കോളിവുഡില്‍ മള്‍ട്ടിപ്പിള്‍ പേഴ്‌സണാലിറ്റിയുള്ള ചിയാന്‍ വിക്രമിനു പുറമേ മറ്റൊരു വിക്രം കൂടി. വിക്രത്തിന്റെ ഇരട്ടസഹോദരനോ, അപരനോ അല്ല. സാക്ഷാല്‍ ശിവാജി ഗണേശന്റെ കൊച്ചുമകന്‍ വിക്രം. മുന്‍നായകന്‍ പ്രഭുവിന്റെ പുത്രന്‍.

വിക്രമിന്റെ അരങ്ങേറ്റത്തിനുമുണ്ട് പ്രത്യേകത. പ്രഭുസോളമന്റെ ചിത്രത്തിലൂടെയാണ് വിക്രം കോളിവുഡില്‍ പ്രവേശിക്കുന്നത്. മൈന എന്ന ദേശീയ അവാര്‍ഡ് ചിത്രത്തിന്റെ സംവിധായകനാണ് പ്രഭുസോളമന്‍. തമിഴകത്തെ സൂപ്പര്‍ സംവിധായകനും നിര്‍മ്മാതാവുമായ ലിങ്കുസ്വാമിയാണ് കൊമ്പന്‍ എന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ആനകളും മനുഷ്യരുമായുള്ള ബന്ധവും ആനയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്നതില്‍ മനുഷ്യനുള്ള പങ്കുമാണ് ചിത്രത്തിന്റെ കഥ.

ഞാന്‍ ഉദ്ദേശിക്കുന്ന കഥാപാത്രം വിക്രത്തിന് അനുയോജ്യമാണ്. അദ്ദേഹത്തോട് താടിവളര്‍ത്തി കൂടുതല്‍ പരുക്കനാവാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒറ്റപ്പാലത്തുകൊണ്ടുവന്ന് ആനകളുമായുള്ള ട്രെയിനിംഗ് നല്‍കുന്നുണ്ട്. ആക്ഷന്‍ സീനുകളും സാഹസികരംഗങ്ങളും കൂടുതല്‍ മനോഹരമാക്കാന്‍ അയാള്‍ ഒരുങ്ങുകയാണ്” പ്രഭുസോളമന്‍ പറയുന്നു.

പ്രഭുവിന്റെ മകന്‍ വിത്രം സിനിമയില്‍ വരുന്നുവെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് കാലമേറെയായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ശിവാജി പ്രൊഡക്ഷന്റെ ദൈവമകന്‍ എന്ന ചിത്രത്തില്‍ വിക്രം ഉണ്ടാവുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.