കണ്ണൂര്‍:കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം.
മാധ്യമം ദിനപ്പത്രത്തിലെ സനല്‍കുമാര്‍, മുഹമ്മദ് ഇഖ്ബാല്‍, പികെ മുഹമ്മദലി, സഫ്‌വാന്‍, സനീഷ് എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ മാരുതി കാറിലെത്തിയ അഞ്ചംഗസംഘമാണ് സംഭവത്തിനു പിന്നില്‍. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരില്‍ സബ് എഡിറ്റര്‍ സനല്‍കുമാറിന്റെ നില അതീവഗുരുതരമാണ്. തോളെല്ല് പൊട്ടിയ ഇദ്ദേഹത്തെ എ.കെ.ജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ജോലി കഴിഞ്ഞു തിരിച്ചുപോവുകയായിരുന്ന ഇവരെ ഒരു സംഘമാളുകള്‍ തടഞ്ഞുവെച്ച് ജോലി എന്താണെന്നന്വേഷിക്കുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമായിട്ടില്ല. ജോലിയുമായി ബന്ധപ്പെട്ടല്ല എന്നാണ് പ്രാഥമിക നിഗമനം.