അങ്ങനെ മലയാളത്തിലെ മറ്റൊരു ബാച്ചിലര്‍ കൂടി വിവാഹിതനാകുന്നു. യുവ നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്‍ വിവാഹിതനാവുകയാണ്. എട്ട് വര്‍ഷത്തെ പ്രണയമാണ് ഇതോടെ സഫലമാകുന്നത്. നാളെ വിനീതിന്റെ ജന്മദേശമായ കണ്ണൂരില്‍ വെച്ചാണ് വിവാഹം. പരമ്പരാഗത ഹിന്ദു ആചാര പ്രകാരമാണ് വിവാഹം നടക്കുക. നാളെ രാവിലെ 11.45 നാണ് മുഹൂര്‍ത്തം.

Ads By Google

Subscribe Us:

തനിക്ക് പ്രണയമുണ്ടെന്ന് നേരത്തേ വെളിപ്പെടത്തിയ വിനീത് പക്ഷേ പ്രണയിനിയെ ആര്‍ക്കും കാണിച്ച് കൊടുക്കാതെ മനസ്സിന്റെ മറയത്ത് വെച്ചിരിക്കുകയായിരുന്നു. ഒടുവില്‍ തട്ടത്തിന്‍ മറയത്ത് എന്ന തന്റെ പ്രണയ ചിത്രം സൂപ്പര്‍ ഹിറ്റായ സമയത്തായിരുന്നു വിനീത് തന്റെ പ്രണയിനിയേയും വെളിച്ചത്ത് കൊണ്ടുവന്നത്.

ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ കണ്ണൂര്‍ സ്വദേശി ദിവ്യ നാരായണനാണ് വിനീതിന്റെ പ്രണയിനിയുടെ റോളില്‍ നിന്നും ജീവിത സഖിയുടെ റോളിലേക്ക് എത്തുന്നത്.

വിവാഹ ശേഷം ചെന്നൈയില്‍ സ്ഥിരതാമസമാക്കാനാണ് ഇരുവരുടേയും തീരുമാനം. ചെന്നൈയിലെ ഐ.ടി സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ദിവ്യ ഇപ്പോള്‍. വിവാഹ ശേഷം പഠനം തുടരാനാണ് ദിവ്യയുടെ പ്ലാന്‍ എന്നാണ് അറിയുന്നത്.

കണ്ണൂരില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാവും പങ്കെടുക്കുക.

സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി ഒക്ടോബര്‍ 20 ന് കൊച്ചിയില്‍ വെച്ച് റിസപ്ഷന്‍ നടക്കും.

ചെന്നൈയിലെ എഞ്ചിനീയറിങ് കോളേജില്‍ വെച്ചാണ് വിനീത് ദിവ്യയെ പരിചയപ്പെടുന്നത്. വിനീതിന്റെ ജൂനിയറായിരുന്ന ദിവ്യയുമായുള്ള സൗഹൃദം പതിയെ പ്രണയത്തിന് വഴിമാറുകയായിരുന്നു.