കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഡാലോചനക്കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിച്ച സിനിമാ താരങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍ വിനയന്‍.

സ്വന്തം സഹപ്രവര്‍ത്തകയെ അപമാനിച്ച സിനിമാ താരത്തിന് പിന്തുണയുമായിട്ടാണ് സിനിമാക്കാര്‍ കൂട്ടത്തോടെ ജയിലില്‍ പോകുന്നതെന്നും തന്റെ മകനാണ് ഈ അവസ്ഥയില്‍ കഴിഞ്ഞിരുന്നതെങ്കില്‍ കോടതിയും പൊലീസും പറഞ്ഞതിന് ശേഷം മാതേ്രമ താന്‍ കാണുമായിരുന്നുള്ളൂവെന്നും വിനയന്‍ പറയുന്നു.


Dont Miss ദിലീപിന്റെ ഔദാര്യംപറ്റിയവര്‍ ഒപ്പം നില്‍ക്കണം; കുറ്റംവിധിക്കുന്നതുവരെ ദിലീപിനൊപ്പമെന്നും ഗണേഷ് കുമാര്‍


അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ദിലീപിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് താരങ്ങള്‍ ഓരോരുത്തരായി ജയിലിലേക്ക് എത്തിയത്.

ഇടതുപക്ഷ എംഎല്‍എയായ ഗണേഷ് കുമാര്‍, നിര്‍മ്മാതാവ് ഹംസ, തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം, നടന്‍ സുധീര്‍ അടക്കം നിരവധി പേരാണ് ഇന്ന് ജയിലില്‍ എത്തി ദിലീപിനെ കണ്ടത്. തിരുവോണ ദിവസമായ ഇന്നലെ നടന്‍ ജയറാമും ജയിലിലെത്തി ദിലീപിനെ കണ്ട് ഓണക്കോടി നല്‍കിയിരുന്നു.

ദിലീപ് ആനപ്പകയുളളയാളാണെന്നും തന്നെ വിലക്കാന്‍ മുന്നില്‍ നിന്നയാളെണെന്നും നേരത്തെ വിനയന്‍ പറഞ്ഞിരുന്നു. അതെസമയം ദിലീപിന്റെ ചിത്രീകരണം പൂര്‍ത്തിയായ രാമലീല എന്ന ചിത്രം റിലീസ് ചെയ്യണമെന്നും വിനയന്‍ ആവശ്യപ്പെട്ടിരുന്നു.

രാമലീല എന്ന പടം ഇറങ്ങിയാല്‍ ജനം അത് കാണാന്‍ പോകില്ല എന്ന് ആരാണ് തീരുമാനിച്ചതെന്നും ഇങ്ങനെയൊരു ഇഷ്യുവില്‍പ്പെട്ട ആ നടന്‍, നായകനാകുന്ന രാമലീല ഒന്ന് കാണാമായിരുന്നു എന്ന് വിചാരിച്ചാല്‍ ഈ പടം സൂപ്പര്‍ഹിറ്റ് ആയാലോ എന്നും വിനയന്‍ ചോദിച്ചിരുന്നു.

അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയായ കലാഭവന്‍ ഷാജോണ്‍, സംവിധായകന്‍ രഞ്ജിത്ത്, കാവ്യ മാധവന്‍, സംവിധായകന്‍ നാദിര്‍ഷാ, നടന്മാരായ സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ഏലൂര്‍ ജോര്‍ജ് എന്നിവരും ഇക്കഴിഞ്ഞ ദിവസങ്ങളിലായി ജയിലില്‍ എത്തി ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.