തിരുവനന്തപുരം: തിരുവനന്തപുരം വിളപ്പില്‍ശാല ചവര്‍ ഫാക്ടറി പൂട്ടി. ഇതോടെ തിരുവനന്തപുരം നഗരത്തിലെ മാലിന്യനീക്കം സ്തംഭിച്ചു. പഞ്ചായത്തും, സമരസമിതിയും നേമം ബ്ലോക്കും ചേര്‍ന്നാണ് ഫാക്ടറി പൂട്ടിയത്. ലൈസന്‍സില്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിന്റെ നടപടി. പ്രശ്‌നം പരിഹരിക്കാന്‍ ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി നേതൃത്വത്തില്‍ ചര്‍ച്ച നടക്കും.

വിളപ്പിലശാല ചവര്‍ ഫാക്ടറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഫാക്ടറി അടച്ചുപൂട്ടാന്‍ തിങ്കളാഴ്ച ചേര്‍ന്ന വിളപ്പില്‍ പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. ഫാക്ടറിയിലേക്ക് മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ ഡിസംബര്‍ 21മുതല്‍ തടയുമെന്ന് വിളപ്പിലശാല ജനകീയ സമിതി നേതാക്കള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു പഞ്ചായത്തിന്റെ നടപടി.

തിങ്കളാഴ്ച നടന്ന പഞ്ചായത്ത് കമ്മിറ്റിയില്‍ ചവര്‍പ്ലാന്റിനെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി അറിയിച്ചിരുന്നു. ഇക്കാര്യങ്ങള്‍ കാണിച്ചുകൊണ്ട് തിരുവനന്തപുരം നഗരസഭയ്ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഫാക്ടറിയിലേക്ക് ജലവും വൈദ്യുതിയും വിതരണം ചെയ്യരുതെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റിക്കും, വൈദ്യുതി ബോര്‍ഡിനും നോട്ടീസ് അയച്ചിരുന്നു.

ഇതിന് പുറമേ ഇന്ന് വിളപ്പിലശാലയിലേക്ക് പോകുന്ന മാലിന്യങ്ങളടങ്ങിയ വാഹനങ്ങള്‍ തടയാനുള്ള ജനകീയ സമിതിയുടെ സമരങ്ങള്‍ക്ക് പഞ്ചായത്തും പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Malayalam News
Kerala News in English