എഡിറ്റര്‍
എഡിറ്റര്‍
ഈന്തപ്പനയില്‍നിന്ന് തെങ്ങിലേയ്ക്ക് വലിച്ച് കെട്ടിയ ഒരു കയര്‍
എഡിറ്റര്‍
Saturday 1st July 2017 11:12pm

ഈന്തപ്പനയില്‍നിന്ന് തെങ്ങിലേക്ക് വലിച്ച് കെട്ടിയ കയര്‍ എന്നത് ഗള്‍ഫ് പ്രവാസത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന മഹത്തായ ഒരു രൂപകമാണ്. അതിലൂടെ നടക്കുന്നത് സര്‍ക്കസല്ല. കേവലം ഒരു പതിറ്റാണ്ടിന് മാത്രം ഇപ്പുറത്തെങ്കിലും അതിന്റെ സാംസ്‌കാരിക വ്യാപ്തി ഒരു പക്ഷേ ഇന്ന് നമുക്ക് വിഭാവനം ചെയ്യാനാകുന്നതിലും അപ്പുറമാണ്. അതില്‍ വിഭജനങ്ങളുടേതായ പുതിയ രാഷ്ട്രീയത്തെ നിഷേധിക്കുന്ന ഒരു മാനവിക മതേതര ദര്‍ശനം ഉള്‍ചേര്‍ന്നിട്ടുണ്ട്.


കുഴൂര്‍ വില്‍സന്‍ എണ്ണപ്പനകളുടെ നാവെന്നോണം തന്റെ ‘വിവര്‍ത്തനം’ എന്ന കവിതയിലൂടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്,

”ഈന്തപ്പനകള്‍ ചോദിച്ചു
തുറിച്ച് നോക്കുന്നതെന്തിന്
വിവര്‍ത്തന ശേഷമുള്ള
തെങ്ങുകളാണ് ഞങ്ങള്‍
മറന്നുവോ”.

വെറും അഞ്ച് വരിയില്‍ ഒരു വന്‍ വിനിമയലോകം ഒളിപ്പിക്കുന്ന ഈ കവിത നല്‍കിയ ഊര്‍ജ്ജത്തില്‍ അഞ്ചാറ് കൊല്ലം മുമ്പ് നടന്ന ഒരു ബ്ലോഗ് ചര്‍ച്ചയില്‍ നിന്നാണെന്ന് തോന്നുന്നു ”ഈന്തപ്പനയില്‍നിന്ന് തെങ്ങിലേക്ക് വലിച്ച് കെട്ടിയ ഒരു കയര്‍” എന്ന മനോഹരമായ രൂപകം എന്റെ ഓര്‍മ്മയിലേക്ക് കടന്നുകൂടിയത്. അതിന്റെ കര്‍ത്താവാരെന്ന് ഓര്‍മ്മയില്ല എന്നത് എന്റെ തെറ്റ്. ആളിനെ അറിയില്ലെങ്കിലും ആ പ്രയോഗം ഇന്നും എന്നും ഉള്ളില്‍ ഒരു ഊര്‍ജ്ജശ്രോതസ്സായി ഉണ്ടാകും എന്നത് അതിന്റെ പരിഹാരമായി കണ്ട് ക്ഷമിക്കുക.

ഗള്‍ഫ് പ്രവാസത്തിന്റെ രണ്ടാം തരംഗത്തിന് സ്വന്തമായി ഒരു സാംസ്‌കാരിക മൂലധനവും ഉണ്ടായിരുന്നു എന്ന് പറഞ്ഞല്ലോ. അത് അവര്‍ നാട്ടില്‍നിന്ന് പൊതിച്ചോറുപോലെ കെട്ടിക്കൊണ്ടുപോയി അവിടത്തെ അനുഭവങ്ങളുടെ ചൂടില്‍ പിന്നെയും പാചകം ചെയ്ത് പൊലിപ്പിച്ച് തിരിച്ചയച്ച ഒന്നാണ് ഇന്ന് നാം വായിക്കുന്ന സമ്പന്നമായ ഗള്‍ഫ് പ്രവാസ സാഹിത്യം. വില്‍സന്റെ കവിതകളെ തന്നെ വീണ്ടും ഉദാഹരിച്ചാല്‍ കുഴൂര്‍ ഷഷ്ഠിക്ക് ദുബായില്‍ നിന്ന് അവന്‍ നാട്ടിലേക്ക് അയച്ചത് ഒരു സമ്മാനപൊതിയല്ല, സ്വന്തം കാലുകളായിരുന്നു. കാര്‍ഗോയിലല്ല, കവിതവഴിയാണ് കൊടുത്തയപ്പെന്ന് മാത്രം.

