ദുബൈയ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തില്‍ സെഞ്ച്വറിയോടെ ഇന്ത്യയെ വിജയത്തിലേക്ക്് നയിച്ച മധ്യനിര ബാറ്റ്‌സ്മാന്‍ വിരാട് കോലി (759 പോയന്റ്) അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ പുതിയ ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.

ദക്ഷിണാഫ്രിക്കയുടെ ഹാഷിം അംല (867) , എ. ബി. ഡിവില്ലിയേഴ്‌സ് (804) , ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഷെയ്ന്‍ വാട്‌സണ്‍ (760) എന്നിവരാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനത്തുള്ളത്. 756 പോയന്റുമായി ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി കോലിക്ക് തൊട്ടു പിന്നില്‍ അഞ്ചാം സ്ഥാനത്തുണ്ട്. ബൗളിംഗില്‍ ആദ്യ പത്ത് സ്ഥാനത്ത ഒരു ഇന്ത്യന്‍ ബൗളര്‍മാരും ഇടം പിടിച്ചില്ല. പട്ടികയില്‍ ഇംഗ്ലണ്ടിന്റെ ഓഫ് സ്പിന്നര്‍ ഗ്രേയം സ്വാനാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം ടീമിനത്തില്‍ നാലാം സ്ഥാനത്തെത്താന്‍ ഇന്ത്യക്ക് ഇനി ഒരു വിജയംകൂടി മതി. ഇംഗ്ലണ്ടിനെതിരായ പരമ്പര 5-0ന് ഇന്ത്യ വിജയിക്കുകയും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക ആദ്യ രണ്ടു മത്സരങ്ങള്‍ പരാജയപ്പെടുകയും ചെയ്താല്‍ ഇന്ത്യക്ക് റാങ്കിംഗില്‍ മൂന്നാമതെത്താം.