എഡിറ്റര്‍
എഡിറ്റര്‍
മതവും ദേശീയതവും: വിജയന്‍ മാഷ് പറയുന്നു
എഡിറ്റര്‍
Monday 1st October 2012 3:53pm

ഇന്ന് മഹാനായ ആ മനുഷ്യന്‍ വിടവാങ്ങിയിട്ട് അഞ്ച് വര്‍ഷം പിന്നിടുകയാണ്……

മനസ്സില്‍ നന്മ വറ്റിപ്പോയിട്ടില്ലാത്ത ഒരു പറ്റം മനുഷ്യരുടെ നെഞ്ചിലെ മിടിപ്പ്….

ആ ഭാഷയിലെ ഉന്മാദങ്ങളില്‍ മുഴുകാന്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാര്‍ ശ്രമിച്ചപ്പോള്‍, ചിലര്‍ അദ്ദേഹത്തെ സാഹിത്യകാരനാക്കി…. ചിലര്‍ അദ്ദേഹത്തെ പാര്‍ട്ടി വിരുദ്ധന്‍ ആക്കി….

വണ്ടി കാശ് ഇല്ലാതെ നടന്ന് വന്ന ശിഷ്യന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം എടുത്തുകൊടുത്ത് സ്‌നേഹിച്ചു. അവസാനം ആ ശിഷ്യന്‍ അദ്ദേഹത്തിന്റെ നെറുകയില്‍ ചവിട്ടി…. എന്തായിരുന്നു അദ്ദേഹം ചെയ്ത തെറ്റ്?

‘വിപ്ലവത്തിന്റെ ചരിത്രം എന്ന് പറയുന്നത് നമ്മെളെടുക്കുന്ന എടുപ്പുകളുടെ ചരിത്രമല്ല…. നമ്മുടെ ആസ്തി ജനങ്ങളുടെ ത്യാഗമാണ്… ഭ്രാന്ത് പിടിച്ചവര്‍, രക്തസാക്ഷി ആയവര്‍, അംഗഭംഗം വന്നവര്‍ അങ്ങിനെ എത്രയോ പേര്‍….. ഇവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇല്ലാതായി തീരുന്നു എന്നതാണ് കടുത്ത യാഥാര്‍ത്ഥ്യം….

കയ്യൂരിന്റേയും വയലാറിന്റേയും ഓര്‍മ്മകള്‍ ചിലപ്പോള്‍ നേതൃനിരയില്‍ അപൂര്‍വ്വം ചിലര്‍ക്ക് ഉണ്ടാവാം… ഇപ്പോള്‍ നാം ആലോചിക്കുന്നത് ഉറങ്ങാന്‍ നമുക്കെന്ത് വേണം എന്നതാണ്…. ഉറങ്ങാന്‍ ഈ വിപ്ലവ സൗധങ്ങള്‍ മതി… ഉണര്‍ന്നെണീക്കാന്‍ മറ്റ് പലതും വേണം….’

ഇങ്ങനെ ചിന്തകളിലേക്ക് തീകോരിയിടുന്ന വാക്കുകള്‍ ഇവിടെ അവശേഷിപ്പിച്ചാണ് വിജയന്‍മാഷ് കടന്ന് പോയത്….. ‘കേള്‍ക്കണമെങ്കില്‍ ഈ ഭാഷ വേണ’മെന്ന ബര്‍ണാഡ്ഷായുടെ വാക്കുകള്‍ അവസാനമുച്ചരിച്ചുകൊണ്ട് മരണത്തിന്റെ കയത്തിലേക്ക് നടന്ന് കയറുകയായിരുന്നു അദ്ദേഹം……

കേരളീയ സമൂഹം കൂടുതല്‍ മതാത്മകമായി മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മലയാളിയുടെ ചിന്താമണ്ഡലത്തിലേക്ക് വിജയന്‍ മാഷ് ഇത്തരം വിഷയങ്ങള്‍ എടുത്തെറിഞ്ഞു…. വിജയന്‍ മാഷിന്റെ വാക്കുകളിലേക്ക്…

നിങ്ങള്‍ കുറേ നേരമായി കാത്തിരിക്കുന്നു. എല്ലാരുമിങ്ങനെ ചരിത്രത്തിന് വേണ്ടി, ശബ്ദങ്ങള്‍ക്ക് വേണ്ടി, ഭാവിക്കുവേണ്ടി കാത്തിരിക്കുന്നവരാണ്.

