ന്യൂദല്‍ഹി: വിളപ്പില്‍ശാല മാലിന്യപ്രശ്‌നത്തില്‍ ഹൈക്കോടതി വിധിക്കെതിരേ വിളപ്പില്‍ പഞ്ചായത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. മാലിന്യനിക്ഷേപത്തിന് പോലീസ് സംരക്ഷണം ഉറപ്പുനല്‍കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

അരലക്ഷം പേരെ ബാധിക്കുന്ന പ്രശ്‌നമാണ് വിളപ്പില്‍ശാലയിലേതെന്നും മാലിന്യനിക്ഷേപം പ്രദേശവാസികളെ നിത്യരോഗികളാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
മാലിന്യ നീക്കവുമായി ബന്ധപ്പെട്ടുള്ള കോടതിവിധി നടപ്പാക്കാന്‍ പറ്റാത്ത അന്തരീക്ഷമാണ് വിളപ്പില്‍ ശാലയിലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്നും എന്നാല്‍, ബലപ്രയോഗത്തിലൂടെ മാലിന്യനീക്കം നടത്താന്‍ കഴിയില്ലെന്നും ഇക്കാര്യത്തില്‍ വിജയകരമായ മാതൃകകള്‍ കേരളത്തില്‍ ഇല്ലാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതുതായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ നടപ്പാക്കാന്‍ ആറു മാസമെങ്കിലും വേണ്ടിവരുമെന്നാണ് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്.

വിളപ്പില്‍ശാലയിലേക്കു മാലിന്യം നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ പോലീസ് നിഷ്‌ക്രിയമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിളപ്പില്‍ശാലയിലെ പോലീസ് ഇടപെടല്‍ കാര്യക്ഷമമായില്ലെന്നും കോടതി കുറ്റപ്പെടുത്തി. മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്ര സര്‍ക്കാരിനെയും സി.ആര്‍.പി.എഫിനെയും കക്ഷി ചേര്‍ക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഇങ്ങനെയാണെങ്കില്‍ വിളപ്പില്‍ശാലയിലേക്ക് കേന്ദ്രസേനയുടെ സഹായം തേടേണ്ടിവരുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വിളപ്പില്‍ശാലയിലേക്കെത്തിയ മാലിന്യ വണ്ടിയെ നടുറോഡില്‍ കുത്തിയിരുന്നാണ് നാട്ടുകാര്‍ തടഞ്ഞത്.  അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചെങ്കിലും സമരസമിതിയും നാട്ടുകാരും ചേര്‍ന്ന് ചെറുത്തുനില്‍ക്കുകയായിരുന്നു. മാലിന്യവുമായി വിളപ്പില്‍ശാലയിലെത്തിയ ലോറികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരിച്ചുപോവുകയായിരുന്നു.

സമരക്കാര്‍ മസില്‍ പവര്‍ ഉപയോഗിച്ച് മാലിന്യ നീക്കം തടയുകയായിരുന്നുവെന്നാണ് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതി കേന്ദ്രസേനയുടെ സാധ്യത ആരാഞ്ഞത്.

Malayalam news

Kerala news in English