കൊച്ചി: ആക്രമണത്തിന് ഇരയായ യുവനടിയ്ക്ക് പിന്തുണയുമായി സിനിമ ലോകത്തെ പ്രമുഖര്‍ രംഗത്തെത്തുന്നു. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനാണ് നടിയ്ക്ക് പിന്തുണയുമായി ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്. നടിക്കെതിരായ ആക്രമണ സംഭവം കേവലം ഒറ്റപ്പെട്ട സംഭവമല്ലെന്നും ഇങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ജനങ്ങളുടെ മനോഭാവം മാറണമെന്നാണ് വിനീത് പറയുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിനീതിന്റെ പ്രതികരണം.

‘അച്ഛന്‍ അമ്മയോട് സ്‌നേഹത്തോടെയും ബഹുമാനത്തോടെയും പെരുമാറുന്നത് കണ്ട് നീ വെറും പെണ്ണ് എന്ന ചിന്തയില്ലാതെ വളരുന്ന ഒരു തലമുറ ഇവിടെയുണ്ടാവണം. ഉത്തരവാദിത്വം നമ്മള്‍ ഓരോരുത്തരുടേയുമാണ്.’ വിനീത് പറയുന്നു.

നേരത്തെ നടിയ്ക്ക് പിന്തുണയുമായി സിനിമാ ലോകത്തെ പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മേജര്‍ രവി, ഇന്നസെന്റ്, മുകേഷ്, അനൂപ് മേനോന്‍, മഞ്ജു വാരിയര്‍, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ച് രംഗത്തെത്തി.