ചെന്നൈ: തിരഞ്ഞൈടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ജയലളിതയ്ക്ക് കനത്ത തിരിച്ചടിയേല്‍പ്പിച്ച് വൈക്കോ നേതൃത്വം നല്‍കുന്ന എം.ഡി.എം.കെ എ.ഐ.എ.ഡി.എം.കെയുമായി തെറ്റിപ്പിരിഞ്ഞു. പാര്‍ട്ടിയുമായുള്ള ദീര്‍ഘകാലബന്ധം അവസാനിപ്പിക്കുകയാണെന്നും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്നും വൈക്കോ വ്യക്തമാക്കി.

സീറ്റുവിഭജനമാണ് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ വില്ലനായത്. 21 സീറ്റുകള്‍ ഇത്തവണ തങ്ങള്‍ക്ക് ലഭിക്കണമെന്ന് വൈക്കോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അനുവദിച്ചുകൊടുക്കാന്‍ ജയലളിത തയ്യാറായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 35 സീറ്റുകളിലായിരുന്നു എം.ഡി.എം.കെ മല്‍സരിച്ചത്.

അതിനിടെ വിജയകാന്തിന്റെ ഡി.എം.ഡി.കെയ്ക്ക് സീറ്റുകള്‍ നല്‍കിയതാണ് വൈക്കോയുടെ സ്വപ്‌നങ്ങളെ തകര്‍ത്തതെന്നും സൂചനയുണ്ട്. തമിഴ്‌നാട്ടില്‍ വന്‍ വോട്ടുബാങ്കുള്ള വിജയകാന്തിനെ കൂടെനിര്‍ത്താനായി എം.ഡി.എം.കെയ്ക്ക് അനുവദിച്ച സീറ്റുകളില്‍ കുറവ് വരുത്തുകയായിരുന്നു.

അതിനിടെ ഇടതുപക്ഷ പാര്‍ട്ടികള്‍ സംസ്ഥാനത്ത് മൂന്നാം മുന്നണി രൂപീകരിക്കാനുള്ള ശ്രമിത്തിലാണെന്നും റിപ്പോര്‍ട്ടുണ്ട്. വൈക്കോയെ അവര്‍ ചാക്കിലാക്കി തങ്ങളുടെ പാളയത്തിലേക്ക് എത്തിച്ചേക്കുമെന്നും മറ്റ് ചെറിയ രാഷ്ട്രീയപാര്‍ട്ടികളുടെ സഹായം തേടാനും പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.