ഷാങ്ഹായ്: വിജയ് ചിത്രമായ കാവലന്‍ 14-ാമത് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സിദ്ദീഖാണ് ഇത് സംവിധാനം ചെയ്തത്. സിദ്ദിഖ് തന്നെ സംവിധാനം ചെയ്ത ബോഡിഗാഡ് എന്ന മലയാള സിനിമയുടെ റീമേക്കാണ് കാവലന്‍.

വിജയുടെ 53 ചിത്രങ്ങളില്‍ ഇതാദ്യമായാണ് ഫെസ്റ്റിവലിലേക്ക് സ്‌ക്രീനിങ്ങിന് പരിഗണിച്ചിരിക്കുന്നത്. വിജയ് കൂടുതലും ജനകീയ സിനിമകളാണ് ചെയ്തിട്ടുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തിന് ജനമനസ്സുകളിലിടം കിട്ടിയിട്ടുള്ളതും.

80 രാജ്യങ്ങളില്‍ നിന്നായി 2500 സിനിമകളാണ് ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലേക്ക് പരിഗണനക്കായി വരുന്നത്. ഇതില്‍ 200 ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുന്നത്. എസ്.ഐ.എഫ്.എഫ് വിജയിയെ അതിഥിയായി ക്ഷണിച്ചിട്ടുമുണ്ട്.