കുഴൂരും, കണ്‍സ്ട്രക്ഷന്‍ കമ്പനികളുടെ സൈറ്റില്‍ അനുവദിച്ച് കിട്ടുന്ന ഏതാനും സ്‌ക്വയര്‍ ഫീറ്റ് വരുന്ന സ്വകാര്യ ഇടത്തില്‍ തന്നെ വേലികെട്ടി ഒരു മുറ്റവും, മുറ്റത്ത് അയയും, വേണമെങ്കില്‍ ഒരു തുളസി തറ തന്നെയും ഉണ്ടാക്കുന്ന മലയാളി ജീവിതം പതിഞ്ഞ താളത്തില്‍, വെറും ഗദ്യത്തില്‍ പാടിക്കേള്‍പ്പിച്ച നസീര്‍ കടിക്കാടും ഒക്കെ ചേര്‍ന്ന് ഉണ്ടാക്കിയ കാവ്യപ്രപഞ്ചം നാടിനും മറുനാടിനും ഇടയ്ക്ക് പെറ്റമ്മയ്ക്കും പോറ്റമ്മയ്ക്കും ഇടയില്‍ എന്നപോലെ മലയാളി സൂക്ഷിച്ച ഒരു വൈകാരിക ഗതാഗതത്തിന്റെ സൂചനകള്‍ കൊണ്ട് സമ്പന്നമായിരുന്നു.


ഈ ലേഖനത്തിന്റെ ആദ്യ നാലു ഭാഗങ്ങള്‍ ഇവിടെ വായിക്കാം

ഒന്നാം ഭാഗം – രണ്ട് തരംഗങ്ങള്‍: പ്രവാസത്തില്‍നിന്ന് പൊള്ളത്തരത്തിലേക്കുള്ള പരിണാമദൈര്‍ഘ്യം  

രണ്ടാം ഭാഗം രണ്ട്- അറബിപ്പൊന്നും കുറയുന്ന അകലങ്ങളും 

മൂന്നാം ഭാഗം –ഗള്‍ഫ് പ്രവാസത്തിന്റെ ഒന്നാം തരംഗം: വിമര്‍ശനങ്ങളും വസ്തുതയും 

നാലാം ഭാഗം-ഗള്‍ഫ് ആഢംബരങ്ങളുടെ പാരിസ്ഥിതിക പരിപ്രേക്ഷ്യം
അഞ്ചാം ഭാഗം- മദ്ധ്യവര്‍ഗ്ഗത്തിലേക്കുള്ള കയറ്റം


ഇതൊക്കെയും സംഭവിക്കുന്നത് 1996ല്‍ തുടങ്ങുന്ന മലയാളം ബ്ലോഗിങ്ങിന്റെ പശ്ചാത്തലത്തിലാണ്. പുതിയ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ക്ക് തന്നെ പ്രാഥമികമായും പ്രവാസികളുടെ, അതില്‍ തന്നെ ഗള്‍ഫ് പ്രവാസികളുടെ മുന്‍ കൈയ്യില്‍ മലയാളം ബ്ലോഗിങ്ങ് എന്ന കൂട്ടായ്മ നിലവില്‍ വന്നിരുന്നു. അതിന്റെ മുഖ്യ താല്പര്യങ്ങള്‍ സാഹിത്യ, സാംസ്‌കാരിക വിനിമയങ്ങള്‍ ആയിരുന്നു എന്നും (തര്‍ക്ക സാദ്ധ്യതകള്‍ ഒഴിച്ചിടാതെ തന്നെ) പറയാം.

