എഡിറ്റര്‍
എഡിറ്റര്‍
അതൊക്കെ അവരുടെ തന്ത്രം മാത്രമാണ്; പരമ്പര കഴിയുമ്പോള്‍ കാണാം ആരു നേടുമെന്ന്; സ്മിത്തിനു മറുപടിയുമായി കോഹ്‌ലി
എഡിറ്റര്‍
Friday 3rd March 2017 4:04pm

 

ബംഗളൂരു: ഓസിസ് നായകന്റെ പ്രസ്താവനയക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. തങ്ങള്‍ക്ക് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും നാളെ ആരംഭിക്കുന്ന മത്സരത്തെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇന്ത്യ സമീപിക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.


Also read അന്നു രാവിലെ പരിശീലനത്തിനിടയില്‍ സംഭവിച്ചത് ഇതായിരുന്നു; വിരമിക്കലിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി സച്ചിന്‍ 


ആദ്യമത്സരത്തിലേറ്റ തിരിച്ചടിയില്‍ നിന്ന് ഇന്ത്യ കരകയറുകയില്ലെന്നും ടീം കടുത്ത സമ്മര്‍ദ്ദത്തിനടിപ്പെട്ടിരിക്കുകയുമാണെന്ന ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് ഇന്ത്യന്‍ നായകന്‍ രംഗത്തെത്തിയത്. ടൂര്‍ണ്ണമെന്റിലെ ആദ്യമത്സരത്തിലേറ്റ തോല്‍വി ഇന്ത്യന്‍ ടീമിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നും സ്മിത്ത് പറഞ്ഞിരുന്നു.

‘ടൂര്‍ണ്ണമെന്റ് നഷ്ടപ്പെടാതിരിക്കാന്‍ തങ്ങള്‍ക്ക് ഒരു ജയം മാത്രം മതി. പക്ഷേ ആതിഥേയരുടെ സ്ഥിതി ഇതല്ല അവര്‍ ഒരു മത്സരത്തിന് പിറകിലാണിപ്പോള്‍ അതിന്റെതായ സമ്മര്‍ദ്ദം അവര്‍ക്ക് ഉണ്ടാകാതിരിക്കില്ലെ’ന്നായിരുന്നു സ്മിത്ത് പറഞ്ഞത്.

എന്നാല്‍ സ്മിത്തിന്റെ വാചകങ്ങളെക്കുറിച്ചുള്ള ചോദ്യത്തോട് ചിരിച്ചുകൊണ്ടായിരുന്നു കോഹ്‌ലി മറുപടി പറഞ്ഞത്. ‘അതൊക്കെ വെറും തന്ത്രം മാത്രമാണ്. ഞങ്ങള്‍ തികച്ചും റിലാക്‌സ്ഡാണ്. ഞാന്‍ സന്തോഷവാനാണ്, ഞാന്‍ ചിരിക്കുന്നുണ്ട്, എല്ലാം നന്നായി തന്നെയാണ് പോകുന്നത്. സ്മിത്ത് പറഞ്ഞതൊക്കെ അയാളുടെ കാഴ്ചപ്പാടുകള്‍ മാത്രമാണ്. ഓസീസ് പറയുന്നതിനേക്കാള്‍ നമ്മുടെ കഴിവുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് ടീം ശ്രമിക്കുന്നത്. പിന്നെ ഇതൊക്കെ വാര്‍ത്താസമ്മേളനങ്ങളില്‍ അവര്‍ ഉപയോഗിക്കുന്ന തന്ത്രം മാത്രമാണ് അത് എനിക്ക് വളരെ നന്നായി അറിയാം.’ കോഹ്‌ലി പറഞ്ഞു.

‘ഞങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷം കളിച്ച അതേ രീതിയില്‍ തന്നെയാണ് നാളെയും മത്സരത്തിനിറങ്ങുന്നത്. നമുക്ക് നോക്കാം നാലാമത്തെ മത്സരവും കഴിയുമ്പോള്‍ പരമ്പരയുടെ ഫലം എങ്ങിനെയായിരിക്കുമെന്ന്’ കോഹ്‌ലി പറഞ്ഞു.

Advertisement