ബ്രിസ്‌ബേന്‍: പുതിയ പരിഷ്‌ക്കാരത്തിന്റെ ഭാഗമായി വരുത്തിയ റൊട്ടേഷന്‍ സംവിധാനം ടീമംഗങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം വരുത്തുന്നുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ്. ഫീല്‍ഡിങ്ങും റൊട്ടോഷന്‍ സംവിധാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അറിയില്ലെന്നും സെവാഗ് പറഞ്ഞു. സെവാഗുള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ ഫീല്‍ഡിങ്ങില്‍ തിളങ്ങാത്തതാണ് റൊട്ടേഷന്‍ സംവിധാനം പ്രയോഗിക്കാന്‍ കാരണമായതെന്ന് ഇന്നലെ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി  പറഞ്ഞിരുന്നു. എന്നാല്‍ യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ടീമംഗങ്ങളോട് പറഞ്ഞതെന്നും സെവാഗ് പറഞ്ഞു.

‘ എനിയ്ക്ക് യഥാര്‍ത്ഥത്തില്‍ ഒന്നും മനസ്സിലാകുന്നില്ല. എന്താണ് ഇന്നലെ ധോണി പറഞ്ഞതെന്നും അത് മാധ്യമങ്ങള്‍ എങ്ങനെയാണ് വ്യാഖ്യാനിച്ചതെന്നും വ്യക്തമല്ല. അടുത്ത ലോകകപ്പിന് മുന്നോടിയായി യുവതാരങ്ങളെ പരിശീലിപ്പിക്കണമെന്നും അതിന്റെ ഭാഗമായി അവര്‍ക്ക് അവസരം കൊടുക്കണമെന്നും അതുകൊണ്ടാണ് റൊട്ടേഷന്‍ സംവിധാനമെന്നുമാണ് ടീമംഗങ്ങളോട് പറഞ്ഞത്.

Subscribe Us:

പിന്നെ എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചതെന്ന് മനസ്സിലാകുന്നില്ല. കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങള്‍ ഇതേ രീതിയില്‍ തന്നെയാണ് ഫീല്‍ഡ് ചെയ്യുന്നത്. മോശം ഫീല്‍ഡിംഗ് കാരണം എതിര്‍ടീമിന് അനാവശ്യമായി റണ്‍ എടുക്കാന്‍ സാധിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി അറിഞ്ഞു. അത്തരമൊരു സാഹചര്യം ഉണ്ടെന്ന് തോന്നുന്നില്ല. മാധ്യമങ്ങളോട് തന്നെ അദ്ദേഹം ആദ്യം പറഞ്ഞത് യുവതാരങ്ങള്‍ക്ക് അവസരം കൊടുക്കാനാണ് റൊട്ടേഷന്‍ ഏര്‍പ്പെടുത്തിയതെന്നാണ്. ഞങ്ങളോടും അത് തന്നെ പറഞ്ഞു. പിന്നെ എന്തുകൊണ്ടാണ് അത് മാറ്റി പറഞ്ഞതെന്ന് അറിയില്ല.

എന്നോടും സച്ചിനോടും ഗംഭീറിനോടും സംസാരിച്ചതിനുശേഷമാണ് റൊട്ടേഷനെ കുറിച്ച് അദ്ദേഹം തീരുമാനിച്ചത്. ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ എങ്ങനെ എടുക്കാമെന്ന് യുവതാരങ്ങള്‍ക്ക് അറിയണമെന്നും അതിനായി അവരെ സജ്ജരാക്കേണ്ടതുണ്ട് എന്നുമായിരുന്നു ധോണി പറഞ്ഞത് ‘.-സെവാഗ് വ്യക്തമാക്കി.

ഇക്കാര്യത്തില്‍ ക്യാപ്റ്റനുമായി സംസാരിച്ച് കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിക്കൂടേ എന്ന ചോദ്യത്തിന് സെവാഗിന്റെ മറുപടി ഇങ്ങനെയായിരുന്നു..’ ഞാന്‍ എന്തിന് അങ്ങോട്ട് ചെന്നു സംസാരിക്കണം, അദ്ദേഹത്തിന് എന്നോട് കാര്യങ്ങള്‍ പറയാം. അദ്ദേഹം ടീമിന്റെ ക്യാപ്റ്റനാണ്. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുന്നതില്‍ ടീമിനുള്ളില്‍ എതിര്‍പ്പൊന്നുമില്ല. എല്ലാ മാച്ചിലും പങ്കെടുക്കാന്‍ ഞാന്‍ തയ്യാറാണ്. പിന്നെ നമ്മളെ കളിയില്‍ ഉള്‍പ്പെടുത്തണമോ വേണ്ടയോ എന്നൊക്കെ തീരുമാനിക്കുന്നത് ക്യാപ്റ്റനും സെലക്ടര്‍മാരുമാണ്. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് വേണ്ടി മാറിക്കൊടുക്കുന്നതില്‍ സന്തോഷമേയുള്ളു.-സെവാഗ് പറഞ്ഞു.

Malayalam News

Kerala News In English