കവിത മരിക്കുന്നു എന്ന ആശങ്ക പ്രബലമായിരുന്ന ഒരു കാലമായിരുന്നു അത് എന്ന് ഓര്‍ക്കണം. ഒപ്പം ഗള്‍ഫ് പ്രവാസത്തില്‍ നിന്ന് സാഹിത്യമുണ്ടാവാത്തതെന്തെന്ന് തിരഞ്ഞുനടന്ന സാഹിത്യ ചരിത്രാന്വേഷകര്‍ ഉണ്ടായിരുന്ന കാലമെന്നും. അവിടെനിന്ന് ഒരു ദശാബ്ദക്കാലം പോലും വേണ്ടിവന്നില്ല, ഇപ്പോള്‍ ഉള്ള സാഹിത്യത്തെ പഠിക്കാന്‍ പൊയിട്ട് വായിക്കാന്‍ തന്നെ ആള് തികയാത്ത അവസ്ഥയും!

ഗള്‍ഫ് പ്രവാസി സാഹിത്യം എവിടെ എന്ന് തിരഞ്ഞുനടന്നവര്‍ക്ക് മുമ്പില്‍ ദാ, വീണ്ടും ദാ എന്ന് നൂറുവട്ടം പറഞ്ഞ കൃതി ബെന്യാമിന്റെ ‘ആടുജീവിത’മാണ്. അത് പ്രസിദ്ധീകരിക്കപ്പെടുന്നത് 2008ലും. പ്രവാസി സാഹിത്യത്തിലെന്നല്ല, മലയാള സാഹിത്യത്തില്‍ മൊത്തമായി തന്നെ നിര്‍ണ്ണായകമായ ഒരു വഴിത്തിരിവായ, ഒരുനിലയ്ക്ക് വായനയെ വീണ്ടെടുത്ത പുസ്തകമായിരുന്നു അത് എന്ന് പറയാം.

മരുഭൂമിയെ അതിന്റെ തൃഷ്ണയും ഉഷ്ണവും വിടാതെ ആവിഷ്‌കരിച്ച മുസഫര്‍ അഹമ്മദിന്റെ യാത്രാവിവരണം, ടി.പി അനില്‍ക്കുമാറിന്റെയും കുഴൂര്‍ വില്‍സന്റെയും, നസീര്‍ കടിക്കാടിന്റെയും അനൂപ് ചന്ദ്രന്റെയും സര്‍ജുവിന്റെയും കമറുദ്ദിന്റെയും കവിതകള്‍, ബ്ലോഗിലെ ഒരു സര്‍വ്വകാല സൂപ്പര്‍ ഹിറ്റായിരുന്ന വിശാലമനസ്‌കനെന്ന സജീവിന്റെ ‘കൊടകര പുരാണം’, കുറുമാന്റെ ‘യൂറോപ്യന്‍ ഡയറി’ തുടങ്ങി വിട്ടുപോയവയും കണ്ണില്‍ പെടാത്തവയുമായ മറ്റ് ശ്രദ്ധേയ രചനകളും ഒക്കെ ചേര്‍ന്ന് ഈ ചുരുങ്ങിയ കാലത്തിനുള്ളില്‍ഗള്‍ഫ് പ്രവാസി സാഹിത്യം ഒരു സ്വതന്ത്ര സാഹിത്യ സംവര്‍ഗ്ഗമെന്ന പദവി ആര്‍ജ്ജിക്കാന്‍ പോന്നത്ര വലുതായിരിക്കുന്നു.

ഗള്‍ഫ് പ്രവാസത്തിന്റെ രണ്ടാം തലമുറക്കാലത്ത് കൈവന്ന ഒരു വന്‍ നേട്ടം തന്നെയാണിത്. ബെന്യാമിനും, മുസഫര്‍ അഹമ്മദും പോലെയുള്ള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കള്‍ കൂടാതെ തന്നെ നിരവധി പ്രവാസി എഴുത്തുകാര്‍ അംഗീകരിക്കപ്പെട്ടു. താന്‍ സംവിധാനം ചെയ്ത രണ്ട് ചലചിത്രങ്ങള്‍ക്കും അവാര്‍ഡ് നേടിയ സനല്‍ കുമാര്‍ ശശിധരനും ഉണ്ടായിരുന്നു പ്രവാസത്തിന്റെ ഒരു ഹ്രസ്വാനുഭവം. അയാള്‍ ബ്ലോഗില്‍ ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ഒരു കവിയെന്ന നിലയിലായിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഗള്‍ഫ് പ്രവാസത്തില്‍ നിന്ന് കലാ, സാഹിത്യ സാംസ്‌കാരിക ഇടപെടലുകള്‍ ഉണ്ടാകുക മാത്രമല്ല അവ അംഗീകരിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് സമാന്തരമായി സംഭവിച്ചതെന്താണ്?

ഒന്നാളി കെട്ടുപോയ വെട്ടങ്ങള്‍

വിവര സാങ്കേതികവിദ്യയില്‍ വന്ന വമ്പന്‍ കുതിപ്പുകള്‍ ഗള്‍ഫ് പ്രവാസി സമൂഹം ആവേശത്തോടെയാണ് ഏറ്റെടുത്തത്. ബ്ലോഗ് പോലുള്ള പുത്തന്‍ സാദ്ധ്യതകള്‍ ഉപയോഗിച്ച് ഒരു ധനാത്മക ബദല്‍ സാംസ്‌കാരികത ഉയര്‍ത്തിക്കൊണ്ടുവരിക സ്വപ്നം കണ്ട് നിരവധി പുതിയ കൂട്ടായ്മകള്‍ പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഉണ്ടായി. ”ബുക്ക് റിപബ്ലിക്ക്” പോലെയുള്ള സമാന്തര പുസ്തക പ്രസാധന ശ്രമങ്ങളിലേയ്ക്ക് വരെ അത് വികസിച്ചു.

ഇന്ത്യന്‍ ക്ലബ്ബുകളും അതിലെ മലയാളി, തമിഴ്, ആന്ധ്രാ, പഞ്ചാബ് തുടങ്ങിയ പ്രാദേശിക വിഭാഗങ്ങളും ചേരുന്ന ഔദ്യോഗിക സാംസ്‌കാരിക കൂട്ടയ്മ കൂടാതെയായിരുന്നു ഇവ എന്ന് ഓര്‍ക്കണം. ആദ്യകാലങ്ങളില്‍ പ്രതീക്ഷയ്ക്ക് വകനല്‍കുംവിധം ഭേദപ്പെട്ട പൊതുജന പങ്കാളിത്തം ഇവര്‍ സംഘടിപ്പിക്കുന്ന വ്യത്യസ്ത സ്വഭാവമുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പരിവര്‍ത്തനാത്മകമായ ലക്ഷ്യങ്ങളും ദാര്‍ശനിക സ്വപ്നങ്ങളുമായി പിറന്ന അവയൊക്കെയും കേവലം ഒരു ദശാബ്ദക്കാലത്തിനിടയില്‍ ഇല്ലാതാവുകയോ, നിര്‍ജ്ജീവമാവുകയോ ആയിരുന്നു.

ഇവയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നവരില്‍ ചിലര്‍ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങിപ്പോയി. പലരും അവിടെതന്നെ തുടരുന്നുമുണ്ട്. ഇത്തരം ആള്‍ക്കാരോട് സംസാരിക്കുമ്പോള്‍ അവര്‍ പങ്കുവയ്കുന്ന ഒരു വികാരമുണ്ട്. അത് ഒരുതരം ഡിസില്യൂഷന്മെന്റും അതുണ്ടാക്കുന്ന കയ്പിന്റെയുമായ ഒന്നാണ്. ഇതൊക്കെയും ഏതാണ്ട് ഒരു പതിറ്റാണ്ടിനുള്ളില്‍ നടന്നതാണെന്ന് ഓര്‍ക്കുമ്പൊഴാണ് അതിലെ വൈചിത്ര്യം ഏറുന്നത്.

ഇവര്‍ സ്വാനുഭവത്തില്‍നിന്ന് പറയും പ്രകാരം കൂട്ടായ്മകള്‍ക്ക് ഇനിയും ഇവിടെ ഇടമുണ്ട്. അനന്തമാംവണ്ണം വിശാലമായ ഇടം. പക്ഷേ അജണ്ടകള്‍ മാറ്റി പിടിക്കണം. ഓണം, വിഷു, ക്രിസ്തുമസ്, ഈദ്, ഈസ്റ്റര്‍ ആഘോഷങ്ങളും, പാചക ഭക്ഷണോല്‍സവങ്ങളും, സെലിബ്രിട്ടി ഷോകളും ഒക്കെയാണെങ്കില്‍ ആളുണ്ടാവും. ഇനി കള്‍ചറല്‍ പൊളിറ്റിക്‌സില്‍ തന്നെയാവണം ഊന്നല്‍ എങ്കില്‍ അതില്‍ മദ്ധ്യവര്‍ഗ്ഗ പ്ലഷര്‍ പൊളിറ്റിക്‌സിന്റെ അംശങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് സെന്‍സേഷണലൈസ്ഡാക്കി പൊലിപ്പിക്കണം. അതിലൂടെ ഊന്നല്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന്റെ സാമൂഹികവും രാഷ്ട്രീയവും ദാര്‍ശനികവുമായ മാനങ്ങളില്‍നിന്ന് കേവലാഘോഷത്തിന്റെ, കാര്‍ണിവലിന്റെ ആനന്ദത്തിലേക്ക് വഴിമാറില്ലേ എന്ന് ശങ്കിച്ചിട്ട് കാര്യമില്ല. മദ്ധ്യവര്‍ഗ്ഗ രാഷ്ട്രീയത്തിന്റെ പരമാവധി തരംഗദൈര്‍ഘ്യം അതാണ്!

ഇടുങ്ങുന്ന ഗതാഗതം

ഈന്തപ്പനയില്‍നിന്ന് തെങ്ങിലേക്ക് വലിച്ച് കെട്ടിയ കയര്‍ എന്നത് ഗള്‍ഫ് പ്രവാസത്തെ സമഗ്രമായി ഉള്‍ക്കൊള്ളുന്ന മഹത്തായ ഒരു രൂപകമാണ്. അതിലൂടെ നടക്കുന്നത് സര്‍ക്കസല്ല. കേവലം ഒരു പതിറ്റാണ്ടിന് മാത്രം ഇപ്പുറത്തെങ്കിലും അതിന്റെ സാംസ്‌കാരിക വ്യാപ്തി ഒരു പക്ഷേ ഇന്ന് നമുക്ക് വിഭാവനം ചെയ്യാനാകുന്നതിലും അപ്പുറമാണ്. അതില്‍ വിഭജനങ്ങളുടേതായ പുതിയ രാഷ്ട്രീയത്തെ നിഷേധിക്കുന്ന ഒരു മാനവിക മതേതര ദര്‍ശനം ഉള്‍ചേര്‍ന്നിട്ടുണ്ട്.

