എഡിറ്റര്‍
എഡിറ്റര്‍
വിളപ്പില്‍ശാല സമര നേതാവ് ബുര്‍ഹാന്റെ അറസ്റ്റ് ജനാധിപത്യവിരുദ്ധമെന്ന് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്)
എഡിറ്റര്‍
Saturday 8th September 2012 11:06am

തിരുവനന്തപുരം: വിളപ്പില്‍ശാല സമരനേതാവ് എസ്.ബുര്‍ഹാനെ എസ്.യു.സി.ഐ(സി) ഓഫീസില്‍ അതിക്രമിച്ച് കയറി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് എസ്.യു.സി.ഐ (സി) പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ജി.എസ്.പത്മകുമാര്‍ പ്രസംഗിച്ചു. ജില്ലാകമ്മിറ്റിയംഗം ആര്‍.ബിജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാകമ്മിറ്റിയംഗങ്ങളായ ബെന്നിജോസഫ്, പി.എസ്.ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Ads By Google

ബുര്‍ഹാന്റെ അറസ്റ്റ് ജനാധിപത്യമര്യാദകളുടെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹത്തെ ഉടനടി നിരുപാധികം മോചിപ്പിക്കണമെന്ന് ജി.എസ്.പത്മകുമാര്‍ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. വിളപ്പില്‍ശാലയിലെ ജനങ്ങള്‍ തികച്ചും സമാധാനപരമായും ജനാധിപത്യപരമായും നടത്തിവരുന്ന സമരത്തെ അടിച്ചമര്‍ത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഈ അറസ്റ്റെന്ന് അദ്ദേഹം ആരോപിച്ചു. പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടിയായ എസ്.യു.സി.ഐ (കമ്മ്യൂണസ്റ്റ്) യുടെ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ച് കയറിയ പോലീസുദ്ധ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം സര്‍ക്കാരിനോടാവശ്യപ്പെട്ടു. വിളപ്പില്‍ശാല സമരത്തെ അടിച്ചമര്‍ത്താനുള്ള നീക്കത്തെ ചെറുക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശുദ്ധവായു ശ്വസിക്കാനായി തികച്ചും സമാധാനപരമായി സമരം ചെയ്യുന്ന വിളപ്പില്‍ ശാലയിലെ ജനങ്ങളെ നയിക്കുന്ന ജനകീയ സമിതി പ്രസിഡന്റ് ബൂര്‍ഹാനെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്ന് വിളപ്പില്‍ ഐക്യദാര്‍ഢ്യ സമിതി ചെയര്‍മാന്‍ കാനായി കുഞ്ഞിരാമന്‍, ബി.ആര്‍.പി ഭാസ്‌കര്‍, ഡോ.വി.വേണുഗോപാല്‍ എന്നിവര്‍ പറഞ്ഞു.
സമരത്തെ തകര്‍ക്കാനും അക്രമാസക്തമാക്കാനും കേന്ദ്രസേനയെ ഉപയോഗിച്ച് മാലിന്യം നിക്ഷേപിക്കുന്നതിനും മുന്നോടിയായിട്ടാണ് ഭരണകൂടം ആസൂത്രിതമായി ഈ അറസ്റ്റ് നടത്തിയത്. ബുര്‍ഹാനെ എത്രയും വേഗം വിട്ടയക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

Advertisement