എഡിറ്റര്‍
എഡിറ്റര്‍
വിജയരാഘവന്റെ മരണവാര്‍ത്ത; സൈബര്‍ സെല്‍ നടപടിയെടുക്കുമെന്ന് സെന്‍കുമാര്‍: ഷെയര്‍ ചെയ്തവര്‍ക്കെതിരെയും നടപടി
എഡിറ്റര്‍
Thursday 11th May 2017 11:31am

തിരുവനന്തപുരം: സിനിമാതാരം വിജയരാഘവന്റെ പേരില്‍ വ്യാജ മരണ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സൈബര്‍ സെല്‍ നടപടി എടുക്കുമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ അറിയിച്ചു.

മരണവാര്‍ത്തയ്‌ക്കെതിരെ വിജയരാഘവന്‍ നേരിട്ട് ഡി.ജി.പിയ്ക്ക് പരാതി നല്‍കുകയായിരുന്നു. വ്യാജവാര്‍ത്ത ഷെയര്‍ ചെയ്ത എല്ലാവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി സെന്‍കുമാര്‍ വ്യക്തമാക്കി.

വ്യാജവാര്‍ത്തക്കെതിരെ പരാതി നല്‍കാനോ മറ്റ് നിയമനടപടികള്‍ക്കോ പോകുന്നില്ലെന്നായിരുന്നു വിജയരാഘവന്‍ ആദ്യം പറഞ്ഞിരുന്നത്. വെറുതെയങ്ങ് അവഗണിക്കാമെന്നും അത് മാത്രമാണ് പോംവഴിയെന്നും നേരത്തെ ഇത്തരം പരാതിയുമായി എത്തിയവര്‍ക്കൊന്നും നീതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് പരാതി നല്‍കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു.


Dont Miss അച്ഛന്റെ മരണവാര്‍ത്ത വാട്‌സാപ്പില്‍ കണ്ടല്ലോയെന്ന് മകന്‍; സ്വന്തം മരണ വാര്‍ത്ത വാട്‌സ്അപ്പിലൂടെ അറിഞ്ഞ ഞെട്ടലില്‍ വിജയരാഘവന്‍


ഇത്തരം വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് വിജയരാഘവന്‍ ആവശ്യപ്പെട്ടു. താന്‍ മരിച്ചെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന കാര്യം ആദ്യം അറിയിച്ചത് മകനാണെന്ന് വിജയരാഘവന്‍ പറഞ്ഞിരുന്നു. അച്ഛന്റെ മരണവാര്‍ത്ത വാട്സാപ്പില്‍ കണ്ടല്ലോ എന്നാണ് മകന്‍ ചോദിച്ചതെന്നും വിജയരാഘവന്‍ പറഞ്ഞു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മരണവാര്‍ത്ത സ്ഥിരീകരിക്കാന്‍ വിളിക്കുന്നവരോട് മറുപടി പറയുന്നതിലുള്ള തിരക്കിലാണ് തനിക്കിപ്പോഴെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ വൈകിട്ട് മുതലാണ് വിജയരാഘവന്‍ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. വിജയരാഘവന്റെ ഫോട്ടോ വെച്ച് വെച്ചിട്ടുള്ള ആംബുലന്‍സാണ് വാര്‍ത്തപ്രചരിക്കാന്‍ ഇടയായത്. വിജയ രാഘവന്‍ അഭിനയിക്കുന്ന ‘രാമലീല’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത ചിത്രമാണിത്.

ചിത്രത്തില്‍ വിജയരാഘവന്റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്.

Advertisement