മലപ്പുറം: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി വിപിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തില്‍ പൊലീസ്.

രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് വിപിന്‍ കൊല്ലപ്പെടുന്നത്. വിപിന്റെ നീക്കങ്ങള്‍ കൃത്യമായി അറിയാവുന്നവര്‍ തന്നെയാണ് കൃത്യത്തിന് പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗികമായ പ്രതികരണമൊന്നും പൊലീസ് നടത്തിയിട്ടില്ല.

ഒന്നരമാസം മുന്‍പാണ് ഫൈസല്‍ വധക്കേസില്‍ ജാമ്യം ലഭിച്ച് വിപിന്‍ പുറത്തിറങ്ങിയത്. ആലത്തിയൂര്‍ സ്വദേശിയായ 23 കാരന്‍ വിപിനെ ഇന്ന് രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ റോഡരികില്‍ കണ്ടെത്തിയത്.


Dont Miss കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു


തിരൂര്‍ പുളിഞ്ചോട്ടിലാണ് വിപിനെ വെട്ടിപരിക്കേല്‍പ്പിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മതം മാറിയതിന്റെ പേരില്‍ കൊലചെയ്യപ്പെട്ട ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതിയാണ് വെട്ടേറ്റ് മരിച്ച വിപിന്‍.

അതേസമയം വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പ്രദേശത്ത് വലിയ തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. വിപിന്റെ മൃതദേഹം പൊസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്കായി മാറ്റിയിട്ടുണ്ട്.

ഇസ്‌ലാം മതം സ്വീകരിച്ചതിന്റെ വൈരാഗ്യത്തെത്തുടര്‍ന്നായിരുന്നു ഫൈസലിന്റെ കൊലപാതകം. സഹോദരീ ഭര്‍ത്താവ് വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേദിവസമായിരുന്നു ഫൈസല്‍ കൊല്ലപ്പെട്ടത്.