ധര്‍മ്മശാല: ഓസീസിനെതിരായ നാലാം ടെസ്റ്റില്‍ താന്‍ കളിക്കുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി രംഗത്ത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ താന്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ തീരുമാനം അറിയിക്കുമെന്നു വിരാട് പറഞ്ഞു.

Subscribe Us:

മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. കളിക്കാന്‍ നൂറു ശതമാനം ഫിറ്റാണെങ്കില്‍ മാത്രമേ ധര്‍മ്മശാലയില്‍ ഇറങ്ങു എന്ന് കോഹ്‌ലി മാധ്യമങ്ങളോട് വ്യക്തമാക്കി.

താനും മറ്റു താരങ്ങളെപോലെ തന്നെയാണ്. പ്രത്യേക പരിഗണനയോ സ്ഥാനമോ തനിക്കില്ലെന്നും അതിനാല്‍ തനിക്ക് പ്രേത്യക ചികിത്സ ആവശ്യമില്ലെന്നും കോഹ് ലി പറഞ്ഞു. ‘ വൈദ്യ പരിശോധനയില്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്നും കളിക്കാന്‍ ആവശ്യമായ ഫിറ്റ്‌നെസുണ്ടെന്നു ബോധ്യപ്പെട്ടാല്‍ മാത്രമേ കളിക്കുകയുള്ളൂ.’ താരം പറയുന്നു.

ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ അവസാന തീരുമാനം എടുക്കാന്‍ ടീം ഫിസിയോയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇന്ന് വൈകിട്ടോ അല്ലെങ്കില്‍ നാളെ രാവിലെയോ മാത്രമേ തീരുമാനം പറയാന്‍ കഴിയൂ എന്ന് വിരാട് വ്യക്തമാക്കി.

മത്സരത്തിന് മുന്നോടിയായി സമ്മര്‍ദ്ദം അനുഭവപ്പെടുന്നുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ശരീരത്തിന്റെ അവസ്ഥ എന്താണെന്ന് തിരിച്ചറിയണമെന്നും അതിനുസരിച്ച് മനസ്സിനെ പാകപ്പെടുത്താന്‍ സാധിക്കണമെന്നുമായിരുന്നു താരത്തിന്റെ മറുപടി.


Also Read: ഇന്ത്യന്‍ സമൂഹം ആണ്‍ സുഹൃത്തുക്കളെ അനുവദിക്കുന്നില്ല; ആന്റി റോമിയോ സ്‌ക്വാഡിനെ കുറിച്ച് മീററ്റ് കോളേജ് പ്രിന്‍സിപ്പല്‍


അതേസമയം, വിരാടിന് പകരക്കാരനാകാന്‍ മുംബൈ താരം ശ്രേയസ് അയ്യരെ ധര്‍മ്മശാലയിലേക്ക് ടീം അധികൃതര്‍ വിളിപ്പിച്ചിട്ടുണ്ട്. ശനിയാഴ്ച്ചയാണ് പരമ്പരയിലെ അവസാന മത്സരം അരങ്ങേറുക. ഓരോ കളികള്‍ വീതം വിജയിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും ഒപ്പത്തിന് ഒപ്പമാണ്.