അതിലൂടെയാണ് കുഴൂര്‍ ഷഷ്ഠിക്ക് ദുബായില്‍ നിന്ന് വില്‍സണ്‍ എന്ന മനുഷ്യന്‍ തന്റെ കാലുകള്‍ കൊടുത്തയക്കുന്നത്. അതിലൂടെയാണ് ടി.പി അനില്‍കുമാറിന്റെ കവിതകളില്‍ മുരിങ്ങയും, ചാട്ടഴിയും, ചാളക്കൂട്ടാനും ചേര്‍ന്ന കേരളീയതപോലെ സ്വാഭാവികമായ ഒരു പരിഗണനയായി, മാനവികമായ ഒരു ആധിയായി ഇനിയും കേടാതെ ഓര്‍മ്മയിലുള്ള സ്‌ഫോടനങ്ങളിലൂടെയെങ്ങാന്‍ നഷ്ടപ്പെട്ടില്ലല്ലോ എന്ന് ഉറപ്പുവരുത്താന്‍ എന്നോണം വര്‍ത്തമാനത്തിനിടയ്ക്ക് മടക്കി വച്ചിരിക്കുന്ന കാല്‍ ഇടയ്ക്ക് നിവര്‍ത്തിനോക്കുന്ന പാകിസ്ഥാനി കടന്നുവരുന്നത്. ബംഗാളി ചെക്കനും ഫിലിപീനിയും റഷ്യാക്കാരി വേശ്യയും നാട്ടിലെ തയ്യല്‍കാരിയെയും പാല്‍ക്കാരനെയും പോലെ വന്നുപോകുന്നത്.

ബെന്യാമിന്റെ ആടുജീവിതത്തിലെ നജീബിന്റെ മോചനത്തിലെ ആത്മീയ സ്പര്‍ശം സുഡാനിയോ, എത്തിയോപ്പിയക്കാരനോ ആരെന്നറിയാത്ത (ഒരുപക്ഷേ ഉണ്ടോ എന്ന് തന്നെ അറിയാത്ത) ഒരു കറുത്ത വര്‍ഗ്ഗക്കാരനാണ്.

ഈ കവിതയിലും നോവലിലും കാണുന്നത് പോലെ ഒരു വിശാലമായ സാംസ്‌കാരിക ഇടം, മറ്റൊരു മനുഷ്യനെ , അവളുടെ/അവന്റെ സംസ്‌കാരത്തെ ഇതുവരെ വായിക്കാത്ത ഒരു പുസ്തകം തരുന്ന വിശുദ്ധമായ അകാംക്ഷ പോലെ മുന്‍ വിധികളില്ലാതെ സ്വീകരിക്കുന്ന ഒരു സാംസ്‌കാരിക തുറസ്സ് ഇന്ന് ഇവിടെനിന്നും എവിടെനിന്നും നഷ്ടമായിരിക്കുന്നു.

പുതിയ കൂട്ടങ്ങള്‍ വാട്‌സാപ്പ് കൂട്ടങ്ങളാണ്. വാട്‌സാപ്പ് ഇന്റര്‍നെറ്റ് ഉള്ളവര്‍ക്ക് പണച്ചിലവില്ലാതെ പരസ്പരം ബന്ധപ്പെടാനുള്ള ഒരു പുതിയ ഉപാധി എന്ന നിലവിട്ട് സ്വന്തം നിലയ്ക്ക് ഗുണകരമോ ദോഷകരമോ ആയ എന്തെങ്കിലും സ്വാധീന ശേഷിയുള്ള ഒന്നല്ല എന്നത് ശരി. എന്നാല്‍ ഇന്ന് നിലനില്‍ക്കുന്ന വാട്‌സാപ്പ് ഗ്രൂപ്പുകളുടെ സ്വഭാവത്തിന്റെ വിശകലനം മനസിലാക്കിതരുന്നത് മറ്റൊന്നാണ്. അത് കൂടുതല്‍ കൂടുതല്‍ ഇടുങ്ങുന്ന സ്വത്വബോധത്തിന്റെ, സഹജീവി അവബോധത്തിന്റെ , എമ്പതിയുടേതായ ഒന്നാണ്.

അത് തെങ്ങില്‍ നിന്ന് ഈന്തപ്പനയിലേയ്‌ക്കോ തിരിച്ചോ വലിച്ച് കെട്ടിയ കയറല്ല, ഒന്നിനുചുറ്റും വലിച്ച് കെട്ടിയ, അതിലേക്ക് മാത്രം ചുരുങ്ങുന്ന കയറുകളുടേതാണ്.

Advertisement