ടിക്കുന്നുണ്ട്. ഗള്‍ഫ് എന്ന സാമൂഹ്യവും, സാമ്പത്തികവും ഒക്കെയായ സ്വപ്നസമാനമായ ശ്രേണി കയറ്റം എന്ന സാദ്ധ്യതയെ അത് സാധിച്ചാലും ഇല്ലെങ്കിലും അവര്‍ക്ക് ഉപേക്ഷിക്കാനാവില്ല.കാരണം അത് നടക്കും എന്ന സ്വപ്നത്തിനും ഏതാണ്ട് അതേ ഉള്ളടക്കം തന്നെ ഉള്ള ശങ്കയ്ക്കും ഇടയില്‍ വിവിധ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ നടക്കുന്ന വസ്തുവിന്റെ അഡ്വാന്‍സ് കൊടുക്കലിലും, കെട്ടിടത്തിന്റെ തറക്കല്ലിടീലിലും ഒക്കെയാണ്, അതില്‍നിന്ന് പൊലിപ്പിച്ചെടുക്കുന്ന ഭാവി സ്വപ്നങ്ങളിലാണ്, വാങ്ങിയ വസ്തുവിലോ, വച്ച വീടിലോ അല്ല അവരുടെ ജീവിതം തളങ്കെട്ടുന്നത്. അത് ഇത്തിരി അതിഭാവുകത്വം നിറഞ്ഞ കടും വര്‍ണ്ണത്തിലാണെങ്കിലും ‘പത്തേമാരി’ എന്ന സിനിമ പറഞ്ഞ് പോകുന്നുണ്ട്.

പണിതീരാതെ കിടക്കുന്ന ഏത് വീട് കണ്ടാലും ഇപ്പോള്‍ നാട്ടിലെ മദ്ധ്യവര്‍ഗ്ഗ പൊതുബോധം പറയും വല്ല ഊള ഗള്‍ഫ് കാരന്റേതുമാകും എന്ന്. ഇതില്‍ ഒരു വല്ലാത്ത, ചരിത്രബോധം തീരെയില്ലാത്ത പുച്ഛമുണ്ട്. അത് അവര്‍ കൂടി ചേര്‍ന്ന് പണിഞ്ഞ, തീര്‍ക്കാന്‍ വിടാതെ മുടക്കിയ ഒന്നാണ്. കാരണം ഈ മനുഷ്യര്‍ സ്വന്തമായി ഒരു സാംസ്‌കാരിക- രാഷ്ട്രീയ മാതൃക ഉണ്ടാക്കി അതില്‍ ജീവിച്ചവരല്ല. ഈ വിഭാഗത്തില്‍ പെടുന്ന ഒരു ഗള്‍ഫുകാരോടും അവരുടെ അവിടത്തെ ജീവിതത്തെ കുറിച്ച് കുശലമായല്ലാതെ സ്വന്തം വീട്ടുകാര്‍ പോലും പലപ്പൊഴും ചോദിക്കില്ല. കുശലങ്ങള്‍ക്ക് എയര്‍ കണ്ടിഷന്‍ഡ് എയര്‍പോര്‍ട്ട്, ആറുവരി പാത, അംബരചുംബികള്‍ എന്നല്ലാതെ അവര്‍ക്ക് മറുപടി പറയാനുമാവില്ല. കാരണം ഗല്‍ഫ് പ്രവാസം നാട്ടില്‍ ആഘോഷിക്കപ്പെടുന്നത് പ്രവാസിയുടെ വ്യക്തിഗത അനുഭവങ്ങള്‍ വച്ചല്ല, അവര്‍ ഇവിടെയ്ക്ക് അയക്കുന്ന നാണയങ്ങളുടെ മൂല്യാഘോഷത്തിന്റെയും അതിന്റെ ഭാഗമായി ഉണ്ടാകുന്ന ആദര്‍ശ നിര്‍മ്മിതികളുടെയും വ്യക്തിനിരപേക്ഷമായ പാഠങ്ങളെ അവലംബിച്ചാണേന്ന് അവ്യക്തമായാണെങ്കിലും അവര്‍ക്കറിയാം. പിന്നെ കുമ്പസരിച്ചിട്ടെന്ത് കാര്യം?

