തിരുവനന്തപുരം: മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ വഹിച്ചുള്ള വാഹനങ്ങള്‍ വിളപ്പില്‍ശാലയിലേക്ക് പുറപ്പെട്ടു. പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമാണിത്. ഇതിന്റെ ഭഗമായി കഴിഞ്ഞ ദിവസം മുതല്‍ പ്രദേശത്ത് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Ads By Google

എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ വിളപ്പില്‍ശാലയില്‍ സംയുക്ത സമരസമിതി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജീവന്‍കൊടുത്തും സര്‍ക്കാര്‍ നീക്കം തടയുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

Subscribe Us:

നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ പ്രദേശത്ത് തടിച്ചുകൂടിയിരിക്കുകയാണ്. വിളപ്പില്‍ശാലയില്‍ പ്ലാന്റിനുള്ള യന്ത്രസാമഗ്രികള്‍ കൊണ്ടുവരുന്നതിനെതിരെ പൊങ്കാലയിട്ട് പ്രതിഷേധിക്കാനാണ് സമരക്കാരുടെ നീക്കം. ഇത്രയും സ്ത്രീകളെയും കുട്ടികളെയും കടന്നുവേണം വാഹനങ്ങള്‍ക്ക് പ്ലാന്റ് സ്ഥാപിക്കുന്ന സ്ഥലത്തെത്താന്‍.

എന്നാല്‍ കോടതി നിര്‍ദ്ദേശം നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടവും തീരുമാനിച്ചതോടെ പ്രദേശം അതീവ സുരക്ഷാ വലയത്തിലാണ്. 2000 പോലീസുകാരെയാണ് വിളപ്പില്‍ശാലയില്‍ വിന്യസിച്ചിരിക്കുന്നത്.