കൊച്ചി: വിളപ്പില്‍ശാല മാലിന്യപ്രശ്‌നം പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് ഹൈക്കോടതി. വിളപ്പില്‍ശാല പ്ലാന്റില്‍ കെട്ടികിടക്കുന്ന മാലിന്യം എങ്ങനെ സംസ്‌കരിക്കുമെന്നത് സംബന്ധിച്ച് തിരുവനന്തപുരം നഗരസഭ സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വിളപ്പില്‍ശാലയില്‍ കോടതി ഉത്തരവ്‌ നടപ്പാക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വിളപ്പില്‍ശാല മാലിന്യ പ്ലാന്‍ര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പിലാക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്ന് ഹൈക്കോടതി ചൂ്ണ്ടിക്കാട്ടി.

ഉന്നത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പോലീസ് സംഘത്തെത്തന്നെ നിയോഗിക്കാവുന്നതാണെന്ന് നിര്‍ദേശവും കോടതി മുന്നോട്ടുവച്ചു. ഏതായാലും പൊതുജനത്തിന്റെ നിലപാടിനെ അങ്ങനെതന്നെ കാണണമെന്നും ഈ ഘട്ടത്തില്‍ ഇതേപ്പറ്റി കൂടുതല്‍ ഉത്തരവൊന്നും നല്‍കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വിളപ്പില്‍ശാല മാലിന്യ കേന്ദ്രത്തിലേക്കുള്ള വാഹനങ്ങള്‍ പഞ്ചായത്ത് തടഞ്ഞതിനെതിരെ നഗരസഭ നല്‍കിയ ഹര്‍ജിയിലാണ് കോടതി തീരുമാനം. മാലിന്യ നീക്കത്തിന് പോലീസ് സംരക്ഷണം നല്‍കണമെന്ന കോടതിയുടെ മുന്‍ ഉത്തരവ് പാലിക്കപ്പെട്ടില്ലെന്നായിരുന്നു നഗരസഭയുടെ പരാതി. അങ്ങനെയെങ്കില്‍ സി. ആര്‍. പി.എഫിനെ വിളിക്കാന്‍ കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. ഇതിനായി സി. ആര്‍.പി.എഫിനെ കക്ഷി ചേര്‍ക്കാനുള്ള അപേക്ഷയ്ക്ക് കോടതി അനുമതി നല്കുകയും ചെയ്തു.

Malayalam news

Kerala news in English