Categories

ലണ്ടന്‍ ഒളിമ്പിക്‌സ്: ഇന്ത്യയുടെ വികാസ് കൃഷന്റെ മത്സരഫലം തിരുത്തി

ലണ്ടന്‍: ഒളിമ്പിക്‌സില്‍ 69 കിലോഗ്രാം ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച വികാസ് കൃഷന്റെ മത്സരഫലം തിരുത്തി. അന്താരാഷ്ട്ര അമച്വര്‍ ബോക്‌സിങ് അസോസിയേഷനാണ് മത്സരഫലം തിരുത്തിയത്.

അമേരിക്കന്‍ താരം എറോള്‍ സ്‌പെന്‍സുമായിട്ടായിരുന്നു വികാസ് ഏറ്റുമുട്ടിയത്. 13-11 ന് ആദ്യം വിജയിച്ചതായി പ്രഖ്യാപിച്ച വികാസ് കൃഷനെ അമേരിക്കയുടെ പരാതിയെ തുടര്‍ന്ന് വീണ്ടും മത്സരം വിലയിരുത്തിയ ജൂറിയാണ് ഫലം പിന്നീട് തിരുത്തിയത്.

Ads By Google

മൂന്നാം റൗണ്ടുകളില്‍ മാത്രം വികാസ് ഒന്‍പത് പിഴവുകള്‍ വരുത്തിയതായി ജൂറി വിലയിരുത്തി. എന്നാല്‍ മാച്ച് റഫറി ഒരു തവണ മാത്രമേ പിഴവ് മാര്‍ക്ക് ചെയ്തുള്ളു. രണ്ടാം റൗണ്ടിലും മനപ്പൂര്‍വം വികാസ് പിഴവ് വരുത്തിയതായി മത്സരത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ജൂറി കണ്ടെത്തി.

അതേസമയം അസോസിയേഷന്റെ സാങ്കേതിക മത്സര നിയമപ്രകാരം റഫറി രണ്ട് തവണയെങ്കിലും വികാസിന് മുന്നറിയിപ്പ് നല്‍കേണ്ടതായിരുന്നുവെന്ന് ജൂറി വിലയിരുത്തി. തുടര്‍ന്ന് സ്‌പെന്‍സിന് നാല് പോയിന്റുകള്‍ കൂടി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ 13-15 എന്ന നിലയില്‍ സ്‌പെന്‍സ് മത്സരം വിജയിച്ച് ക്വാര്‍ട്ടറിലെത്തുകയായിരുന്നു.

ലോക ആറാം നമ്പര്‍ താരമായ വികാസ് കൃഷന്‍ മൂന്നാം സീഡായിട്ടാണ് ഒളിമ്പിക്‌സിലെത്തിയത്.