തൃശൂര്‍: സുകുമാര്‍ അഴീക്കോടുമായുള്ള പ്രണയത്തിന്റെ സ്മരണകള്‍ വിവരിക്കുന്ന വിലാസിനി ടീച്ചറുടെ ആത്മകഥ പുറത്തിറങ്ങി. ‘സഫലമായാലും വിഫലമായാലും സ്‌നേഹം ആത്മസുഖം നല്‍കും’ ആത്മകഥയുടെ പ്രകാശന ചടങ്ങില്‍ വിലാസിനി ടീച്ചര്‍ പറഞ്ഞു. വിലാസിനി ടീച്ചറുടെ ‘ പ്രണയകാലം സുകുമാര്‍ അഴീക്കോടും ഞാനും ‘ എന്ന പുസ്തകം കൊല്ലം പ്രസ്‌ക്ലബില്‍ ടി.വി രാജീവന്‍ ഉഷാ എസ് നായര്‍ക്ക് നല്‍കിയ പ്രകാശനം ചെയ്തു.

അഴീക്കോടുമായുള്ള പ്രണയം തനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവും കുറേ അപമാനമുദ്രകളുമാണെന്ന് പുസ്തകത്തില്‍ പറയുന്നു. സത്യം ലോകത്തോട് വിളിച്ചുപറയാനുള്ള ബാധ്യതയുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു പുസ്തകമെഴുതുന്നത്. അഴീക്കോട് ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ഇത് പ്രകാശിപ്പിക്കുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ രോഗവും മരണവും കാരണം നീട്ടിവെക്കുകയായിരുന്നുവെന്നും മുഖക്കുറിപ്പില്‍ പറയുന്നു. അഴീക്കോടിന്റെ കത്തുകളും പുസ്തകത്തിലുണ്ട്.

ഇങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. അതിന്റെ സത്യാവസ്ഥ ലോകത്തെ അറിയിക്കാനായാണ് ആത്മകഥയെഴുതിയത്. തന്നെ ഒരു ദുരന്തകഥയിലെ നായികയാക്കാന്‍ മാഷ് മനപൂര്‍വ്വം ശ്രമിച്ചുവെന്ന് വിശ്വസിക്കുന്നില്ല. എന്നാല്‍ മാഷ് തനിക്കെഴുതിയ കത്തുകള്‍ കണ്ടാല്‍ അങ്ങനെ തോന്നും. അതുകൊണ്ടു തന്നെയാണ് കത്തുകളും താന്‍ പ്രസിദ്ധീകരിച്ചതെന്ന് ടീച്ചര്‍ വ്യക്തമാക്കി.

ആദ്യമായി മാഷ് തന്റെ കാണാനെത്തിയതും ഒടുവില്‍ പ്രണയം അവസാനിപ്പിച്ചതുമൊക്കെ പരാമര്‍ശിക്കുന്ന ആത്മകഥ ആശുപത്രിയിലെത്തി ടീച്ചര്‍ അഴീക്കോടിനെ കാണുന്നിടത്താണ് അവസാനിക്കുന്നത്.

അഴീക്കോടിനെ കേരളത്തിലെ സ്ത്രീവാദികളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും ഭയപ്പെട്ടിരുന്നതുകൊണ്ടാണ് അവരാരും വിലാസിനി ടീച്ചര്‍ക്കുവേണ്ടി ഇതുവരെ രംഗത്തുവരാതിരുന്നതെന്ന് ചടങ്ങില്‍ വി.ആര്‍ സുധീഷ് പറഞ്ഞു. അപമാനിക്കപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്ത ഒരു സ്ത്രീത്വത്തിന്റെ ശബ്ദമാണ് ആത്മകഥയിലൂടെ വിലാസിനി ടീച്ചര്‍ പറയുതന്നത്. എന്തിന് ജീവിച്ചുവെന്നതിന് 70ാം വയസില്‍ വിലാസിനി ടീച്ചര്‍ ഉത്തരം പറയുകയാണെന്നും സുധീഷ് പറഞ്ഞു. കോഴിക്കോട്ടെ ഐ ബുക്‌സാണ് പ്രസാധകര്‍.