തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തലവന്‍ വിന്‍സന്‍ എം.പോള്‍ അവധിക്ക് അപേക്ഷ നല്‍കി. മൂന്ന് മാസം മുന്‍പാണ് ഇദ്ദേഹം അവധിയക്ക് അപേക്ഷ നല്‍കിയത്.

വിദേശത്ത് വെച്ചു നടക്കുന്ന ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയായാണ് അവധിയ്ക്ക് അപേക്ഷിച്ചത്. എന്നാല്‍ അവധിയുടെ കാര്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി.

ടി.പി വധക്കേസിന്റെ അന്വേഷണം നിര്‍ണ്ണായക വഴിത്തിരിവിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണത്തലവന്റെ അവധി കേസിനെ ബാധിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അദ്ദേഹത്തിന്റെ അവധിയെ കുറിച്ച് തീരുമാനമായില്ലെന്നും വിന്‍സന്‍ പോളിന്റെ പിന്തുണ കേസ് അന്വേഷണത്തില്‍ ഉണ്ടാകുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അവധി അപേക്ഷയ്ക്ക് കേസ് അന്വേഷണവുമായി ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രമാദമായ പല കേസുകളും തെളിയിച്ച ഉദ്യോഗസ്ഥനാണ് വിന്‍സന്‍.എം.പോള്‍. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസാനിധ്യത്തില്‍ ടി.പി വധക്കേസിന്റെ അന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.