എഡിറ്റര്‍
എഡിറ്റര്‍
ജനകീയപ്രതിരോധം വിജയം കണ്ടു: വിളപ്പില്‍ശാലയില്‍ നിന്നും പോലീസ് പിന്‍വാങ്ങി
എഡിറ്റര്‍
Friday 3rd August 2012 12:56pm

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ മലിനീകരണ ശുദ്ധീകരണ പ്ലാന്റിനായി യന്ത്രസാമഗ്രികളുമായി എത്തിയ പോലീസും ജില്ലാ ഭരണകൂടവും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വാങ്ങി. യന്ത്രസാമഗ്രികളുമായി വന്ന വാഹനവും തിരിച്ചുപോയി.

രണ്ട് മണിക്കൂറോളം നീണ്ട സംഘര്‍ഷാവസ്ഥയ്ക്ക് ശേഷമാണ് ശ്രമം അവസാനിപ്പിച്ച് പോലീസും അധികൃതരും മടങ്ങിയത്. വിളപ്പില്‍ശാലയിലെ ജനങ്ങളുടെ പൊതുവികാരം മാനിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.

Ads By Google

സ്ഥിതിഗതികള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം പി.കെ. ഗിരിജ വ്യക്തമാക്കി. കോടതിയുത്തരവ് നടപ്പിലാക്കാന്‍ പോലീസ് പരമാവധി ശ്രമിച്ചിരുന്നെങ്കിലും ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പോലീസിന് പിന്‍വാങ്ങേണ്ടി വരികയായിരുന്നു.

ഹൈക്കോടതി ഉത്തരവനുസരിച്ച് മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ വഹിച്ചുള്ള നഗരസഭയുടെ വാഹനങ്ങള്‍ ഇന്ന് രാവിലെയാണ് വിളപ്പില്‍ശാലയില്‍ എത്തിയത്. എന്നാല്‍ വിളപ്പില്‍ശാലക്കാര്‍ നാട്ടുകാര്‍ നഗരസഭയുടെ വാഹനം തടയുകയായിരുന്നു.

പൊങ്കാലയിട്ട് പോലീസിനെ തടഞ്ഞ പ്രവര്‍ത്തകരെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ പോലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സ്ഥലത്ത് കടുത്ത സംഘര്‍ഷാവസ്ഥ തുടര്‍ന്നെങ്കിലും ഒരിഞ്ചുപോലും പിന്നോട്ട് പോകാതെ പ്രവര്‍ത്തകര്‍ പോലീസിനെ തടഞ്ഞു.

സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം സമരപ്പന്തലിലിരിക്കുന്ന ആളുകളെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസിന്റെ ശ്രമം. എന്നാല്‍ ഓലയും മറ്റ് വസ്തുക്കളും കത്തിച്ച തീപടര്‍ത്തി പോലീസ് മുന്നോട്ട് വരുന്നത് നാട്ടുകാര്‍ തടഞ്ഞു. എന്നാല്‍ പിന്നീട് ജലപീരങ്കി ഉപയോഗിച്ച് പോലീസുകാര്‍ തീയണയ്ക്കുകയായിരുന്നു.

നിരോധനാജ്ഞ നിലവിലുണ്ടെങ്കിലും അത് വകവെക്കാതെ ആയിരക്കണക്കിനാളുകള്‍ പൊങ്കാലയിട്ടാണ് വിളപ്പില്‍ശാലയില്‍ ആദ്യം പ്രതിഷേധം ആരംഭിച്ചത്. പൊലീസ് വാഹനങ്ങള്‍ കടത്തിവിടില്ലെന്നും ജീവന്‍ കൊടുത്തതും സര്‍ക്കാര്‍ നീക്കത്തെ ചെറുക്കുമെന്നും പ്രവര്‍ത്തകര്‍ ആദ്യമേ വ്യക്തമാക്കിയിരുന്നു.

മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ വിളപ്പില്‍ശാലയിലേക്ക് കൊണ്ടുപോകണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് വിളപ്പില്‍ശാലയിലേക്ക് നഗരസഭയുടെ വാഹനങ്ങള്‍ എത്തിയത്. എന്നാല്‍ സര്‍ക്കാര്‍ നീക്കത്തിനെതിരെ വിളപ്പില്‍ശാലയില്‍ സംയുക്ത സമരസമിതി പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ കോടതി നിര്‍ദേശം നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടവും തീരുമാനിച്ചതോടെ പ്രദേശം അതീവ സുരക്ഷാ വലയത്തിലായിരുന്നു. 2000 പോലീസുകാരെയാണ് വിളപ്പില്‍ശാലയില്‍ ഇന്ന്  വിന്യസിച്ചിരുന്നത്.

കഴിഞ്ഞ ഡിസംബര്‍ 21 മുതല്‍ വിളപ്പില്‍ശാലയിലേക്കുള്ള മാലിന്യനീക്കം തടസപ്പെട്ടിരിക്കുകയാണ്. കോടതി നിര്‍ദേശമനുസരിച്ച് കഴിഞ്ഞ ഫിബ്രവരിയില്‍ ചവര്‍സംസ്‌ക്കരണ പ്ലാന്റിലേക്കുള്ള മാലിന്യനീക്കത്തിന് ശ്രമം നടന്നിരുന്നു. എന്നാല്‍ നാട്ടുകാരുടെ രൂക്ഷമായ എതിര്‍പ്പിനെ തുടര്‍ന്ന് ഈ ഉദ്യമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു.

കഴിഞ്ഞ ഫിബ്രവരിയില്‍ ആണ് വിളപ്പില്‍ശാല ചവര്‍സംസ്‌കരണഫാക്ടറിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ എത്തിയത്. ഫാക്ടറിക്കെതിരെ ഉയര്‍ന്ന ജനരോഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവ അങ്ങോട്ടേക്ക് കൊണ്ടുപോകേണ്ടെന്നായിരുന്നു തീരുമാനം. എന്നാല്‍ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇവ കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

വിളപ്പില്‍ശാല പ്രശ്‌നത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍

സമരക്കാര്‍ക്ക് മുന്നില്‍ പോലീസ് തോറ്റു: മാലിന്യലോറികള്‍ തിരിച്ചുപോയി

വിളപ്പില്‍ശാല ഇരകള്‍ തിരിച്ച് പിടിക്കുന്നു

വിളപ്പില്‍ ശാല: ഒരു ജനതക്കുമേല്‍ സര്‍ക്കാര്‍ ചൊരിയുന്ന മാലിന്യം

 

Advertisement