എഡിറ്റര്‍
എഡിറ്റര്‍
വിനോദ് കുമാര്‍ ബിന്നി ദല്‍ഹിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നു
എഡിറ്റര്‍
Sunday 9th March 2014 7:57am

vinod-kumar-binny

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട എം.എല്‍.എ വിനോദ്കുമാര്‍ ബിന്നിയെ ലോക്‌സ്ഭ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുന്നു.

കിഴക്കന്‍ ദല്‍ഹി മണ്ഡലത്തില്‍ നിന്ന മത്സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ദല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദിക്ഷിതാണ് അവിടത്തെ നിലവിലെ എം.പി.

അതേസമയം ഗാന്ധിജിയുടെ ചെറുമകനായ രാജ്‌മോഹന്‍ ഗാന്ധിയാണ് ഇവിടെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവുന്നത്.

ലക്ഷിനഗര്‍ എം.എല്‍.എയാണ് ബിന്നി.

ഈ മാസം 12ന് രാംലീല മൈതാനിയില്‍  പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അണ്ണ ഹസാരെയും സംയുക്തമായി നടത്തുന്ന റാലിയില്‍ ബിന്നിയെയും ദല്‍ഹിയിലെ മറ്റ് സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും.

മമത ബാനര്‍ജിയുമായുള്ള സഖ്യം അഴിമതി വിരുദ്ധ സമര നേതാവും ഗാന്ധിയനുമായ അണ്ണ ഹസാരെ നേരത്തെ തീരുമാനിച്ചതായിരുന്നു.

ആം ആദ്മി പാര്‍ട്ടിയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനമുന്നയിച്ചതിനെത്തുടര്‍ന്നാണ് വിനോദ് കുമാര്‍ ബിന്നിയെ പാര്‍ട്ടി പുറത്താക്കിയത്.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഭരണത്തില്‍ എങ്ങനെയെങ്കിലും തുടരാനുള്ള കഠിന ശ്രമത്തിലാണ് കെജ്‌രിവാളെന്നും  ബിന്നി കുറ്റപ്പെടുത്തിയിരുന്നു.

ആം ആദ്മി പാര്‍ട്ടി അടിസ്ഥാനതത്വത്തില്‍ നിന്ന് വ്യതിചലിക്കുകയാണ്. പ്രഖ്യാപനവും പ്രവര്‍ത്തനവും തമ്മില്‍ യോജിച്ചുപോകുന്നില്ല. ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തവയല്ല നടപ്പാക്കുന്നതെന്നും ബിന്നി ആരോപിച്ചിരുന്നു.

Advertisement