കഠിനമായ യാഥാര്‍ഥ്യങ്ങളെ അതിജീവിച്ച് അവര്‍ സാക്ഷാത്കരിക്കുന്ന ഒരു സ്വപ്നമാണ് നാട്ടിലെ അവരുടെ കുടുംബങ്ങളുടെ ജീവിത സ്വാസ്ഥ്യവും അതിനോടൊപ്പം ചിലവിടാന്‍ കിട്ടുന്ന ഏതാനും മാസങ്ങള്‍ നീളുന്ന അവധി കാലവും. അതിനെ തങ്ങളുടെ വ്യക്തിജീവിതത്തിലെ ദുരിതപര്‍വ്വങ്ങള്‍ വിശദീകരിച്ച് അവരില്‍നിന്നും തന്നില്‍ നിന്നു തന്നെയും റദ്ദ് ചെയ്യണോ എന്നതാണ് ചോദ്യം?

നൂറുകിലോ വരുന്ന പെട്ടിയും ആറുപവനെങ്കിലും വരുന്ന മാലയുമായി അവരവരെ പറ്റിച്ച് വരുന്ന പ്രവാസി കടം വാങ്ങി വന്നത് പോലെ പണയം വച്ച് തിരിച്ച് പോകുന്നിടത്ത്, പല കാരണങ്ങള്‍ കൊണ്ട് പണി തുടങ്ങിയ വീട് പൂര്‍ത്തിയാകാതെ കിടക്കുന്നിടത്ത്, നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടുന്നിടത്ത് വങ്കത്തത്തിന്റെ ഈ വൃത്തം പൂര്‍ത്തിയാകുന്നു. എന്നുവച്ച് അവര്‍ക്കത് ഉപേക്ഷിക്കാനുമാവില്ല. കാരണം അവര്‍ക്കറിയാം ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ അതിന്, അതായത് ഫലത്തില്‍ തൊട്ടുനോക്കാനാവാത്ത പ്രതീക്ഷകളെയും സ്വപ്നങ്ങളെയും ഭൗതീകമായി നിലനിര്‍ത്തണമെങ്കില്‍ അതിനും ഒരു ചിലവുണ്ടെന്ന്.

ഒന്നാം തരംഗത്തില്‍ പെടുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ഈ തിരിച്ചറിവാണ് അവര്‍ക്ക് പുറത്ത് ‘വങ്കത്ത’മായി വിലയിരുത്തപ്പെടുന്നതും ഇതില്‍ ഒരു വീഴ്ച പറ്റിയാല്‍ രൂക്ഷമായി ആക്രമിക്കപ്പെടുന്നതും. ”മൂന്ന് ബേഡ് റൂം, രണ്ട് ടോയ്‌ലറ്റ്, അടുക്കള, വര്‍ക്കേരിയ…, ഇവന്റെയൊക്കെ വീട് എങ്ങനെ പണിതീരാനാണ്! അവനവന്‍ ആരാണെന്നറിയാതെ ആന മുക്കുന്നത് പോലെ ആട് മുക്കിയിട്ട് കാര്യമുണ്ടോ!” എന്നതൊക്കെയാണ് ഇതിന്റെ സാമ്പിളികള്‍.പ്രശ്‌നം ആയിരത്തി അഞ്ഞൂറു സ്‌ക്വയര്‍ ഫീറ്റ് വരുന്ന വീടിന്റെ പണി മുടങ്ങിയതല്ല.

പലരും അത് പൂര്‍ത്തിയാക്കിയപ്പോള്‍, അവന്റെ ജാതിയും, മതവും, ആര്‍ഷഭാരത്തില്‍ ഉണ്ടായിരുന്ന പഴയ സാമൂഹ്യ നിലയും ഒക്കെ ഓര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ‘അസൂയ’ നാക്കില്‍ കിടന്ന് പുഴുത്തത് തുപ്പാന്‍ പറ്റിയ ഒരുത്തനെ കിട്ടിയതിലെ സന്തോഷം മാത്രമാണ്. ഇത് വീണ്ടും പറയട്ടെ, ആദ്യ തരംഗത്തിന്റെ കഥ.

(തുടര്‍ന്നു വരുന്ന ഭാഗങ്ങള്‍  ബുധന്‍, വെള്ളി എന്നീ ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കും)

Advertisement