ഒരാനയുടെ കാലില്‍ തോട്ടി ചാരിവെച്ചിട്ട് ആനക്കാരന്‍ കുടിക്കാന്‍ പോവുന്നു. കുടിച്ചിട്ട് അവന്‍ ഉറങ്ങിപ്പോവുന്നു. ആന ഒരു കാലില്‍ ചാരിവെച്ച തോട്ടി, അല്ലെങ്കില്‍ കല്പന അനുസരിച്ച ജീവിതത്തില്‍ നില്‍ക്കുകയും അവന്റെ ജീവിതം, അവന്റെ നിമിഷങ്ങള്‍, അവന്റെ നിമിഷങ്ങള്‍ നിഷ്പ്രയോജനങ്ങളാക്കി തീര്‍ക്കുകയും ചെയ്യുന്നു.

കാത്തുനില്‍ക്കുന്നത് ആരെയാണ്; എന്തിനുവേണ്ടിയാണ് കാത്തുനില്‍ക്കുന്നത് എന്ന് ആനയ്ക്കറിയില്ല. പക്ഷേ, കാത്തുനില്‍ക്കുകയാണ് തന്റെ നിയമം എന്ന്, തന്റെ കടമ എന്ന് ആന പരിശീലിക്കപ്പെട്ടിരിക്കുന്നു.

കാട്ടിലെ ആനയ്ക്ക് ഈ നിയമം പറ്റില്ല. കാട്ടിലെ ആനയുടെ കാലില്‍ ഒരാനക്കാരന് തോട്ടിവെയ്ക്കാനാവില്ല. അതുകൊണ്ട് ആനയെ കുഴിവെച്ച് പിടിക്കുകയും കുഴിവെച്ച് പിടിച്ച ഈ കുഞ്ഞാനകളെ മറ്റുള്ളവ മെരുക്കുകയും മെരുക്കിയെടുത്തതിനു ശേഷം അതിനെ മനുഷ്യര്‍ക്ക് വേണ്ടി കാത്തിരിക്കുവാനായി, ദൈവത്തിനു വേണ്ടി കാത്തിരിക്കുവാമിയി, എന്നെങ്കിലും ദൈവം വരുമെന്നോര്‍ത്ത്, എന്നെങ്കിലും വൈകുണ്ഠത്തിന്റെ വാതില്‍ തുറക്കുമെന്നോര്‍ത്ത്, തുറക്കുന്ന ദിവസം ഏകാദശി ദിവസമായിരിക്കുമെന്നോര്‍ത്തുകൊണ്ട് മനുഷ്യവര്‍ഗ്ഗത്തിന് കാത്തിരിക്കുവാന്‍ കഴിയും.

അതുകൊണ്ട് നാം എപ്പോഴും സ്വര്‍ഗ്ഗവാതില്‍ തുറക്കുന്ന ഏകാദശി കാത്തുകൊണ്ടേയിരിക്കും. നാം എപ്പോഴും വിമോചനത്തിന്റെ ഒരു നിമിഷം ഉണ്ടാകുമെന്ന് കാത്തുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ നമ്മുടെ അനുഭവത്തെ ഒരാനയുടെ അനുഭവത്തെപ്പോലെ നിരാകരിക്കുന്നു.

അതായത് കുത്തനെ നില്ക്കുന്ന ആനയെ; ഭോഗിക്കുവാന്‍ കഴിയാത്ത, ഭക്ഷണം കഴിക്കാന്‍ കഴിയാത്ത, കുട്ടികള്‍ കല്ലെറിയു്‌പോള്‍ പ്രതികരിക്കുവാന്‍ കഴിയാത്ത, ഒന്നും ചെയ്യാന്‍ കഴിയാത്ത ഒരു മാംസപിണ്ഡമാക്കി തീര്‍ക്കുക എന്നതാണ് കാലില്‍ തോട്ടി വെക്കുന്നതിന്റെ ലക്ഷ്യം. അങ്ങനെ ചങ്ങലയിടപ്പെട്ട, കാലില്‍ തോട്ടി ചാരപ്പെട്ട ആന താനാണ്.

