ന്യൂദല്‍ഹി: ഇംഗ്ലണ്ടിനെതാരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 238 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് 237 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. കരിയറിലെ മികച്ച പ്രകടനത്തോടെനാല് വിക്കറ്റ് വീഴ്ത്തിയ യുവ പേസ് ബൗളര്‍ വിനയ് കുമാറാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്ക് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് ഓവറിനുള്ളില്‍ തന്നെ ഇംഗ്ലീഷ് ഓപ്പണര്‍മാരെ കൂടാരം കയറ്റിയ പ്രവീണ്‍ കുമാറും വിനയ് കുമാറും ഇന്ത്യക്ക മികച്ച തുടക്കമാണ് നല്‍കിയത്. ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിന് ആദ്യം നഷ്ടമായ്ത്. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ റണ്ണെടുക്കും മുമ്പ് ഇംഗ്ലീഷ് ക്യാപ്റ്റനെ പ്രവീണ്‍ കുമാര്‍ ജഡേജയുടെ കൈകളിലെത്തിക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ വിനയ് കുമാര്‍ കീസ് വെറ്ററിനെയും പൂജ്യത്തിന് മടക്കിയതോടെ ഇംഗ്ലണ്ട് വന്‍ തകര്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്ന തോന്നലുളവാക്കി. പിന്നീടൊത്ത് ചേര്‍ന്ന ട്രോട്ടും(34) പീറ്റേര്‍സണും(46) ഇംഗ്ലണ്ടിനെ പതുക്കെ കരകയറ്റുകയായിരുന്നു. ബൊപ്പാര(36), ബെയര്‍സ്റ്റൊ(35), പട്ടേല്‍(42) എന്നിവരും ഇംഗ്ലീഷ് നിരയില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം നടത്തി. നാല് വിക്കറ്റെടുത്ത വിനയ് കുമാറിനെ കൂടാതെ യാദവ് രണ്ടും അശ്വിന്‍, ജഡേജ, പ്രവീണ്‍ കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് കളിക്കാനിറങ്ങിയത്.