ദാമ്പത്യ ബന്ധത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതില്‍ ഇന്ത്യന്‍ ജനത ഏറെ ശ്രദ്ധ നല്‍കാറുണ്ട്. കന്യകാത്വം എന്നത് പഴയ തലമുറയിലെ സ്ത്രീകളെ സംബന്ധിച്ച് ഏറെ വിലപ്പെട്ടതായിരുന്നു. കന്യകാത്വം നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു എന്ന ധാരണ അക്കാലത്തെ സ്ത്രീകളില്‍ സാധാരണമായിരുന്നു. എന്നാല്‍ ഇന്നത്തെക്കാലത്ത് വിവാഹ പൂര്‍വ ലൈംഗിക ബന്ധം സ്ത്രീകള്‍ക്ക് വിലക്കപ്പെട്ട കനിയല്ല. പഴയ തലമുറയിലെ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ തലമുറ ഏറെക്കുറെ അത് ആസ്വദിക്കുകയും ചെയ്യാറുണ്ട്.

ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ സൗഹൃദങ്ങളും പ്രണയങ്ങളും പലപ്പോഴും ലൈംഗിക ബന്ധത്തിലേക്കെത്താറുണ്ട്. ഇവര്‍ പിന്നീട് വിവാഹിതരായെന്നും വരില്ല. എങ്കിലും തന്റെ ഭാര്യ വിവാഹത്തിനുമുന്‍പ് മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നത് പുരുഷനെ സംബന്ധിച്ച് ഇന്നും അംഗീകരിക്കാനാവാത്ത കാര്യമാണ്.

അറേയ്ഞ്ച്ഡ് മാരേജിന്റെ കാര്യത്തിലാണ് ഈ പ്രശ്‌നം കൂടുതലുണ്ടാവാറുള്ളത്. വിവാഹത്തിന് മുമ്പ് വധു മറ്റൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്നറിയുമ്പോള്‍ ഈ നൂറ്റാണ്ടിലെ പുരുഷന്‍മാരും നെറ്റിചുളിക്കും. അത് പിന്നീട് വിവാഹബന്ധം വേര്‍പ്പെടുത്തല്‍ വരെ കൊണ്ടെത്തുകയും ചെയ്യും.

പരമ്പരാഗത മൂല്യങ്ങള്‍ ഇപ്പോഴും നമ്മുടെ മനസില്‍ ഉറച്ചുകിടക്കുന്നുണ്ട് എന്നതാണ് ഇതില്‍ നിന്നും മനസിലാക്കാനാവുന്നതെന്ന പ്രശസ്ത ഗൈനോക്കോളജിസ്റ്റ് മഹിന്ദ്ര വാട്‌സ പറയുന്നു. തന്റെ ഭാര്യ അല്ലെങ്കില്‍ കാമുകി കന്യകയാണെന്ന് എങ്ങനെയാണ് മനസിലാവുക എന്ന ചോദിച്ച് ധാരളം പേര്‍ തന്നെ വരാറുണ്ടെന്നും വാട്‌സ പറയുന്നു. അതിനൊരു വഴിയുമില്ല എന്നാണ് അത്തരം ചോദ്യങ്ങള്‍ക്ക് തന്റെ ഉത്തരമെന്നും അവര്‍ വ്യക്തമാക്കി.

ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ സ്ത്രീയുടെ യോനീ നാളത്തിനുള്ളിലെ കന്യാചര്‍മ്മം പൊട്ടി രക്തം വരുമെന്നും അതുവഴി അവള്‍ കന്യകയാണെന്ന് മനസിലാക്കുകയും ചെയ്യാമെന്നാണ് പരമ്പരാഗതമായി കാത്തുസൂക്ഷിക്കുന്ന വിശ്വാസം. പഴയകാലത്ത് ഇക്കാര്യം ഏറെ ശ്രദ്ധിക്കുകയും അങ്ങനെ സംഭവിക്കാത്ത സ്ത്രീകളെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്യാറുണ്ടായിരുന്നു. ഇന്നും ഈ വിശ്വാസം പിന്‍തുടരുന്ന പുരുഷന്‍മാര്‍ കുറവല്ല.

ഇത് വെറും വിശ്വാസം മാത്രമാണ്. സ്ത്രീയുടെ കന്യാചര്‍മ്മം എന്നത് വളരെ നേര്‍ത്ത ഭാഗമാണ്. ഇത് കഠിനമായി ജോലി ചെയ്യുമ്പോഴും, സ്‌ഫോട്‌സ് ആക്ടിവിറ്റികള്‍ക്കിടയിലും സൈക്കിള്‍ ചവിട്ടുമ്പോഴുമൊക്കെ പൊട്ടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ആദ്യം ബന്ധപ്പെടുമ്പോള്‍ രക്തം വന്നില്ലെങ്കില്‍ ഭാര്യ കന്യകയല്ല എന്ന മുദ്രകുത്തുന്നത് ശരിയല്ല. വെറും 42% സ്ത്രീകള്‍ക്ക് മാത്രമാണ് ആദ്യം ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ രക്തം വരാറുള്ളത്.

പണ്ടുള്ള സ്ത്രീകളെ അപേക്ഷിച്ച് ഇന്നത്തെ സ്ത്രീകള്‍ കാര്യങ്ങള്‍ തുറന്നുപറയാന്‍ മടികാട്ടാത്തവരാണ്. വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഭര്‍ത്താവിനോട് തുറന്നു പറയുന്നവരും ഉണ്ട്. എന്നാല്‍ ഇത് സ്ത്രീയുടെ കുറവായി കണ്ട് ബന്ധം വേര്‍പെടുത്തുകയല്ല വേണ്ടത്. മറിച്ച് ഭാര്യ നിങ്ങളോട് എല്ലാ കാര്യവും തുറന്നു പറഞ്ഞതിലും അവരുടെ സത്യസന്ധതയിലും അഭിമാനിക്കുകയാണ് ചെയ്യേണ്ടത്.

മറ്റൊരാളുമായി പ്രണയമോ, അല്ലെങ്കില്‍ ശാരീരിക ബന്ധമോ പുലര്‍ത്തിയ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ പുരുഷന്‍മാര്‍ക്ക് ഭയമാണ്. വിവാഹശേഷം അവര്‍ വീണ്ടും അങ്ങനെയാകുമോ എന്ന പേടിയാണിവര്‍ക്ക്. എന്നാല്‍ അവരെ സന്തോഷിപ്പിക്കാനും അവര്‍ക്ക് ആശ്വാസമാകുവാനും നിങ്ങള്‍ക്ക് കഴിയും എന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ഇതൊന്നും ഒരു പ്രശ്‌നമല്ല.