ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വിലക്കുകയും ചെയ്യുന്നതില്‍ മന്നനാണ് ഇപ്പോള്‍ ആരോപണം നേരിടുന്ന ആ പ്രമുഖ നടനെന്ന് സംവിധായകന്‍ വിനയന്‍. സൂപ്പര്‍, മെഗാസ്റ്റാറുകളുടെ പോലും കയ്യിലെടുത്തുകൊണ്ട് വര്‍ഷങ്ങളായി ഇന്റസ്ട്രിയില്‍ ഇഷ്ടമില്ലാത്തവരെ ഒതുക്കുകയും വിലക്കുകയും ചെയ്തിട്ടുണ്ടെന്നും വിനയന്‍ ആരോപിച്ചു. മീഡിയാവണ്‍ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വര്‍ഷങ്ങളായിട്ട് ഈ ഇന്റസ്ട്രിയില്‍ അയാള്‍ക്ക് ഇഷ്ടമില്ലാത്തവരെ സൂപ്പര്‍മെഗാസ്റ്റാറുകളെ പോലും കയ്യിലെടുത്തുകൊണ്ട് അങ്ങനെയുള്ളവരെ ഒതുക്കുക, വിലക്കുക എന്നീ കാര്യങ്ങളില്‍ മന്നനാണയാണ്. അതുകൊണ്ട് മാത്രമാണ് ഇത്തരം ആരോപണം അയാളുടെ തലയിലേക്ക് പോയതെന്നാണ് തോന്നുന്നത്.’ വിനയന്‍ പറയുന്നു.

അതുകൊണ്ടാവാം ഇപ്പോള്‍ ആ നടനെതിരെ ആരോപണങ്ങള്‍ ഉയരാന്‍ കാരണമെന്നും വിനയന്‍ അഭിപ്രായപ്പെട്ടു. തനിക്കു ലഭിക്കുന്ന സിനിമകള്‍ ഇല്ലാതാക്കാന്‍ ഒരു നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രയും വലിയ ക്രൂരത അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ആക്രമണത്തിന് ഇരയായ നടി പറഞ്ഞതായി ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഇതുസംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു വിനയന്‍.

നടിയുടെ അതേ അഭിപ്രായമാണ് തനിക്കുമെന്നു പറഞ്ഞ വിനയന്‍ വിവരമുള്ള ഒരാളും ഇത്തരമൊരു അതിക്രമത്തിന് ക്വട്ടേഷന്‍ കൊടുക്കുമെന്നൊന്നും കരുതുന്നില്ലെന്നും പറഞ്ഞു.


Also Read: ഇവനെ ഇഞ്ചിഞ്ചായി അടിച്ചുതന്നെ സത്യം പറയിക്കണം; പൊലീസിനോട് അല്പം സ്‌നേഹവും വിശ്വാസവും തോന്നുന്നു: സുനിയുടെ അറസ്റ്റില്‍ ഭാഗ്യലക്ഷ്മി


‘ഞാനും അക്കാര്യത്തില്‍ ആ അഭിപ്രായക്കാരനാണ്. ഈ നടന്‍ എന്നു പറയുന്നത് എനിക്കു സുപരിചിതനായ ആദ്യകാലത്ത് ഞാനുമൊത്ത് ആറോ ഏഴോ സിനിമ ചെയ്ത ആളെക്കുറിച്ചാണല്ലോ നിങ്ങള്‍ പറയുന്നത്. വിവരമുള്ള ഒരാളും ഇത്തരമൊരു അതിക്രമത്തിന് ക്വട്ടേഷന്‍ കൊടുക്കുമെന്നൊന്നും എനിക്കു തോന്നിയിട്ടില്ല.’ അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആ പ്രമുഖ നടന്‍ ഇത്തരം കാര്യങ്ങളില്‍ ഒരു മാനിപ്പുലേറ്റര്‍ തന്നെയാണെന്നും വിനയന്‍ അഭിപ്രായപ്പെട്ടു.

‘പക്ഷെ പറയാന്‍ കാര്യം അക്കാര്യത്തില്‍ അയാളൊരു മാനിപ്പുലേറ്റര്‍ തന്നെയാണ്. അയാള്‍ക്ക് ദ്രോഹിക്കേണ്ടവരെ ദ്രോഹിക്കും. വിലക്കേണ്ടവരെ വിലക്കും. ഇന്റസ്ട്രിയില്‍ വര്‍ഷങ്ങളായിട്ട് അയാള് കാണിക്കുന്ന സ്വഭാവവിശേഷമാണിത്. അതുകൊണ്ടാണ് ഈ ആരോപണം അയാളുടെ തലയിലോട്ട് ചെന്നതെന്നാണ് തോന്നുന്നത്. അല്ലാതെ ഇത്തരമൊരു കാര്യം അയാള്‍ ചെയ്‌തെന്ന് എന്നെ സംബന്ധിച്ച് ഒരാള്‍ക്ക് വിശ്വസിക്കാന്‍ പറ്റില്ല.” വിനയന്‍ വ്യക്തമാക്കി.