കോഴിക്കോട് : ഐ.എസ്.എല്ലും ഐ ലീഗും ഒരുമിപ്പിക്കാനുള്ള തീരുമാനം വന്നതോടെ ആശങ്കയിലായത് കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരായിരുന്നു. കാരണം കൊമ്പന്മാരുടെ മുഖ്യ താരങ്ങളായ സന്ദേശ് ജിങ്കാനേയും വിനീതിനേയും റിനോ ആന്റോയേയും നഷ്ടമാകാന്‍ സാധ്യതയുണ്ടായിരുന്നു. ഐ ലീഗില്‍ നിന്നും ഐ.എസ്.എല്ലിലേക്ക് വരുന്ന ബംഗളൂരു എഫ്.സിയുടെ താരങ്ങളാണ് ഇരുവരും.

ഇതിനു പിന്നാലെയാണ് ടീമിന്റെ കുന്തമുനകളായ ബെല്‍ഫോര്‍ട്ടും ഹോസുവും വല്ല്യേട്ടന്‍ ആരോണ്‍ ഹ്യൂസുമടക്കമുള്ള താരങ്ങള്‍ ഇത്തവണയുണ്ടാകില്ല എന്ന വാര്‍ത്തയും പുറത്തു വന്നത്. എന്നാലിനി കൊമ്പന്മാരുടെ ആരാധകര്‍ക്ക് ആശ്വസിക്കാം. കാരണം വിനീതിനേയും ജിങ്കാനേയും ടീമില്‍ തന്നെ നിലനിര്‍ത്താന്‍ സാധിക്കും. തീര്‍ന്നില്ല, മഞ്ഞപ്പടയുടെ സ്വന്തം ്്്്്‌കോപ്പല്‍ ആശാന്‍ പരിശീലക സ്ഥാനത്ത് തുടരും.

നാലാം സീസണില്‍ ടീമുകള്‍ക്ക് രണ്ടുതാരങ്ങളെയാണ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു. കഴിഞ്ഞസീസണില്‍ മികച്ച പ്രകടനം നടത്തിയ വിനീതിനെയും ജിങ്കാനെയും നിലനിര്‍ത്താനാണ് ടീം മാനേജ്മെന്റിന് താത്പര്യം. ഇതുസംബന്ധിച്ചുള്ള ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇരുതാരങ്ങള്‍ക്കും ടീമില്‍ തുടരാന്‍ താത്പര്യമുണ്ട്.


Also Read: കൊച്ചി മെട്രോയില്‍ മോദിക്കൊപ്പം വലിഞ്ഞുകയറി കുമ്മനം; ഇരിപ്പിടം തരപ്പെടുത്തിയത് ഗവര്‍ണര്‍ക്ക് അടുത്ത്


ബംഗളൂരു എഫ്.സിയുമായുള്ള വിനീതിന്റെ കരാര്‍ അവസാനിച്ചിട്ടുണ്ട്. ജിങ്കന്‍ വായ്പ അടിസ്ഥാനത്തിലാണ് ബ്ലാസ്റ്റേഴ്സില്‍നിന്ന് ബംഗളൂരുവിലേക്ക് പോയത്. അതുകൊണ്ടുതന്നെ ഇരുവരേയും നിലനിര്‍ത്താന്‍ കേരള ടീമിന് ബുദ്ധിമുട്ടില്ല.

അതേസമയം, കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സില്‍ കളിച്ച മലയാളി പ്രതിരോധനിരക്കാരന്‍ റിനോ ആന്റോ സൂപ്പര്‍ലീഗിലെ ബംഗളൂരു ടീമില്‍ കളിക്കാനാണ് സാധ്യത. റിനോയെയും സുനില്‍ ഛേത്രിയെയും നിലനിര്‍ത്താനാണ് ബംഗളൂരു ശ്രമിക്കുന്നത്.

മൂന്നു സീസണുകളില്‍ ടീമിലുണ്ടായിരുന്ന ഇഷ്ഫഖ് അഹമ്മദ്, സന്ദീപ് നന്ദി, ഗുര്‍വീന്ദര്‍ സിങ് എന്നിവര്‍ ഇത്തവണ ഉണ്ടാകില്ല. എന്നാല്‍ മധ്യനിരക്കാരന്‍ മെഹ്താബ് ഹുസൈനെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയേക്കും. യുവതാരങ്ങളില്‍ മലപ്പുറത്തുകാരന്‍ ജിഷ്ണു ബാലകൃഷ്ണനുമായി ക്ലബ്ബ് ധാരണയിലെത്തിയിട്ടുണ്ട്. മൂന്നു വര്‍ഷത്തെ കരാറിലായിരിക്കും ഗോകുലം എഫ്.സിയുടെ മധ്യനിരതാരം ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറുന്നത്.