‘കൂര്‍ത്ത തോട്ടി ചാരട്ടെ കൃശഗാത്രനീപാപ്പാന്‍’ ഏതോ ബലം കുറഞ്ഞ ഈ പാപ്പാന്‍, ഏതോ വണ്ണം കുറഞ്ഞ തടി കുറഞ്ഞ ഒരു പാപ്പാന്‍ നമ്മുടെ കാലുകളില്‍ഒരു തോട്ടി ചാരിവെയ്ക്കുകയും നാം ഒരാനയാണ് എന്നൊരിക്കലും ഓര്‍ക്കരുത് എന്ന് നമ്മെ പഠിപ്പിക്കുകയും, ആനയാണെന്നോര്‍ത്താല്‍ അത് ആനക്കാരന്റെ മരണമാണ് എന്നറിയാവുന്നതുകൊണ്ട് ആനക്കാരന്‍ നിരന്തരം ഈ മന്ത്രം നമ്മുടെ മനസ്സില്‍, ആനയുടെ കാതുകളില്‍ ആനയുടെ വലിയ കാതുകളില്‍ ഉരുവിട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.

അതുകൊണ്ട് അവറ്റയ്ക്ക് അതിന്റെ സ്വാതന്ത്ര്യത്തിനനുസരിച്ച് സ്വപ്‌നം കാണുവാനുള്ള ഒരേയൊരു സന്ദര്‍ഭം സ്വപ്‌നം കാണലാണ്. അങ്ങനെയവന്റെ ജീവിതം സഫലമാക്കിത്തീര്‍ക്കുവാനുള്ള ഒരേ അവസരം ഭ്രാന്തുപിടിക്കലാണ്.

Ads By Google

അതുകൊണ്ട് വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകനില്‍’ ആനയ്ക്ക് ഭ്രാന്തുപിടിക്കുന്നതും അപ്പോള്‍ അവന്റെ കാതുകളില്‍ അവന്റെ കാട്ടിലെ കാമുകി വന്ന് മന്ത്രിക്കുന്നതും അവന്റെ എതിരാനയുടെ കാലുകള്‍തൈയാവുകയും വാഴത്താളുകളായി പ്രത്യക്ഷപ്പെടുകും അവന്‍ തന്റെ ഉത്സവപ്പറമ്പായ തന്റെ വനാന്തരങ്ങളില്‍ക്കൂടി ശരിയായ ആനയായി സഞ്ചരിക്കുകയും ചെയ്യുന്നു. അതിന്റെ ഫലം മരണമാണ്.

ആന ആനയാണെന്നറിയുമ്പോള്‍ ആന ആനയെപ്പോലെ പെരുമാറുമ്പോള്‍ അവന് കിട്ടുന്ന പ്രതിഫലം മരണമാണ്. വളരെ ചെറിയ കാര്യമാണ്. പക്ഷേ, സ്വാഭാവികമായ ജോലി തന്റെ തലയില്‍വെച്ച ദേവനെ ചുമന്നുകൊണ്ട് നില്‍ക്കുകയോ ഏതെങ്കിലും കാട്ടുകള്ളന്‍മാരുടെ തടിപിടിക്കുകയോ, അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും വേണ്ടി വീടുപണി ചെയ്യുകയോ അല്ല എന്ന് ആനയ്ക്കറിയില്ല, നമുക്ക് മാത്രമേ അറിയൂ. അതുകൊണ്ട് ആനയുടെ ഈ അജ്ഞതയാണ് ആനയുടെ പാരതന്ത്ര്യത്തിന്റെ ഭൗതികമായ കാരണം.

ആനയ്ക്ക് ആനയുടെ അനുഭവം നിഷേധിക്കപ്പെട്ടിരിക്കുന്നു,
‘കാട്ടുതാളിലയൊത്ത കോമളകര്‍ണ്ണങ്ങളില്‍
കൂട്ടുകാരിയോടവന്‍ മന്ത്രിച്ചോ മനോരഥം?’

തന്റെ സ്‌നേഹം തന്റെ കാമുകിയുടെ കാതുകളില്‍ മന്ത്രിക്കാന്‍ കഴിയാതെ, തന്റെ കൂട്ടങ്ങളോടൊത്ത് കാട്ടരുവിയില്‍ പോയി വെള്ളം കുടിക്കുവാനാകാതെ, തന്റെ ഇച്ഛയ്‌ക്കൊത്ത് കാടുകളില്‍ നടന്ന് വള്ളികളും വൃക്ഷങ്ങളും ഒടിച്ചു തകര്‍ക്കുവാന്‍ കഴിയാതെ, തന്റെ ഉന്മാദത്തില്‍ ഈ ലോകത്തെ ഒരു നര്‍ത്തനമഞ്ചമാക്കി തീര്‍ക്കുവാന്‍ കഴിയാതെ ഒരാന തടസ്സപ്പെടുകയും ഓരോ മനുഷ്യനും തടസ്സപ്പെടുകയും, അവര്‍ മറ്റാരുടേയോ വീടുപണിക്കുവേണ്ടി ഉപയോഗപ്പെടുത്തുകയും ദൈവമാണ് എന്ന് പറയുന്ന ഏതെങ്കിലും വിഗ്രഹങ്ങളെ തലയില്‍ ചുമന്ന് നടക്കുവാന്‍ വിധിക്കപ്പെടുകയും മറ്റൊരാളുടെ ഭാരം ചുമക്കാന്‍ നിയോഗിക്കപ്പെടുകയും ചെയ്യുന്നു.

ആനയ്ക്ക് ആനയുടെ സ്വഭാവം നഷ്ടപ്പെടുകയും ആനയുടെ അനുഭവം നഷ്ടപ്പെടുകയും ആനയുടെ അനുഭവം നിഷേധിക്ക എന്നുള്ളത് ആനയല്ലാത്ത മറ്റുള്ളവരുടേയും പ്രധാന ഉപജാപമായി തീരുകയും ചെയ്യുന്നു.

നമ്മുടെ ജീവിതത്തിലും അത് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു തൊഴിലാളിയുടെ ജീവിതത്തിലും മനുഷ്യനാണ് എന്നുള്ള വസ്തുത വിസ്മരിക്കപ്പെടുന്നു. അതിനാല്‍ പത്താളുകളുടെ ജോലി ചെയ്താല്‍ അത് പത്ത് ‘man power’ ആണ്. പണ്ട് അതിനെ വേറൊരു തരത്തില്‍ ‘horse power’ ആണ് എന്നൊക്കെ പറയാം. നാം മനുഷ്യന്റെ ജീവിതത്തെ ‘man power’ ആക്കി. മൃഗങ്ങളുടെ ജീവിതത്തെ ‘horse power’ ആക്കി.

എല്ലാ ജീവിതങ്ങളെയും യന്ത്രങ്ങളാക്കി രൂപാന്തരപ്പെടുത്തുകയും ഈ യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഫലത്തെ ചൂഷണം ചെയ്യുകയും ഏതോ ആനക്കാരന്‍ ചൂഷണം ചെയ്യുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ നാഗരികതയിലെ പ്രാഥമിക വസ്തുത.

അതുകൊണ്ട് നമ്മുടെ ഇന്നത്തെ വ്യാവസായിക സമുദായത്തിന്റെ മൗലികമായ ലക്ഷ്യം ഓരോ വ്യക്തിക്കും യഥാര്‍ത്ഥമായ അനുഭവം ഉണ്ടാകാതെ സൂക്ഷിക്കേണ്ടതെങ്ങനെയെന്ന് കണ്ടുപിടിക്കുകയാണ്. അതിന് പണ്ട് കണ്ടുപിടിച്ച ഒരു മാര്‍ഗ്ഗം ഭൂമിയേയും സ്വര്‍ഗ്ഗത്തേയും വേര്‍തിരിക്കുകയും സ്വര്‍ഗ്ഗം മറണത്തിനുശേഷം കിട്ടുന്ന ഒരു സമാധാനമാണെന്ന് നമ്മെ വിശ്വസിപ്പിക്കുകയും ചെയ്യുക എന്നതാണ്.

നമ്മള്‍ ഇത് വളരെ സ്വാഭാവികമായി കരുതിയോ. പക്ഷേ, സ്വര്‍ഗ്ഗം ഭൂമിയില്‍ നിന്ന് വേര്‍പെടുത്തപ്പെട്ടപ്പോള്‍, വേറൊരു തരത്തില്‍ പറഞ്ഞാല്‍ പഴയനിയമമനുസരിച്ച്, സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേയ്ക്ക് മനുഷ്യന്‍ ചവിട്ടിതാഴ്ത്തപ്പെട്ടപ്പോള്‍ സംഭവിച്ചത് സ്വര്‍ഗ്ഗവും ഭൂമിയും രണ്ടായി തീര്‍ന്നു എന്നുള്ളതാണ്.

സ്വര്‍ഗ്ഗം മരിച്ചാല്‍ കിട്ടുന്നതും ഭൂമി എന്ന നരകം ജീവിച്ചാല്‍ കിട്ടുന്നതും ആയ ഒരു അനുഭവമാക്കി വിശേഷിക്കപ്പെടുന്നു എന്നും നമുക്കറിയാം. ഇത് ആര്‍ ചെയ്യുന്നു എന്നത് എപ്പോഴും ആലോചിക്കാന്‍ കഴിയില്ല. ആരാണ് സ്വര്‍ഗ്ഗത്തെ മരണത്തിന് ശേഷമുള്ള ഒന്നാക്കി മാറ്റുന്നത്?

ആരാണ് ഭക്ഷണത്തെ, വയര്‍ നിറയെ കഴിക്കേണ്ട ഭക്ഷണത്തെ സ്വപ്‌നങ്ങളില്‍ കഴിക്കേണ്ടുന്ന ഭക്ഷണമായി രൂപാന്തരപ്പെടുത്തുന്നത്? ഈ ചോദ്യം വാസ്തവത്തില്‍ നാം പരലോകത്തെയും ഇഹലോകത്തെയും എങ്ങനെ ബന്ധിപ്പിക്കണം എന്ന ചോദ്യത്തില്‍ കൊണ്ടെത്തിക്കുന്നു.

ഇത് പണ്ടൊരിക്കല്‍ പറഞ്ഞത് ക്രിസ്തുവാണ്. ഏത് ക്രിസ്തുവാണ് എന്നെനിക്കറിയില്ല. അത് ക്രിസ്തുവാണ്. സ്വര്‍ഗ്ഗം ഭൂമിയിലേക്ക് കൊണ്ടുവരണമെന്ന് പറഞ്ഞ ഒരാള്‍ ക്രിസ്തുവും മറ്റൊരാള്‍ കാറല്‍മാക്‌സുമായിരുന്നു. രണ്ടുപേരും സെമെറ്റിക് വര്‍ഗത്തില്‍പ്പെട്ട വ്യക്തികളായിരുന്നു.

ആളുകള്‍ സ്വര്‍ഗത്തില്‍ വിശ്വസിക്കുന്ന പഴയരീതി സ്വീകരിക്കുന്നതിനെതിരായി, അതായത് സുഖം ഒരാള്‍ക്കും അദ്ധ്വാനം ഒരാള്‍ക്കും എന്ന് മുതലാളിത്ത വ്യവസ്ഥിതിയില്‍ പറയുന്ന രീതിയെ, സ്വര്‍ഗ്ഗം മരണത്തിനുശേഷവും ദു:ഖം ജീവിതത്തില്‍ മുഴുവനും എന്നുപറയുന്ന ജീവിതത്തിന്റെ വിഭജനത്തെ നല്ലതെല്ലാം പിന്നേയ്ക്കുള്ളതാണ് എന്ന നീക്കിവെക്കലിനെ എതിര്‍ക്കുകയും നിന്റെ രാജ്യം ഭൂമിയിലേക്ക് വരണമെന്നും സ്വര്‍ഗരാജ്യം വരണമെന്നും പറഞ്ഞതാണ് ക്രിസ്തുവിന്റെ മൗലികമായ തത്വം. ക്രിസ്തുവിന്റെ തത്വം സ്‌നേഹം മാത്രമല്ല, മറിച്ച് ക്രിസ്തുവിന്റെ വിപ്ലവകരമായ ആശയം സ്വര്‍ഗരാജ്യം ഭൂമിയിലേക്ക് വരണമെന്ന് പറഞ്ഞതാണ്.

വേറൊരു തരത്തില്‍ മാര്‍ക്‌സും ഇത് തന്നെ പറയുന്നുണ്ട്. സ്വര്‍ഗം ഭൂമിയിലേക്ക് വരുമ്പോള്‍ സ്വര്‍ഗവും ഭൂമിയും ഇല്ലാതായിത്തീരുന്നു. മതം തന്നെ ഇല്ലാതായിത്തീരുന്നു എന്നാണ് മാര്‍ക്‌സ് പറഞ്ഞത്. അത്‌കൊണ്ട് എല്ലാ മതങ്ങളുടേയും പ്രധനപ്പെട്ട ചുമതല സ്വര്‍ഗത്തെ, സുഖത്തെ, ആത്മാവിനെ നമ്മില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ആത്മാവും ശരീരവും രണ്ടാണെന്ന് നിരന്തരമായി എല്ലാ വൈകുന്നേരങ്ങളിലും ക്ഷേത്രങ്ങളില്‍, പള്ളികളില്‍ പ്രസംഗിച്ച് കൊണ്ടിരിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.

കാരണം ആത്മാവും ശരീരവും ഒന്നായിത്തീരുന്ന ആ നിമിഷം, വൈകുന്നേരങ്ങളില്‍ പ്രസംഗങ്ങള്‍ ഇല്ലാതായിത്തീരുകയും ക്ഷേത്രത്തിലെ പ്രചരണങ്ങള്‍ അവസാനിക്കുകയും പള്ളിയിലെ പ്രചരണങ്ങള്‍ നിരര്‍ത്ഥകങ്ങളായിത്തീരുകയും മനുഷ്യനെന്നുള്ളത് ആത്മാവും ശരീരവും ചേര്‍ന്നുളള ഒരു സാധനമാണ് എന്നുള്ള ഐക്യബോധം ഉണ്ടായിത്തീരുകയും ചെയ്യുന്നു. അത്‌കൊണ്ട് മതത്തിന്റെ ആവശ്യം മനുഷ്യനെ ശരീരവും ആത്മാവുമായി മാറ്റിനിര്‍ത്തുക എന്നുള്ളതാണ്. മതത്തിന്റെ പ്രധാനപ്പെട്ട മറ്റൊരാവശ്യം സ്വര്‍ഗത്തെയും ഭൂമിയെയും അകറ്റി നിര്‍ത്തുക എന്നുള്ളതാണ്.

അത്‌കൊണ്ട് ലോകത്തില്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളുടെയും സാധൂകരണങ്ങള്‍, പ്രതിഫലനങ്ങള്‍, പ്രതികരണങ്ങള്‍, ഇവയെല്ലാം പരലോകത്തേക്ക് വേണ്ടി നീക്കിവെക്കുക എന്ന് നമ്മെ നിരന്തരമായി നമ്മുടെ ബാല്യകാല സാധനകളിലൂടെ, നമ്മുടെ ബാല്യസങ്കീര്‍ത്തനങ്ങളിലൂടെ, നമ്മുടെ നാമജപങ്ങളിലൂടെ, മറ്റ് പ്രവര്‍ത്തനങ്ങളിലൂടെ നമ്മെ ബോധ്യപ്പെടുത്തുന്നു.

‘ നരകത്തില്‍ നിന്നെന്നെ കരകേറ്റീടണേ
തിരുവൈക്കംവാഴും ശിവശംഭോ.’

ഇത് ഈ ലോകം നരകമാണെന്നും, ഈ നരകത്തില്‍ നിന്നും നമ്മെ മരണം കൊണ്ട് മറ്റൊരു ലോകത്തിലേക്ക് കടത്തണം എന്നുമുള്ള പ്രാര്‍ത്ഥന നമ്മുടെ നാട്ടിലെ ജനങ്ങള്‍ അനാദികാലം മുതല്‍ ഉരുവിട്ട് വരുന്നു. നമ്മുടെ നാട്ടില്‍ ഉണ്ടായിത്തീര്‍ന്നിട്ടുള്ള പ്രധാനപ്പെട്ട വിപ്ലവകരമായ ആശയം സ്വര്‍ഗത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ട് വരാമെന്നും, ഈ ഭൂമി അല്‍പ്പം കൂടി വൃത്തിയാക്കി, മനോഹരമാക്കി, ഈ ഭൂമിയെ ഏദന്‍ തോട്ടമാക്കി, ഈ ഭൂമിയെ അളകാപുരിയാക്കി, നന്ദാവനമാക്കി രൂപാന്തരപ്പെടുത്താം എന്നുമുള്ളതാണ്. എങ്ങനെയാണ് ഏദന്‍തോട്ടത്തെ ഭൂമിയിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ് മൗലികമായ രാഷ്ട്രീയ പ്രശ്‌നം, അഥവാ വിപ്ലവപ്രശ്‌നം.

ഇവിടെ ഈയൊരാവശ്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. കാരണം മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഒരു സമൂഹത്തിലെ ഭരണം ഏതാനും പേരുടെ കൈയ്യിലും ഭരിക്കപ്പെടുന്നവന്‍ ബഹുപൂരിപക്ഷവുമായിത്തീരുമ്പോള്‍, അധികാരം ഏതാനും പേരുടെ കൈയ്യിലും അധികാരത്തിന്റെ ഇരകളായിത്തീരുന്ന ബഹുഭൂരിപക്ഷം അവര്‍ക്ക് പുറത്തുമായിരിക്കുമ്പോള്‍ ധനം ഏതാനും ആളുകളുടെ കൈയ്യിലും ദാരിദ്ര്യം ബഹുപൂരിപക്ഷത്തിന്റെ കൈയ്യിലും ആയിരിക്കുമ്പോള്‍ അതിന്റെ മൗലികമായ ഫലം നാം നമ്മുടെ ജീവിതത്തെ രണ്ടായി പകുക്കുകയും സുഖം ചിലര്‍ക്കും ദു:ഖം എന്ന് ജീവിതത്തെ രണ്ടായിത്തീര്‍ക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.

ഇങ്ങനെ നിലനിന്നത് കൊണ്ട് പ്രയോജനമുള്ള ആളുകള്‍ മതത്തിന്റെ ശക്തി ഉപയോഗിച്ചും മറ്റ് ലോകത്തിലെ എല്ലാ ശക്തികളുപയോഗിച്ചും നമ്മുടെ ജീവിതത്തെ പിളര്‍ന്ന് സാധാരണ ആളുകള്‍ക്ക് അനുഭവം അസാധ്യമാക്കിത്തീര്‍ക്കുന്ന അവസ്ഥ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ഇതിനൊരു മാര്‍ഗം ഈ കണ്ടതൊന്നും ശരിയല്ല ശരിയല്ല എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണ്. നാം ഇന്ത്യയില്‍ ഒരു പക്ഷേ, നമുക്ക് പുറത്ത് ലോകത്തിലെ എല്ലാ മതവിഭാഗങ്ങളും ലോകം സത്യമല്ല, ലോകം സത്യമല്ല എന്ന് ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. നമ്മുടെ എല്ലാ മഹാപണ്ഡിതന്മാരും അങ്ങനെയാണ് ചെയ്തിരുന്നത്.

‘ ഉള്ളതൊന്നും ഉള്ളതല്ല.
ഉള്ളതിന് നാശമില്ല.
നാശമുളളതുള്ളതല്ല.’

ഇത് വളരെ വലിയ സത്യമായി അംഗീകരിക്കുകയും നാം നമ്മുടെ കണ്‍മുമ്പില്‍ ഉള്ളത് അവിശ്വസിക്കുവാന്‍ നമ്മെ അതിബാല്യകാലം മുതല്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. കണ്ണുകളെ വിശ്വസിക്കരുത്, നമ്മുടെ ഇന്ദ്രീയത്തെ വിശ്വസിക്കരുത്, ഇതെല്ലാം മായയാണ് എന്നുള്ള ബോധം മതം ബാല്യം മുതല്‍ക്കേ നമ്മില്‍ ഉണ്ടാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്.

ഈ മായത്തില്‍ നിന്നുള്ള മോചനം മരണത്തില്‍ കൂടിയാണ് ഉണ്ടാകുന്നത് എന്നും അത്‌കൊണ്ട് മരണാനന്തരം യഥാര്‍ത്ഥ ജീവിതം അനുഭവിക്കാം എന്നും നമ്മെ ബോധ്യപ്പെടുത്തുന്നു. അത് കൊണ്ട് അനുഭവ മലിനീകരണത്തിന്റെ, ഒരുപക്ഷേ, ആദ്യത്തെ ഒരു പ്രവണത നമ്മുടെ മുമ്പിലുള്ള സത്യത്തെ നിഷേധിക്കുക എന്നതാണ്. നമ്മുടെ ഇന്ദ്രീയങ്ങളെ നിഷേധിക്കുകയാണ്.

ശാസ്ത്രീയമായ രീതിയില്‍ നമ്മുടെ പണ്ഡിതന്മാര്‍; മഹാ പണ്ഡിതന്മാരും ഇപ്പോള്‍ ഇത് പറയുന്നു. അതിന് അവര്‍ ക്വാണ്ടം ഫിസിക്‌സിന്റെയോ ഐന്‍സ്റ്റീന്റെയോ അല്ലെങ്കില്‍ പുതിയ ഫിസിക്‌സിന്റെയോ സഹായത്തോടുകൂടി നിങ്ങള്‍ സ്പര്‍ശിച്ച് കൊണ്ടിരിക്കുന്ന ഈ മേശ, ഒരു മേശ അല്ല എന്നും അവ ഇലക്ട്രോണുകളുടെയും പ്രോട്ടോണുകളുടെയും ഒരു സമാഹരമാണ് എന്നും പറഞ്ഞ് നമ്മെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നു.

ഒരു കാര്യം മാത്രമേ ലോകത്തില്‍ സത്യമുള്ളൂ. അത് ഘനം മാത്രമാണ് എന്നും പറഞ്ഞ് വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. അതായത് ശാസ്ത്രത്തേയും നമ്മെ തെറ്റിദ്ധരിപ്പിക്കാനുള്ള ഉപകരണമാക്കിത്തീര്‍ക്കുന്നു. ഇന്നിത് നടന്നുകൊണ്ടിരിക്കുന്നു. കാരണം ലോകത്തിലുള്ള ഏതാണ്ട് പത്ത് കോടിയോളം വരുന്ന ജനങ്ങള്‍ കഴിഞ്ഞ 50 കൊല്ലം കൊണ്ട് കൊന്നൊടുക്കപ്പെട്ടത് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ നേട്ടമാണ്.

കഴിഞ്ഞ 50 കൊല്ലക്കാലത്ത് നടന്ന രണ്ട് ലോകമഹായുദ്ധങ്ങളുടേയും ഫലമായിട്ട് ലോകത്തില്‍ ജ്ഞാനികളായ മനുഷ്യര്‍, മഹാശാസ്ത്രജ്ഞന്മാര്‍, ഐന്‍സ്റ്റീന്‍, ഓപ്പന്‍ ഹീമര്‍ അടക്കമുള്ള ലോകോത്തര ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന്, നമ്മുടെ പടയാളികള്‍ ചേര്‍ന്ന് ഈ ഭൂമുഖത്തുളള 10 കോടിയോളം ആളുകളെ വകവരുത്തിയിരിക്കുന്നു! ഇവരെല്ലാവരും ഭൂരിപക്ഷം കൊണ്ട് ബഹുമാനിക്കപ്പെടുകയും ചെയ്യുന്നു.

പക്ഷേ, നിങ്ങള്‍ ഒരുവനെ കൊല്ലുമ്പോള്‍ നിങ്ങളെ കുറ്റവാളി എന്ന് വിളിക്കുകയും നിങ്ങളെ ഭ്രാന്തന്‍ എന്ന് വിളിക്കുകയും നിങ്ങളെ കഴുമരം കാത്തുനില്‍ക്കുകകയും ചെയ്യുന്നു. ഇത് നമ്മുടെ നാട്ടിലുള്ള വളരെ സാധാരണമായ സത്യമാണ്. നിങ്ങള്‍ക്ക് മറ്റുള്ളവരെ കൊല്ലാന്‍ ഒരു കാരണം അല്ലെങ്കില്‍ ഐഡിയോളജി അല്ലെങ്കില്‍ ദേശീയത എന്നൊക്കെ പറയുന്ന എന്തെങ്കിലും ഒരാദര്‍ശം ഉണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യുന്ന പ്രവര്‍ത്തി ലോകോത്തരമായിത്തീരുന്നു.

(തുടരും)

Advertisement