എഡിറ്റര്‍
എഡിറ്റര്‍
ഇറ്റലിയിലെ തക്കാളി ഉല്പന്നങ്ങള്‍ കാണുമ്പോള്‍ ഘാനയുടെ കണ്ണീരാണ് ഓര്‍മ്മവരിക
എഡിറ്റര്‍
Thursday 27th July 2017 12:34pm

മാര്‍ക്കറ്റ് പൂര്‍ണ്ണമായി തുറന്നുകൊടുത്തത് എങ്ങനെ ഒരു രാജ്യത്തെ കൃഷിയേയും അവിടത്തെ ജീവിതത്തെയും തകര്‍ത്തു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഘാനയില്‍ തക്കാളിക്കൃഷിക്ക് സംഭവിച്ച തകര്‍ച്ച.


സംസ്‌കരിച്ച തക്കാളി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ അമേരിക്ക കഴിഞ്ഞാല്‍ ഇറ്റലിയാണ് മുന്നില്‍. 2013 -ല്‍ 113 കോടിടണ്‍ തക്കാളി പെയ്സ്റ്റ് ആണ് ഇറ്റലി കയറ്റുമതി ചെയ്തത്. തെക്കേ ഇറ്റലിയിലെ കൃഷിയിടങ്ങള്‍ മുതല്‍ അതിനെ സംസ്‌കരിച്ച് അന്താരാഷ്ട്രവിപണികളില്‍ എത്തിക്കുന്നതുവരെയുള്ള കാര്യങ്ങള്‍ ചില കുത്തകകകളുടെ കൈയ്യിലാണ്.

ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ തക്കാളി ചേര്‍ക്കാത്ത ഒരു വിഭവമുമില്ലെന്നുതന്നെ പറയാം. നന്നായി തക്കാളി വിളയുന്ന ഘാനയില്‍ എല്ലാ കൃഷിക്കാരനും ഏതാനും ഹെക്ടര്‍ സ്ഥലത്തെങ്കിലും തക്കാളി കൃഷി ചെയ്യുമായിരുന്നു. വലിയ തിരക്കുള്ള ചന്തയില്‍ നിരത്തിവച്ചിരുന്ന ചുവന്നുരുണ്ട പുത്തന്‍തക്കാളികള്‍ ഇന്നാരും വാങ്ങുന്നില്ല. അവയെല്ലാം ചീഞ്ഞളിഞ്ഞുപോകുന്നു. എല്ലാവര്‍ക്കും ഇറ്റലിയില്‍ നിന്നും വരുന്ന ടിന്നിലടച്ച തക്കാളി സോസും കോണ്‍സണ്ട്രേറ്റും മതി.

മാര്‍ക്കറ്റ് തുറന്നുകൊടുത്തതോടെ യൂറോപ്യന്‍ യൂണിയന്റെ കൂറ്റന്‍ ഭക്ഷ്യ-സബ്സിഡിയില്‍ വിളയുന്ന ഇറ്റാലിയന്‍ തക്കാളി ഉല്‍പ്പന്നങ്ങള്‍ ഘാനയിലെ മാര്‍ക്കറ്റുകളെ കീഴടക്കി. നിറഞ്ഞുവിളഞ്ഞിരുന്ന ഘാനയിലെ തക്കാളിപ്പാടങ്ങള്‍ ഇന്നു ഒന്നുകില്‍ വിജനമായിരിക്കുന്നു അല്ലെങ്കില്‍ മറ്റു വിളകള്‍ക്ക് വഴിമാറിയിരിക്കുന്നു. ആകെ തക്കാളിക്കൃഷി മാത്രം വൃത്തിയായി ചെയ്യാനറിയാവുന്ന ഘാനയിലെ യുവാക്കള്‍ പിന്നെന്തു ചെയ്തു?

ഇറ്റലിയിലെ തക്കാളിക്കൃഷിക്കുവേണ്ട തൊഴിലാളികള്‍ മിക്കവരും ഘാനയില്‍നിന്നുമുള്ള യുവാക്കളാണ്. യാതൊരു രേഖകളുമില്ലാതെ, താമസസൌകര്യങ്ങളില്ലാതെ, വേണ്ടത്ര വേതനമില്ലാതെ തെരുവോരത്തും റ്റെന്റുകളിലും താമസിച്ചാണ് അവര്‍ ആധുനികകാലത്തെ അടിമകളായി ഇറ്റലിയില്‍ തക്കാളിക്കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നത്.

