ലണ്ടന്‍: കളത്തിനു പുറത്ത് വിവാദങ്ങള്‍ കൊണ്ട് ടീം ഇന്ത്യ വാര്‍ത്തകളില്‍ നിറയുമ്പോളും താരങ്ങള്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ തിരക്കിലാണ്. ആദ്യ മത്സരത്തില്‍ ടീം നേരിടാന്‍ പോകുന്നത് ചിരവൈരികളായ പാകിസ്ഥാനെയാണ്. ക്രിക്കറ്റ് ഭൂപടത്തില്‍ സ്വയം ഇല്ലാതായി കൊണ്ടിരിക്കുന്ന ടീമാണ് പാകിസ്ഥാനെങ്കിലും ഇരു ടീമുകള്‍ക്കും ഈ മത്സരം ജീവന്‍ മരണ പോരാട്ടത്തിലാണ്. അതിനാല്‍ ജയിക്കാന്‍ വേണ്ടി താരങ്ങള്‍ എന്തും ചെയ്യാന്‍ തയ്യാറാണ്.


Also Read: ‘മലപ്പുറത്തെ ഭിന്നിപ്പിക്കാന്‍ വീണ്ടും സംഘപരിവാര്‍’; റമദാന്‍ പ്രമാണിച്ച് ഹോട്ടല്‍ ബലമായി പൂട്ടിച്ചെന്ന് ജനം ടിവിയിലും സമൂഹമാധ്യമങ്ങളിലും സംഘപരിവാറിന്റെ വ്യാജ പ്രചരണം


ലോകകപ്പിനേക്കാള്‍ വൈകാരികമായ മത്സരം വിജയിക്കാന്‍ തന്നെയാണ് കോഹ് ലിയും സംഘവും തീരുമാനിച്ചിരിക്കുന്നത്. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വെല്ലുവിളിയാകാന്‍ പോകുന്നത് പാക് ബൗളര്‍ മുഹമ്മദ് ആമിറാണ്. എന്നാല്‍ ആമിറിനെ എങ്ങനെ തളയ്ക്കണമെന്ന് പഠിക്കാന്‍ വിരാട് ഒരു മാര്‍ഗ്ഗം കണ്ടുപിടിച്ചിട്ടുണ്ട്.

രവീന്ദ്ര ജഡേജ എന്നാണ് ആ തന്ത്രത്തിന്റെ പേര്. നെറ്റ്‌സില്‍ ആമിറിനെ നേരിടാന്‍ പരിശീലിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് പന്തെറിയാന്‍ കോഹ് ലി തെരഞ്ഞെടുത്തത് ജഡേജയെയാണ്. ഇതെങ്ങനെ ശരിയാകും എന്നാണോ?. ജഡേജ എറിയുന്നത് സ്പിന്‍ ബൗളല്ല മറിച്ച് ഫാസ്റ്റാണ്. ജഡേജയുടെ ഫാസ്റ്റ് ബൗളുകളെ നേരിട്ടാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ ആമിറിനെതിരെ തയ്യാറെടുക്കുന്നത്.


Don’t Miss: ‘എന്നാലും എന്റെ ധവാനെ ഈ ചതി എന്നോട് വേണ്ടായിരുന്നു’; ദിനേശ് കാര്‍ത്തികിനെ കേക്കില്‍ കുളിപ്പിച്ച് ശിഖര്‍ ധവാന്‍


വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ടീമില്‍ തിരികെയെത്തിയതു മുതല്‍ ആമിര്‍ സൂപ്പര്‍ ഫോമിലാണുള്ളത്. ആമിറിനെ പോലെ ഇടങ്കയ്യനാണ് എന്നതാണ് ജഡേജയെ പരീക്ഷിക്കാന്‍ നായകനെ പ്രേരിപ്പിച്ചത്. എം.എസ് ധോണിയടക്കമുള്ള താരങ്ങള്‍ക്ക് ജഡേജ പന്തെറിയുന്നുണ്ട്.

നാളെയാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം. കഴിഞ്ഞ എഷ്യാകപ്പില്‍ ആമിര്‍ ഇന്ത്യയ്‌ക്കെതിരെ നടത്തിയ പ്രകടനത്തെ അത്ര പെട്ടന്നൊന്നും വിരാടിന് മറക്കാന്‍ സാധിക്കില്ല.