മുംബൈ: ബി.സി.സി.ഐയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. ഇടവേളയില്ലാത്ത മത്സര ക്രമത്തിനെതിരെയാണ് വിരാട് രംഗത്തെത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തയ്യാറെടുക്കാന്‍ പോലും ടീമിന് സമയമില്ലെന്നും ബി.സി.സി.ഐയുടെ ആസൂത്രണത്തിലെ പിഴവ് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുന്നുവെന്നുമാണ് കോഹ് ലിയുടെ പ്രതികരണം.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തയ്യാറെടുക്കാന്‍ സമയമില്ലാത്തതിനാലാണ് നടന്നുകൊണ്ടിരിക്കുന്ന ലങ്കന്‍ പരമ്പരയ്ക്കായി പേസിന് അനുകൂലമായ പിച്ച് തയ്യാറാക്കിയതെന്നും വിരാട് പറയുന്നു. പേസിനെ അനുകൂലിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകള്‍ക്കായി തയ്യാറാകാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗം ഇപ്പോഴത്തെ ടൈറ്റ് ഷെഡ്യൂളില്‍ ഇല്ലെന്നും ഇന്ത്യന്‍ നായകന്‍ പറയുന്നു.

‘അതെ, ഞങ്ങള്‍ പേസിന് ആവശ്യപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിന് മുമ്പ് വെറും രണ്ട് ദിവസം മാത്രമേ ബാക്കിയുള്ളൂ. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന പര്യടനത്തിനായി തയ്യാറെടുക്കാന്‍ ഇതു മാത്രമേ വഴിയുള്ളൂ.’ കോഹ്‌ലി പറയുന്നു.

‘ഒരു മാസം ഇടവേള കിട്ടിയിരുന്നെങ്കില്‍ ക്യാമ്പു പോലുള്ള ശരിയായ തയ്യാറെടുപ്പുകള്‍ നടത്തുമായിരുന്നു. പക്ഷെ ഉള്ളതിനെ എങ്ങനെയെങ്കിലും ഉപയോഗപ്പെടുത്താന്‍ മാത്രമേ സാധിക്കുകയുള്ളൂ.’ വിരാട് കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റിന് ശേഷം എല്ലാവരും താരങ്ങളെ വിമര്‍ശിക്കാന്‍ തുടങ്ങും. എന്നാല്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയതിന് ശേഷമാണ് പ്രകടനം മോശമാകുന്നതെങ്കില്‍ വിമര്‍ശിക്കുന്നത് ന്യായമാണെന്നും വിരാട് അഭിപ്രായപ്പെട്ടു.

അതേസമയം പ്രതിസന്ധികളെ സ്വീകരിക്കാന്‍ തയ്യാറാണെന്നും ഒന്നോ രണ്ടോ ഇന്നിംഗ്‌സിന് ശേഷം താരങ്ങള്‍ സ്വയം മെച്ചപ്പെടുമെന്നും സാഹചര്യത്തെ മറികടക്കുമെന്നും പറഞ്ഞ നായകന്‍ ഇതൊരു അവസരമായിട്ടാണ് കാണുന്നതാണെന്നും വ്യക്തമാക്കി.