മാര്‍ക്കറ്റ് പൂര്‍ണ്ണമായി തുറന്നുകൊടുത്തത് എങ്ങനെ ഒരു രാജ്യത്തെ കൃഷിയേയും അവിടത്തെ ജീവിതത്തെയും തകര്‍ത്തു എന്നുള്ളതിന് ഉത്തമ ഉദാഹരണമാണ് ഘാനയില്‍ തക്കാളിക്കൃഷിക്ക് സംഭവിച്ച തകര്‍ച്ച. 1998-2003 കാലഘട്ടത്തില്‍ തക്കാളി പെയ്സ്റ്റിന്റെ ഇറക്കുമതിയില്‍ 650 ശതമാനം വര്‍ദ്ധനവ് ആണ് ഘാനയില്‍ ഉണ്ടായത്.

ഈ തകര്‍ച്ച അനുബന്ധമായ ധാരാളം മേഖലകളെയും ബാധിച്ചു. തക്കാളി കൃഷിയിടത്തില്‍ നിന്നും മേശപ്പുറത്ത് എത്തുന്നതുവരെ കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും ഹോട്ടലുകാര്‍ക്കും ഉള്‍പ്പെടെ ഏതാണ്ട് 25 ആള്‍ക്കാര്‍ക്ക് തൊഴില്‍ കിട്ടുന്ന കാര്യമായിരുന്നു. ഇതാണ് പാടെ തകര്‍ന്നുപോയത്.

തക്കാളിയില്‍ സ്വയം പര്യാപ്തതയുണ്ടായിരുന്ന ഘാന പിന്നീട് വര്‍ഷംതോറും 50000 ടണ്‍ സംസ്‌കരിച്ച തക്കാളി ഇറക്കുമതിചെയ്യേണ്ട അവസ്ഥയിലെത്തി.

ഇറ്റലിയില്‍ ഉടമ-അടിമ രീതിയിലാണ് തൊഴിലാളികള്‍ പണിയെടുക്കേണ്ടിവരുന്നത്. പാസ്‌പോര്‍ട്ട് പിടിച്ചുവയ്ക്കല്‍, സാമൂഹ്യമായ ഒറ്റപ്പെടുത്തല്‍, അസുഖങ്ങള്‍, മരണങ്ങള്‍ ഒക്കെ ഇവിടെ സാധാരണമാണ്. തങ്ങള്‍ വന്ന ഇടങ്ങളില്‍ ഉള്ളതിനേക്കാള്‍ ദയനീയമായരീതിയില്‍ ജോലിക്കാര്‍ക്കു ജീവിക്കേണ്ടിവരുന്നു ഇവിടെ. കൃത്യമായ വേതനമോ ഭക്ഷണമോ ഇല്ലാതെ നിര്‍ബന്ധിതമായിട്ടാണ് തൊഴിലെടുക്കേണ്ടിവരുന്നത്.

വടക്കേ ആഫിക്കയില്‍ നിന്നും ഇന്ത്യയിലെ പഞ്ചാബില്‍ നിന്നും ഇവിടെ ജോലിക്കാര്‍ എത്തുന്നുണ്ട്. ഏതാണ്ട് നാലുലക്ഷം ആള്‍ക്കാരാണ് ഇറ്റലിയിലെ കൃഷിയിടങ്ങളില്‍ അനധികൃതമായി ജോലിചെയ്യുന്നത്. ദയനീയമായ താമസസൗകര്യങ്ങളും കടുത്ത കാലാവസ്ഥയും സഹിച്ച് ഈ ആള്‍ക്കാരാണ് ഇറ്റലിയിലെ കൃഷിയെ കാലങ്ങളായി പുഷ്ടിപ്പെടുത്തുന്നത്, എന്നാല്‍ അവരുടെ മാത്രം ജീവിതത്തിനൊരു മാറ്റവും ഇല്ലതാനും. മറ്റാള്‍ക്കാരോട് ഇടപഴകാന്‍ സാധിക്കാത്ത പ്രത്യേകസ്ഥലമാണ് കൂട്ടമായി ഇവര്‍ക്ക് താമസിക്കാന്‍ ഉണ്ടാക്കിയിരിക്കുന്നത്.

