തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാനുളള തീരുമാനമുണ്ടായില്ലെങ്കില്‍ മരണം വരെ നിരാഹാരം നടത്തുമെന്ന് വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരി.

Ads By Google

നാട്ടുകാരെ സര്‍ക്കാര്‍ കബളിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു. രാവിലെ സമരസമിതി നേതാക്കളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് പഞ്ചായത്ത് പ്രസിഡന്റ് നിലപാട് പ്രഖ്യാപിച്ചത്.

Subscribe Us:

അതേസമയം ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്ത നടപടിയായാണ് വിളപ്പില്‍ശാലയില്‍ ഇന്നുണ്ടായ നടപടികളെ കാണുന്നതെന്ന് സി.പി.ഐ.എം നേതാവും എം.എല്‍.എയും തിരുവനന്തപുരം നഗരസഭ മുന്‍ മേയറുമായ വി. ശിവന്‍കുട്ടി പറഞ്ഞു.

പ്ലാന്റിലെ മലിനജലം സംസ്‌കരിക്കാന്‍ ലീച്ചേറ്റ് ട്രീറ്റ്‌മെന്റ് സംവിധാനം സഹായകമാകുമെന്നാണ് കരുതുന്നത്. ജനാധിപത്യസംവിധാനത്തില്‍ ജനത്തിന് പ്രതികരിക്കാനുള്ള അവകാശമുണ്ട്.

അതുപോലെ കോടതി നടപടി നടപ്പാക്കാന്‍ സര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. നിയമത്തെ വെല്ലുവിളിക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം കാര്യങ്ങള്‍ കൂടി ഈ വിഷയത്തില്‍ പരിഗണിക്കേണ്ടതുണ്ടെന്നും ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് അതീവ രഹസ്യമായാണ് വിളപ്പില്‍ശാലയില്‍ നഗരസഭയുടെ ലിച്ചേറ്റ് ട്രീറ്റ്‌മെന്റ് സംവിധാനം എത്തിച്ചത്. ജനങ്ങളുടെ പ്രതിഷേധം ഭയന്ന് വന്‍ പോലീസ് സംഘവുമായാണ് രഹസ്യമായി സര്‍ക്കാര്‍ പൂട്ട് തകര്‍ത്ത് മാലിന്യ കേന്ദ്രത്തിലേക്ക് യന്ത്രങ്ങള്‍ എത്തിച്ചത്.

വിളപ്പില്‍ശാലയില്‍ മലിനജല പ്ലാന്റ് സ്ഥാപിക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ഇതനുസരിച്ച്  വന്‍ പോലീസ് സന്നാഹത്തോടെ യന്ത്രങ്ങള്‍ പ്ലാന്റിലെത്തിക്കാന്‍ കോര്‍പ്പറേഷന്‍ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു.

പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ച് വെച്ചിരുന്ന ഈ യന്ത്രങ്ങള്‍ ഇന്ന് വീണ്ടും രഹസ്യമായി വിളപ്പില്‍ശാലയില്‍ എത്തിക്കുകയായിരുന്നു. അപ്രതീക്ഷിത നീക്കമായിരുന്നതിനാല്‍ പ്രതിരോധിക്കാന്‍ നാട്ടുകാരും ഉണ്ടായിരുന്നില്ല

വിളപ്പില്‍ശാലയിലേക്ക് മാലിന്യ ലിച്ചേറ്റ് ട്രീറ്റ്‌മെന്റ് സംവിധാനം  എത്തിച്ച് സര്‍ക്കാര്‍ ജനങ്ങളെ  കബളിപ്പിക്കുകയായിരുന്നെന്ന് വിളപ്പില്‍ശാല സമരസമിതി ആരോപിച്ചു.

സര്‍ക്കാരിന്റെ നീക്കത്തിനെതിരെ വിളപ്പില്‍ശാലയില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിളപ്പില്‍ശാലയിലെ പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു.