Administrator
Administrator
കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാം; അഴീക്കോടിനോട് വിലാസിനി ടീച്ചര്‍
Administrator
Sunday 18th December 2011 10:05am

vilasini-teacherതൃശൂര്‍: അസുഖബാധിതനായി കഴിയുന്ന ഡോ.സുകുമാര്‍ അഴീക്കോടിനെ കാണാന്‍ വിലാസിനി ടീച്ചര്‍ ആശുപത്രിയിലെത്തി. റോസാപ്പൂക്കളുമായി എത്തിയ ടീച്ചര്‍ അര മണിക്കൂറോളം അഴീക്കോടുമായി സംസാരിച്ചു. കൂടെ വന്നാല്‍ പൊന്നുപോലെ നോക്കാമെന്ന് വിലീസിനി ടീച്ചര്‍ അഴീക്കോടിനോട് പറഞ്ഞു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നതായി അഴീക്കോട് പറഞ്ഞു. വിഷമമില്ലെന്നും ഇത് തന്റെ തലയിലെഴുത്താണെന്നും വിലാസിനി ടീച്ചര്‍ മറുപടി പറഞ്ഞു.

കൊല്ലം അഞ്ചലില്‍ നിന്ന് ഇന്നലെ രാത്രിയാണ് ടീച്ചര്‍ അഴീക്കോടിനെ കാണാന്‍ പുറപ്പെട്ടത്. പുലര്‍ച്ചെ തന്നെ ആശുപത്രിയിലെത്തിയ ടീച്ചറെ കണ്ട് വിലാസിനി ടീച്ചറല്ലെയെന്നാണ് അഴീക്കോട് ആദ്യം ചോദിച്ചത്. ടീച്ചര്‍ തന്നെ വാങ്ങിയ റോസാപ്പൂക്കള്‍ അഴീക്കോടിന് നല്‍കി. ഇരുവരും കൈകള്‍ ചേര്‍ത്ത് പിടിച്ചു. പിണക്കങ്ങളും പരിഭവങ്ങളും പരസ്പരം പറഞ്ഞു. പിന്നീടാണ് കൂടെപ്പോന്നല്‍ പൊന്നു പോലെ നോക്കാമെന്ന് ടീച്ചര്‍ പറഞ്ഞത്. ഇത് അവസാനത്തെ കൂടിക്കാഴ്ചയായിരിക്കില്ലെന്ന് പറഞ്ഞാണ് അവര്‍ പിരിഞ്ഞത്.

ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അഴീക്കോടിനെ കാണണാന്‍ ആഗ്രഹമുണ്ടെന്ന് വിലാസിനി ടീച്ചര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. വരുന്നതില്‍ തനിക്ക്  ഒരു വിരോധവുമില്ലെന്ന് അഴീക്കോടും അറിയിച്ചു. ഇതോടെയാണ് കൂടിക്കാഴ്ചക്ക് കളമൊരുങ്ങിയത്.

അഴീക്കോടിന്റെ നടക്കാതെപോയ വിവാഹത്തിലെ നായികയാണ് വിലാസിനി ടീച്ചര്‍. വിവാഹം നടക്കാതെ പോയതോടെ ടീച്ചറും അഴീക്കോടിനേപ്പോലെ വിവാഹജീവിതം വേണ്ടെന്നുവെച്ചു. അഴീക്കോടുമായി പ്രണയത്തിലായിരുന്നെന്നും പ്രണയലേഖനങ്ങള്‍ അയച്ചിരുന്നെന്നും വിവാഹവാഗ്ദാനം നല്‍കിവഞ്ചിച്ചെന്നും വിലാസിനി ടീച്ചര്‍ രണ്ടു വര്‍ഷം മുമ്പ് പരസ്യമായി പറഞ്ഞത് വിവാദമായിരുന്നു. തനിക്ക് അഴീക്കോട് അയച്ച 56 പ്രണയലേഖനങ്ങളില്‍ ഒരെണ്ണം പ്രസിദ്ധീകരണത്തിനു നല്‍കുകയും ചെയ്തിരുന്നു. അഴീക്കോടാണ് വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്നായിരുന്നു വിലാസിനി ടീച്ചര്‍ പറഞ്ഞത്.

തിരുവനന്തപുരത്ത് ബി.എഡ് വിദ്യാര്‍ത്ഥിനിയായിരുന്നപ്പോളാണ് വിലാസിനി ടീച്ചറും അഴീക്കോടുമായുള്ള പ്രണയത്തിനു തുടക്കം. അമ്മയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് വിവാഹത്തില്‍നിന്ന് പിന്മാറുകയാണെന്നാണ് അന്ന് അഴീക്കോട് പറഞ്ഞിരുന്നത്.

Malayalam news

Advertisement