എഡിറ്റര്‍
എഡിറ്റര്‍
തിരയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പ്ലാന്‍ ചെയ്യുന്നുണ്ട്: വിനീത്
എഡിറ്റര്‍
Friday 15th November 2013 1:04pm

vineeth-sreenivasan

ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിച്ച തിര എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റെ സന്തോഷം സംവിധായകന്‍ വിനീത് ശ്രീനിവാസനുണ്ട്.

ഓണ്‍ലൈന്‍ റിവ്യൂകളും ഫേസ്ബുക്ക് റിവ്യൂകളും പോസിറ്റീവായാണ് ചിത്രത്തെ കാണുന്നതെന്നും വിനീത് പറയുന്നു.

എറണാകുളത്ത് പോയി സിനിമ കണ്ടിരുന്നു. ചിത്രത്തിന്റെ അവസാനം തിയേറ്ററില്‍ ആളുകള്‍ കയ്യടിച്ചാണ് സിനിമയെ സ്വീകരിച്ചത്. ആ സമയത്ത് ഏറെ സന്തോഷം തോന്നി.

ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് തിര. സ്ഥിരം ചെയ്യുന്നതില്‍ നിന്ന് വിട്ടിട്ട് പുതിയൊരു കാര്യം ചെയ്യുന്നതിന്റെ താത്പര്യവും ചിത്രത്തിന്റെ ഷൂട്ടിങ് വേളയില്‍ ഉണ്ടായിരുന്നു.

തിരയുടെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും എല്ലാം ഞങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ അതിനനുസരിച്ച് തന്നെയാണ് ഉള്ളത്- വിനീത് പറയുന്നു.

തിരയുടെ സബ്ജക്ട് ഒരു ത്രില്ലറിന്റെ രൂപത്തില്‍ പറഞ്ഞാല്‍ അത് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നതാണ്. അതുകൊണ്ടാണ് അത്തരത്തില്‍ ചിത്രീകരിച്ചത്.

പ്രിയദര്‍ശന്‍ സാറിന്റെ ഗീതാജ്ഞലിക്കൊപ്പം തന്നെ ചിത്രം റിലീസിനെത്തിയത് തികച്ചും സ്വാഭാവികമാണെന്നും വിനീത് പറയുന്നു. റിലീസിന്റെ ഒരാഴ്ച മുന്‍പ് പ്രിയന്‍ സാറിനെ കണ്ടിരുന്നു. അച്ഛന്റെ സുഹൃത്തായതിനാല്‍ തന്നെ മക്കളോടുള്ള സ്‌നേഹമാണ് എന്നോട്.

എന്റെ പടത്തിന് എതിരായി തന്നെ നീ റിലീസ് ചെയ്തല്ലേ എന്ന് തമാശ രൂപേണ ചോദിച്ചു. ചിത്രത്തിന് വിജയാശംസകളും നേര്‍ന്നു. ഇതില്‍ അങ്ങനെ മത്സരമൊന്നും ഇല്ല. നല്ല സിനിമകള്‍ വിജയിക്കണം. അത്രയേ ഉള്ളൂ- വിനീത് പറഞ്ഞു.

അറിയാവുന്ന പുതിയ കാര്യങ്ങളെല്ലാം തിരയിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. പിന്നെ പുതിയ താരങ്ങളുമായി വര്‍ക്ക് ചെയ്യാന്‍ സാധിച്ചതാണ് മറ്റൊരു സന്തോഷം.

ധ്യാന്‍ എന്ന പുതിയ താരത്തെ പരിചയപ്പെടുത്തിയത് അനിയന്‍ ആയതുകൊണ്ടല്ല. മറിച്ച് ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനുള്ള ബോഡി ലാഗ്വേജും കഴിവും അവനുണ്ടെന്ന് മനസിലായതുകൊണ്ടാണെന്നും വിനീത് പറയുന്നു.

പിന്നെ ശോഭനാ മാഡത്തെ പോലെ ഒരാളെ ചിത്രത്തിലെ നായികയായി ലഭിച്ചതാണ് മറ്റൊരു ഭാഗ്യം.

മാഡത്തിന്റെ പ്രസന്‍സ് തന്നെ നമുക്ക് ഒരു ഊര്‍ജ്ജം തരും. നമ്മളെ പരമാവധി കോണ്‍ഫിഡന്‍സ് ആക്കി നിര്‍ത്താനാണ് അവര്‍ ശ്രമിച്ചത്. ഇത്രയേറെ എനര്‍ജറ്റികായ മറ്റൊരു സ്ത്രീയേയും താന്‍ കണ്ടിട്ടില്ലെന്നും വിനീത് പറയുന്നു.

Advertisement