എഡിറ്റര്‍
എഡിറ്റര്‍
‘ അനില്‍ ഭായിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു, ഡ്രസ്സിംഗ് റൂമിന്റെ പവിത്രത എന്നും കാത്തുസൂക്ഷിക്കും’; കുംബ്ലെയെ സ്വാഗതം ചെയ്തു കൊണ്ടുള്ള ട്വീറ്റ് ഡിലീറ്റ് ചെയ്ത് വിരാട് കോഹ്‌ലി
എഡിറ്റര്‍
Friday 23rd June 2017 8:35am

മുംബൈ: രാജിവച്ച ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയോടുള്ള അതൃപ്തി വീണ്ടും വെളിപ്പെടുത്തി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. കോഹ്ലിക്ക് തന്നോടുള്ള ഭിന്നതകളാണ് രാജിക്ക് വഴിവച്ചതെന്ന് പരസ്യമാക്കിയതിന് പിന്നാലെ കുംബ്ലെ ഇന്ത്യന്‍ പരിശീലകനായി നിയോഗിക്കപ്പെട്ടപ്പോള്‍ സ്വാഗതം ചെയ്ത പഴയ ട്വീറ്റ് ഡിലീറ്റ് ചെയ്താണ് കോഹ്ലി പ്രതികരിച്ചത്.

2016 ജൂണ്‍ 23ന് ചെയ്ത ട്വീറ്റാണ് കോഹ്ലി നീക്കം ചെയ്തത്. ”സ്വാഗതം അനില്‍ കുംബ്ലെ സര്‍, താങ്കളുമായുള്ള കൂട്ടുകെട്ടിനായി കാത്തിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന നല്ല ദിനങ്ങളാണ്” – ഇതായിരുന്നു കോഹ്ലിയുടെ സ്വാഗത ട്വീറ്റ്.

ശക്തമായ ഭിന്നതകളാണ് കുംബ്ലെയുടെ രാജിയില്‍ കലാശിച്ചതെന്ന് വ്യക്തമായതോടെ സംഭവത്തില്‍ കോഹ്ലിയുടെ ഭാഗം അറിയാനുള്ള ആഗ്രഹം പല ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നെങ്കിലും മൗനം തുടര്‍ന്ന ഇന്ത്യന്‍ നായകന്‍ ഈ പ്രവൃത്തിയിലൂടെ തന്റെ നിലപാട് ശക്തമായി തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്.

വെസ്റ്റിന്‍ഡീസ് പര്യടനത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ വിരാട് മൗനം വെടിഞ്ഞു. അനില്‍ ഭായിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നായിരുന്നു ഇന്ത്യന്‍ നായകന്റെ പ്രതികരണം. ഡ്രസ്സിംഗ് റൂമിന്റെ പവിത്രത കാത്തുസൂക്ഷിക്കാന്‍ എന്നും ശ്രമിച്ചിട്ടുണ്ടെന്നും അതിനാലാണ് അവിടെ നടക്കുന്നതൊന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊട്ടിഘോഷിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.


Also Read: ‘ഇതിഹാസങ്ങളും കലിപ്പ് മോഡില്‍’; തങ്ങളുടെ വാക്ക് കണക്കിലെടുക്കാത്ത നായകനുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് സച്ചിനും ഗാംഗുലിയും ലക്ഷ്മണും


ഡ്രസ്സിംഗ് റൂം തങ്ങള്‍ക്കെല്ലാം വിശുദ്ധമായ ഇടമാണെന്നും അതിന്റെ പവിത്രത എന്നും കാത്തുസൂക്ഷിക്കാന്‍ സാധിക്കട്ടെയെന്നും വിരാട് കൂട്ടിച്ചേര്‍ത്തു.

ടീമിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ബി.സി.സി.ഐയുടെയും ക്രിക്കറ്റ് ഉപദേശ സമിതിയുടേയും ഉപദേശം കോഹ്ലി തള്ളിയതോടെയാണ് രാജി വയ്ക്കാന്‍ കുംബ്ലെ തീരുമാനിച്ചത്. പ്രശ്ന പരിഹാരത്തിനായി ബോര്‍ഡ് അംഗങ്ങളും ക്രിക്കറ്റ ഉപദേശക സമിതിയും പലകുറി കോഹ്ലിയുമായി ചര്‍ച്ച നടത്തിയെങ്കിലും നായകന്‍ കടുംപിടുത്തം പിടിക്കുകയായിരുന്നു. കുംബ്ലെ രാജിവെച്ചില്ലെങ്കില്‍ താന്‍ രാജിവയ്ക്കുമെന്ന നിലപാടാണ് കോഹ്ലി സ്വീകരിച്ചത്.

ഇതാണ് ബി.സി.സി.ഐയെ ചൊടിപ്പിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയ്ക്കു ശേഷം കോഹ്ലിക്കും സ്ഥാനചലനമുണ്ടായേക്കുമെന്ന് ബി.സി.സി.ഐ. വൃത്തങ്ങളില്‍ ചിലര്‍ തുറന്നുപറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. നായകനെന്ന നിലയില്‍ ചെറിയ തെറ്റുകള്‍ പോലും കോഹ്ലിയ്ക്കെതിരേ നടപടിസ്വീകരിക്കാന്‍ ഇടയാക്കുമെന്നും ബി.സി.സി.ഐ. വൃത്തങ്ങള്‍ പറയുന്നു. വെസ്റ്റിന്‍ഡീസിനെതിരെ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കന്‍ പര്യടനത്തിനാണ് ടീം ഇന്ത്യ പോകുക.

Advertisement