എഡിറ്റര്‍
എഡിറ്റര്‍
അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ നിയമന വിവാദം: കോടിയേരിയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം
എഡിറ്റര്‍
Tuesday 5th June 2012 12:24pm

തൃശൂര്‍: അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമത്തില്‍ അഴിമതി നടത്തിയെന്ന പരാതിയില്‍ മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. മുന്‍ പ്രോസിക്യൂഷന്‍ ജനറലടക്കം ഏഴു പേര്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരിക്കേ 2006ല്‍ തലശേരി, ദേവികുളം കോടതികളില്‍ നടത്തിയ അഡീ.പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനമാണ് കേസിനാധാരം.

2006ല്‍ സര്‍ക്കാര്‍ അധികാരത്തിലേറിയ ഉടന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ തസ്തികയില്‍ ഈ കോടതികളില്‍ താല്‍ക്കാലിക നിയമനം നടത്തിയിരുന്നു. പി.എസ്.സി റാങ്ക് ലിസ്റ്റ് വന്നിട്ടും അര്‍ഹതപ്പെട്ടവരെ നിയമിക്കാതെ താല്‍ക്കാലിക എ.പി.പിമാരെ തുടരാന്‍ അനുവദിച്ചു.

ഹൈക്കോടതി വിധിയുണ്ടായിട്ടും അത് മറികടന്നായിരുന്നു കോടിയേരിയുടെ നടപടി. 2009ല്‍ പി.എസ്.എസി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞതോടെ താല്‍ക്കാലിക നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം. തൃശൂര്‍ സ്വദേശിയായ ഒരു അഭിഭാഷകനാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ആറാം പ്രതിയാണ് കോടിയേരി. അഴിമതി, സ്വജനപക്ഷപാതം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement