എഡിറ്റര്‍
എഡിറ്റര്‍
വിജയന്‍ മാഷ് അനുസ്മരണം
എഡിറ്റര്‍
Tuesday 9th October 2012 10:29am

റിയാദ്:പ്രൊഫസ്സര്‍ എം.എന്‍ വിജയന്റെ അഞ്ചാം ചരമവാര്‍ഷികത്തോടനുബന്ധിച്ചു  ‘ഇടം’ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ അഞ്ചിന് റിയാദില്‍ അനുസ്മരണ സമ്മേളനം നടന്നു. ‘ഇടം’ പ്രസിടന്റ്‌റ് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു.

യോഗം ഫോണ്‍ഇന്‍ വഴി പ്രശസ്ത കവിയും ഇടതുപക്ഷ ബുദ്ധിജീവിയുമായ കെ.സി ഉമേഷ് ബാബു ഉദ്ഘാടനം ചെയ്തു. വിജയന്‍ മാഷിന്റെ സാഹിത്യ വിമര്‍ശന ത്തെക്കുറിച്ച് ജോസഫ് അതിരുങ്കലും മനശാസ്ത്രത്തെക്കുറിച്ച് ആര്‍ മുരളീധരനും രാഷ്ട്രീയത്തെക്കുറിച്ച് നിജാസും പ്രഭാഷണം നടത്തി.

സോഫിയ ബിന്ദ് സംവിധാനം ചെയ്ത വിജയന്‍ മാഷിന്റെ ബൌദ്ധിക ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള 45 മിനിറ്റ്  ദൈര്‍ഘ്യമുള്ള ഡോക്യുമെന്ടറി സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

Ads By Google

ഇടം സാംസ്‌കാരിക വേദിയുടെ ലോഗോയുടെ പ്രകാശനം കഥാകൃത്ത് എം ഫൈസല്‍  നടത്തി. ഇടം സെക്രെട്ടറി സിദ്ദിക്ക് നിലമ്പൂര്‍ സ്വാഗതവും ട്രെഷറര്‍ ഹരികൃഷ്ണന്‍ നന്ദിയും പറഞ്ഞു. ജയചന്ദ്രന്‍ നേരുവംബ്രം ഷീബ രാജു, രാജു ഫിലിപ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി കേരളീയ പൊതുജീവിതത്തിന്റെ ബൌദ്ധിക ഉള്ളടക്കത്തില്‍ ഉണ്ടായിട്ടുള്ള ഇടിവ്  വിജയന്‍ മാഷിനെ പോലുള്ള മാര്‍ക്‌സിസ്റ്റ് ബുദ്ധി ജീവികളുടെ ഇടപെടലുകള്‍ ഇല്ലാത്തത്  കൊണ്ടുണ്ടായിട്ടുള്ളതാണെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട്  ഉമേഷ് ബാബു പറഞ്ഞു.

ഇന്ത്യയിലെ മുഖ്യ ധാരാ ഇടതുപക്ഷത്തിന്റെ വലതുപക്ഷ വ്യതിചലനങ്ങള്‍ ആദ്യമായി ചൂണ്ടിക്കാണിച്ചതും ഇടതുപക്ഷ നിലപാടുകളില്‍ വെള്ളം ചേര്‍ന്നുകൂടെന്ന നിലപാടെടുത്തതും ചിന്തകനും പ്രക്ഷോഭ കാരിയുമായിരുന്ന വിജയന്‍ മാഷായിരുന്നു.

സാമ്രാജ്യത്വവുമായി അങ്ങേഅറ്റം സന്ധി ചെയ്ത മുഖ്യധാരാ ഇടതുപക്ഷത്തിന് ഇതിനെ ഒട്ടും ഫലപ്രദമായി ചെറുക്കാന്‍ സാധിക്കുന്നില്ല. വളരെ സാമ്പ്രദായികമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ സി.പി.ഐ.എം ഇന്ന് നവ മുതലാളിത്തം ഉണ്ടാക്കിത്തീര്‍ക്കുന്ന നവ യാഥാസ്ഥിക വ്യവസ്ഥ ഏര്‍പ്പെടുത്താനാണ് ശ്രമിക്കുന്നതെന്നു ഉമേഷ് ബാബു ആരോപിച്ചു.