ആവശ്യത്തിന് ഫര്‍ണിച്ചറോ, വൈദ്യുതിയോ, ശുദ്ധജലമോ ഇല്ലാത്ത ഇടങ്ങള്‍. സീസണില്‍ രാവിലെ മുതല്‍ സന്ധ്യവരെ തക്കാളി പറിക്കലാണു പണി, വെയിലത്ത്, ചൂടത്ത്, കീടനാശിനികളുടെ ഇടയില്‍ യജമാനന്‍ നിശ്ചയിക്കുന്ന സമയത്ത് ഭക്ഷണത്തിന് ഇത്തിരിസമയം ചെലവഴിച്ച് അയാള്‍ പറയുന്നതു വരെ പണിയെടുക്കേണ്ടിവരികയാണ് ചെയ്യേണ്ടത്.

ഈ യജമാനന്‍ ആണ് എല്ലാം നിശ്ചയിക്കുന്നത്: കൃഷിയിടത്തിലേക്ക് കൊണ്ടുപോകല്‍, മേല്‍നോട്ടം വഹിക്കല്‍, കൂലി വിതരണം ചെയ്യല്‍ എല്ലാം. പണിക്കാരുടെ യാത്രകള്‍ക്ക് നിയന്ത്രണമുണ്ട്, തുടര്‍ച്ചയായ നീണ്ട ജോലി, ഭക്ഷണത്തിനും വെള്ളത്തിനും താമസത്തിനുമെല്ലാം കൂലിയില്‍ നിന്നും പണം ഈടാക്കല്‍ എന്നിവയും ഇവിടെ നടക്കുന്നു. ഈ യജമാനനും മുതലാളിമാരുടെ ഒരു പണിക്കാരന്‍ മാത്രമാണു താനും. കപോറാലി (കോര്‍പറല്‍) എന്നറിയപ്പെടുന്ന ഈ യജമാനമാര്‍ ഭീകരവാഴചയാണ് നടത്തുന്നത്. രേഖകളൊന്നും കയ്യിലില്ലാത്തതിനാല്‍ പരാതിപ്പെടാന്‍ പോലുമാവാത്ത ജോലിക്കാര്‍ 40 ഡിഗ്രി ചൂടിലും തക്കാളി പറിക്കേണ്ടിവരുന്നു. ജോലിക്കാര്‍ ഉണ്ടാക്കുന്നതിലും എത്രയോ അധികം പണമാണ് കപോറാലികള്‍ ഉണ്ടാക്കുന്നത്. ഭക്ഷണവും വെള്ളവും ജോലിസ്ഥലത്തു കൊണ്ടുവരാന്‍ അനുവദിക്കാത്ത ഇവര്‍ അതെല്ലാം ജോലിക്കാര്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. തൊഴില്‍ സ്ഥലത്തേക്കും തിരിച്ചും കൊണ്ടുപോകുന്നതിന് വലിയതോതില്‍ കാശും പിടുങ്ങും.

തണുപ്പുകാലത്ത് ചൂടുകിട്ടാന്‍ കത്തിക്കുന്ന പഴയ ടയറിനുപോലും ഇവര്‍ കാശുവാങ്ങും. 200 പേര്‍ക്ക് താമസിക്കാനുള്ള റ്റെന്റില്‍ 500 പേരാണ് താമസിക്കുന്നത്. പുറത്തുനിന്നുള്ള ആരെയും ഈ താമസസ്ഥലങ്ങളിലേക്ക് കപോറാലിമാര്‍ അടുപ്പിക്കുകയുമില്ല.

ആധുനിക യൂറോപ്പിലെ, യൂറോപ്യന്‍ യൂണിയനിലെ പ്രമുഖരായ സാമ്പത്തികമായി വലിയ നിലയിലുള്ള ഒരു രാജ്യത്താണ് പത്തൊന്‍പതാം നൂറ്റാണ്ടിനെ നാണിപ്പിക്കുന്ന രീതിയിലുള്ള അടിമവേല നിലനില്‍ക്കുന്നത്. ഇറ്റലിയില്‍ നിന്നും തക്കാളി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന മറ്റു യൂറോപ്യന്‍ രാജ്യങ്ങളാവട്ടെ തങ്ങള്‍ക്ക് വിലക്കുറഞ്ഞ സാധനങ്ങള്‍ കിട്ടാനായി ഇതു കണ്ടില്ലെന്നും നടിക്കുന്നു.

ഇനി എപ്പോഴെങ്കിലും ഇറ്റലിയില്‍ നിന്നും വരുന്ന തക്കാളി ഉല്‍പ്പന്നങ്ങള്‍ കാണുമ്പോള്‍ അതിന്റെ പിന്നില്‍ കണ്ണീരിന്റെ നനവുണ്ടെന്ന് ഓര്‍ക്കുന്നത് നന്ന്.

Advertisement