narendra-modi

ന്യൂദല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രി ##നരേന്ദ്ര മോഡിയുടെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമയുടെ ശിലാസ്ഥാപനത്തിന് ഭംഗി കൂട്ടാന്‍ ഗ്രാമവാസികളെ വീട്ടുതടങ്കലിലാക്കി.

ലോകത്തിലെ ഏറ്റവും വലിയ പ്രതിമയുടെ പേരില്‍ ദുരിതമനുഭവിക്കാന്‍ പോകുന്നത് എഴുപതോളം ഗ്രാമങ്ങളാണ്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഗുജറാത്ത് സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്.

നര്‍മദ ജില്ലയിലെ സര്‍ദാര്‍ സരോവര്‍ ഡാമിന് സമീപമാണ് 182 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നത്. ഇതിന്റെ കൂടെ ചുറ്റുവട്ടത്തുള്ള എഴുപതോളം ഗ്രാമങ്ങള്‍ വിനോദ സഞ്ചാര മേഖലകളാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഇതിനെതിരെ 70,000 ഓളം ഗ്രാമവാസികളാണ് പോരാടുന്നത്.  ശിലാസ്ഥാപന ദിവസം സംഘര്‍ഷമുണ്ടാകാതിരിക്കാന്‍ തലേന്ന് രാത്രി പോലീസ് ഗ്രാമവാസികളെ വീട്ടുതടങ്കലിലാക്കുകയായിരുന്നു. അര്‍ധരാത്രി 12 മണിക്ക് ശേഷമാണ് 24 ഗ്രാമങ്ങളില്‍ പോലീസെത്തി ഭീകരാവസ്ഥ സൃഷ്ടിച്ചത്.

മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രതിഷേധിച്ചാല്‍ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പാര്യവരണ്‍ സുരക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് ഗ്രാമവാസികള്‍ പ്രതിഷേധം നടത്തിയിരുന്നത്.

തങ്ങളുടെ ജീവിതവും വനവും മൃഗങ്ങളും സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടാണ് ഗ്രാമവാസികള്‍ പദ്ധതിക്കെതിരെ പ്രതിഷേധം നടത്തിയത്. ഗ്രാമങ്ങളെ ഇല്ലാതാക്കിയുള്ള വികസനം വേണ്ടെന്നും അവര്‍ പറയുന്നു.

യാതൊരു തെറ്റും ചെയ്യാതെയാണ് പോലീസ് തങ്ങളെ വീട്ടുതടങ്കലിലാക്കിയതെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

പാര്യവരണ്‍ സുരക്ഷാ സമിതിയിലെ നിരവധി പ്രവര്‍ത്തകരെയും ഗ്രാമീണരെയും വീടുകളില്‍ നിന്ന് പിടിച്ചിറക്കി കാരണങ്ങളൊന്നുമില്ലാതെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.

ഏറെ കൊട്ടിഘോഷിച്ച് നടത്തിയ ശിലാസ്ഥാപനം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ മോഡിയുടെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിനുള്ള വഴിയായും ബി.ജെ.പി ഉപയോഗിച്ചിരുന്നു.

കോടികളാണ് ഇതിനായി സര്‍ക്കാര്‍ ചിലവഴിച്ചത്. ഇതിനെതിരേയും ആക്ഷേപം ഉയര്‍ന്നിരുന്നു. മോഡിയുടെ സ്വപ്‌ന പദ്ധതി എന്ന് വിശേഷിപ്പിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രചരണങ്ങള്‍ നടത്തിയത്.