കല്പറ്റ: മലയാള സിനിമ മാറ്റത്തിന്റെ പാതയിലാണെന്നും പുതിയ പരീക്ഷണങ്ങള്‍ വിജയിക്കുന്നുണ്ടെന്നും സിനിമാതാരം വിനീത് കുമാര്‍.. വയനാട് പ്രസ്‌ക്ലബിന്റെ കള്‍ച്ചറല്‍ ഫോറം ഉദ്ഘാടനം ചെയ്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ചാലേ ജനം സിനിമ കാണുകയുള്ളുവെന്നത് തെറ്റിദ്ധാരണമാത്രമാണെന്ന് വ്യക്തമായി. അതിന് പ്രത്യക്ഷമായ തെളിവുകളാണ് സോള്‍ട്ട് ആന്റ് പെപ്പര്‍, ചാപ്പാ കുരിശ്, ട്രാഫിക് തുടങ്ങിയ ചിത്രങ്ങളുടെ വന്‍വിജയം. അന്യാഭാഷാചിത്രങ്ങളില്‍ നല്ല പ്രതിഫലവും ഗ്ലാമറും പ്രചാരണവും ലഭിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ അഭിനയിക്കുമ്പോഴാണ് സംതൃപ്തിയെന്നും വിനീത്കുമാര്‍ പറഞ്ഞു.

ആര്‍ട്ട് സിനിമ, കൊമേഴ്‌സ്യല്‍ സിനിമ എന്നിങ്ങനെ രണ്ടായികാണുന്നത് കാലഹരണപ്പെട്ടിരിക്കുന്നു. ആദാമിന്റെമകന്‍ അബുവെന്ന ചിത്രത്തിന് അവാര്‍ഡ് ലഭിച്ചതിന്റെ പേരില്‍ മാത്രം കാണാതിരുന്ന നിരവധി പ്രേക്ഷകരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രസ് ക്ലബ് സെക്രട്ടറി അബ്ദുള്‍ അസീസ്(ചന്ദ്രിക) അധ്യക്ഷത വഹിച്ചു. കള്‍ച്ചറല്‍ ഫോറം കണ്‍വീനര്‍ രമേഷ് എഴുത്തച്ഛന്‍(മനോരമ) സ്വാഗതവും, സുനി എം അശോക്(വയനാട് വിഷന്‍) നന്ദിയും പറഞ്ഞു.