എഡിറ്റര്‍
എഡിറ്റര്‍
മയക്കുമരുന്ന് ബന്ധം: വിജേന്ദറിന്റെ പേര് പറഞ്ഞ ഏജന്റ് ജീവനൊടുക്കാന്‍ ശ്രമിച്ചു
എഡിറ്റര്‍
Saturday 9th March 2013 4:54pm

ചണ്ഡിഗഢ്: ബോക്‌സിംഗ് താരം വിജേന്ദര്‍ സിങ്ങിന് മയക്കുമരുന്ന് ഇടപാടില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയ ഏജന്റ് പോലീസ് കസ്റ്റഡിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു.

Ads By Google

മയക്കുമരുന്നുമായി മൊഹാലിയില്‍ നിന്നും പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്ത അനൂപ് സിങ് കാലോണ്‍ ആണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

കുളിക്കാന്‍ വെള്ളമെടുക്കുന്ന ബക്കറ്റിന്റെ ഒരു ഭാഗം പൊട്ടിച്ചെടുത്ത് കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയായിരുന്നു. പോലീസ് ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായാണ് അറിയുന്നത്.

വിദേശ ഇന്ത്യക്കാരനായ അനൂപ് സിങിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം 26 കിലോഗ്രാം  ഹെറോയിന്‍ പൊലീസ് പിടിച്ചെടുത്തിരുന്നു.

ഇയാളുടെ വീടിന് പുറത്ത്  വിജേന്ദര്‍ സിങിന്റെ ഭാര്യയുടെ കാര്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ വിജേന്ദറിന്റെ ഭാര്യയുടെ കാറില്‍ നിന്ന് മയക്ക് മരുന്ന് കണ്ടെത്തിയില്ല.

അതേസമയം തൊട്ടടുത്ത് പാര്‍ക്ക് ചെയ്ത മറ്റൊരു കാറില്‍ 10 കിലോ മയക്കുമരുന്ന് ഉണ്ടായിരുന്നെന്നും പൊലീസ് പറഞ്ഞു.

അനൂപ് സിങ്ങില്‍ നിന്നാണ് വിജേന്ദറിന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകള്‍ പൊലീസിന് ലഭിച്ചത്. മറ്റൊരു ബോക്‌സര്‍ ആയ രാം സിങുമായും തനിക്ക് ബന്ധമുള്ളതായി അനൂപ് സിങ് ഖാലോന്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

കാനഡയില്‍ ട്രക്ക്‌ഡ്രൈവറായ അനൂപ് സിങ് ഖാലോന് അന്തരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ളതായി പൊലീസ് സംശയിക്കുന്നു.  വിജേന്ദറിനെയും രാം സിങിനെയും പൊലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ വിജേന്ദറിന് ഉടന്‍ സമന്‍സ് അയക്കുമെന്ന് പോലീസ് പറഞ്ഞു.

എന്നാല്‍ മയക്ക്മരുന്ന് വിവാദത്തില്‍ തനിക്ക് പങ്കില്ലെന്നും എങ്ങിനെയാണ് തന്റെ പേര് ഇതിലേക്ക് വന്നതെന്ന് അറിയില്ലെന്നും വിജേന്ദര്‍ പ്രതികരിച്ചു.

2008ലെ ബീജിങ് ഒളിമ്പിക്‌സിലും 2006ലെ ഏഷ്യന്‍ ഗെയിംസിലും വെങ്കല മെഡല്‍ ജേതാവായിരുന്നു വിജേന്ദര്‍സിങ്.

Advertisement