എഡിറ്റര്‍
എഡിറ്റര്‍
കൊല്ലപ്പെട്ടത് ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി; മരണം ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി
എഡിറ്റര്‍
Thursday 24th August 2017 9:46am

 

 

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ രണ്ടാം പ്രതി വിപിനാണ് ഇന്നു രാവിലെ തിരൂര്‍ പുളിഞ്ചോട്ടില്‍ വെട്ടേറ്റ് മരിച്ചത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ വിപിന്‍ കുറച്ച് കാലം മുന്നേയാണ് കേസില്‍ ജ്യാമ്യം നേടി പുറത്തിറങ്ങിയത്.

ഇന്ന് രാവിലെ ഏഴരയോടെയാണ് വിപിനെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. വിപിന്റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.


Also read കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു


തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന വിപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

കേസിലെ 14ാം പ്രതിയായ പന്താരങ്ങാടി തൃക്കുളം പളളിപ്പടി തയ്യില്‍ അപ്പുവിന്റെ മകന്‍ ലിജീഷിനു നേരെ മുമ്പ് വധശ്രമം നടന്നിരുന്നു. ആഗസ്റ്റ് മൂന്നിന് കൊടക്കാട് ആലിന്‍ചുവട് വെച്ച് ലിജീഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇന്നോവ കാര്‍ ഇടിപ്പിക്കുകയായിരുന്നു.

2016 നവംബര്‍ 19 നായിരുന്നു കൊടിഞ്ഞിയിലെ ഫൈസല്‍ കൊല്ലപ്പെട്ടത്. പുലര്‍ച്ചെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഭാര്യയുടെ അച്ഛനേയും അമ്മയേയും കൂട്ടിക്കൊണ്ടു വരാന്‍ പോയപ്പോഴായിരുന്നു കൊലപാതകം. രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം കാണുന്നത്.


Dont Miss: ‘പന്നീ.. ഇന്ത്യയിലേക്ക് തിരിച്ച് പോകൂ’; അമേരിക്കയില്‍ ഇന്ത്യക്കാരനായ സി.ഇ.ഒയ്ക്ക് ട്രംപ് അനുകൂലികളുടെ അധിക്ഷേപം


ഗള്‍ഫിലേക്ക് പോകുന്നതിന് തലേദിവസമായിരുന്നു ഫൈസല്‍ കൊലപ്പെട്ടത്. ഹിന്ദുവായിരുന്ന ഫൈസല്‍ മതംമാറി മുസ്ലീമായതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ വെച്ചായിരുന്നു ഫൈസല്‍ മതം മാറിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 16 ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു.

ഫൈസലിന്റെ മരണശേഷം ഇദ്ദേഹത്തിന്റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ രണ്ട് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളുമാണ് മതം മാറിയത്. ഫൈസലിന്റെ കൊലപാതകത്തിന് പിന്നാലെ അമ്മ മീനാക്ഷിയും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു.

 

Advertisement