എഡിറ്റര്‍
എഡിറ്റര്‍
കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാനല്ല ആം ആദ്മി ഉണ്ടാക്കിയത് : ബിന്നി
എഡിറ്റര്‍
Thursday 16th January 2014 11:39am

vinod-kumar-binny

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി ഉണ്ടാക്കിയത് കെജ്‌രിവാളിനെ മുഖ്യമന്ത്രിയാക്കാനല്ലെന്ന്  ആം ആദ്മി പാര്‍ട്ടി എം.എല്‍.എ വിനോദ് കുമാര്‍ ബിന്നി.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഭരണത്തില്‍ എങ്ങനെയെങ്കിലും തുടരാനുള്ള കഠിന ശ്രമത്തിലാണ് കെജ്‌രിവാളെന്നും  ബിന്നി കുറ്റപ്പെടുത്തി.

ആം ആദ്മി പാര്‍ട്ടി അടിസ്ഥാനതത്വത്തില്‍ നിന്ന് വ്യതിചലിക്കുകയാണ്. പ്രഖ്യാപനവും പ്രവര്‍ത്തനവും തമ്മില്‍ യോജിച്ചുപോകുന്നില്ല. ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തവയല്ല നടപ്പാക്കുന്നത്.

തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ല. ദിവസേന 700 ലിറ്റര്‍ വെള്ളം വിതരണം ചെയ്യുമെന്ന് പറഞ്ഞത് വെറും വാചകക്കസര്‍ത്ത് മാത്രമായി.

നിജസ്ഥിതി അറിയണമെങ്കില്‍ ദല്‍ഹിയിലെ സാധാരണജനങ്ങളെ കണ്ട് നിങ്ങള്‍ സംസാരിക്കണമെന്നും ബിന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തന്നെ മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി ഡല്‍ഹിയില്‍ ജയിച്ചത്. ഉപയോഗിച്ച ശേഷം പുറന്തള്ളുകയാണ് പാര്‍ട്ടി ചെയ്യുന്നത്. ഹസാരെയെയും കിരണ്‍ ബേദിയേയും ഇത്തരത്തിലാണ് ഉപയോഗിച്ചത്.

ദല്‍ഹിയുടെ ഹൃദയഭാഗത്ത് പോലും കൂട്ടബലാല്‍സംഗം ഒഴിവാക്കാന്‍ സര്‍ക്കാറിനാവുന്നില്ല. ചൊവ്വാഴ്ച ഒരു ഡാനിഷ് വനിത കൂട്ടമാനഭംഗത്തിനിരയായതിനെ കുറിച്ച് കെജ്‌രിവാള്‍ പ്രതികരിച്ചില്ല.

സ്ത്രീസുരക്ഷയെ വീമ്പിളക്കിയ മുഖ്യമന്ത്രിയും മന്ത്രിമാരും സമീപകാല സ്ത്രീപീഡനങ്ങളെ കുറിച്ച് എന്തുകൊണ്ട് മിണ്ടുന്നില്ലെന്നും ബിന്നി ചോദിച്ചു.

കോണ്‍ഗ്രസ് മുന്‍ പ്രവര്‍ത്തകന്‍ കൂടിയായ ബിന്നി, മന്ത്രിസ്ഥാനം ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് നേരത്തേയും ആം ആദ്മി പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിരുന്നു.

അതേസമയം, ലോക്‌സഭാ സീറ്റ് നല്‍കില്ലെന്ന് പറഞ്ഞതുകൊണ്ടാണ് ബിന്നി പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്ന്  അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.

ബിന്നിക്കൊപ്പം ഡെക്കാന്‍ എയര്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ഗോപിനാഥും സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപ റീട്ടെയ്ല്‍ കേന്ദങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കില്ലെന്ന നിലപാടാണ് ഗോപിനാഥിനെ സര്‍ക്കാരിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.

Advertisement