അതുപോലെതന്നെ ടി. പി ചന്ദ്രശേഖരന്റെ കൊലപാതക ത്തെതുടര്‍ന്നു കേരളത്തിലെ മാധ്യമങ്ങള്‍ വളരെ ആപേഷികമായി ഉണ്ടാക്കിത്തീര്‍ക്കുന്ന പ്രതിപക്ഷ സാന്നിധ്യവും ധാര്‍മികതയുടെയും സത്യ സന്ധതയുടെയും നിലപാടുകളും സ്ഥായിയായി നിലനിര്‍ത്താനോ ഒരു സമര മുന്നണിയായി രൂപാന്തര പ്പെടുത്താണോ കഴിയാത്തതും വിജയന്‍ മാഷിനെപ്പോലൊരു പൊതുസമ്മതനായ ഇടതു ചിന്തകന്റെ അഭാവമാണ്.

കേരളത്തില്‍ ജീവിക്കുകയും പ്രക്ഷോഭ സമരങ്ങള്‍ നടത്തുകയും അതിന്റെ പേരില്‍ കൊലക്കത്തിക്ക് കീഴെ നില്‍ക്കുകയും ചെയ്യുന്ന ഒരു എഴുത്തുകാരന്റെ മനസ്സാണ് താന്‍ തുറക്കുന്നതെന്നും ഉമേഷ് ബാബു തന്നെപ്പറ്റി പറഞ്ഞു.

ഏറ്റവും കാലികവും പ്രസക്തവുമായ നിലപാടെടുക്കേണ്ട അവസരങ്ങളില്‍ കേരളത്തിലെ മുഖ്യധാരാ ഇടതുപക്ഷ രാഷ്ട്രീയം അതിന്റെ ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയും യാന്ത്രികമായ ഭരണ സംവിധാനങ്ങളായി അധപതിക്കുകയും ചെയ്യുമ്പോള്‍, അതിന്റെ സംഘശരീരത്തിനകത്തും പുറത്തും നിന്നും മൂല്യങ്ങളോടുള്ള പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒരു കൂട്ടം മനുഷ്യര്‍ പുതിയ ഇടങ്ങള്‍ ഉണ്ടാക്കുന്നതിനു ഉദാഹരണമാണ് ഇത്തരം കൂട്ടായ് മകളെന്നു ഇടം സാംസ്‌കാരിക വേദിയുടെ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരന്‍ എം.ഫൈസല്‍ പറഞ്ഞു.

സാത്വികമായ ഗാന്ധിയന്‍ ജീവിത ശൈലിയും മാര്‍ക്‌സിയന്‍ ചിന്തയുടെ തീഷ്ണതയും പേറി നമ്മുടെ ഇടയില്‍ ജീവിച്ച മഹാനായ മനുഷ്യ സ്‌നേഹിയായതുകൊണ്ടാണ് വിജയന്‍ മാഷിന്റെ വാക്കുകള്‍ക്കു ആയിരക്കണക്കിനാളുകള്‍ ചെവി കൊടുത്തതെന്ന് ജയചന്ദ്രന്‍ നേരുവംബ്രം പറഞ്ഞു.

ഇടതുപക്ഷ ബദല്‍ പ്രസ്ഥാനം കൃത്യമായ ദിശാ ബോധത്തോടെയാണു മുന്നോട്ടു പോകുന്നതെന്ന് ഇക്ബാല്‍ കൊടുങ്ങല്ലൂര്‍ പറഞ്ഞു. മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വലതു വ്യതിയാനങ്ങല്‍ക്കെതിരെ കലാപമുണ്ടാക്കി ഇറങ്ങിപ്പോയവര്‍ എല്ലാം തന്നെ അഭിപ്രായമുള്ളവ രാനെന്നും അതുകൊണ്ടാണ് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുന്നതെന്നും അഭിപ്രായമില്ലാത്തവര്‍ ഇപ്പോഴും സി.പി.ഐ.എമ്മിനകത്തുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.

Advertisement