എഡിറ്റര്‍
എഡിറ്റര്‍
ഒളിമ്പിക്‌സ് മെഡലിന് മാധുര്യമേറെ: വിജയ് കുമാര്‍ സംസാരിക്കുന്നു
എഡിറ്റര്‍
Friday 10th August 2012 9:10pm


ഫേസ് ടു ഫേസ്/വിജയ് കുമാര്‍
മൊഴിമാറ്റം/ആര്യ


ഇത്തവണത്തെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി കൊണ്ടുവന്ന മെഡലുകളില്‍ ഏറ്റവും വിലയുള്ള മെഡലായിരുന്നു വിജയ് കുമാറിന്റേത്. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റളില്‍ വെള്ളിമെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി വിജയ് മാറി. ഒളിമ്പിക്‌സിനായി ലണ്ടനിലേക്ക് പറന്ന വിജയ്ക്ക് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നു. അത് സ്വന്തം രാജ്യത്തിന് വേണ്ടിയുള്ള ഒരു മെഡല്‍നേട്ടം മാത്രമായിരുന്നു.

Ads By Google

ഹിമാചല്‍ സ്വദേശിയായ വിജയ് കുമാര്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലാമന്‍ ആയാണ് ഫൈനലില്‍ എത്തിയത്.  ഇന്ത്യന്‍ സൈന്യത്തിലെ അംഗമായ വിജയ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണവും 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. 2007ല്‍ വിജയ് കുമാറിനെ അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.

അമേരിക്കയിലെ ഫോര്‍ട്ട് ബെന്നിങ്ങില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടിയാണ് ലണ്ടന്‍ ഒളിമ്പിക്‌സിന് വിജയ് യോഗ്യത നേടിയത്. ലോകറാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളിലൊരു സ്ഥാനം നിലനിര്‍ത്തുന്ന വിജയ് സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്തുന്ന താരമാണ്. രാജ്യത്തിനായി മെഡല്‍ നേടിത്തരാനായതില്‍ ഏറെ സന്തോഷവാനാണ് വിജയ്.. ആ സന്തോഷം വിജയ് പങ്കുവെയ്ക്കുന്നു..

അഭിനന്ദനങ്ങള്‍ ഏറെ കേട്ടുകാണും, എങ്ങനെയാണ് ഈ വിജയത്തെ കാണുന്നത് ?

ദീര്‍ഘനാളായി തുടരുന്ന ഒരു യാത്ര അവസാനിച്ചതുപോലെയാണ് ഇപ്പോള്‍ തോന്നുന്നത്. 2003 ലാണ് ഷൂട്ടിങ് രംഗത്തേക്ക് വരുന്നത്. ഈ കഴിഞ്ഞ ഒമ്പത് വര്‍ഷവും എന്നെ സംബന്ധിച്ച് മികച്ചത് തന്നെയായിരുന്നു. ഒരുപാട് മെഡലുകള്‍ പല മത്സരങ്ങളില്‍ നിന്നായി ലഭിച്ചിട്ടുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ വില മതിക്കുന്നതാണ് ഈ ഒളിമ്പിക്‌സ് മെഡല്‍.

ഒരു താരത്തിന്റെ മേല്‍ ഏറെ പ്രതീക്ഷ വെച്ചെന്ന് കരുതി അത് മെഡല്‍നേട്ടത്തിന് ഒരു തടസ്സമാണെന്ന് തോന്നിയിട്ടില്ല.

ഒരുപാട് പ്രതീക്ഷ ഒരു അത്‌ലറ്റിന് മേലുണ്ടാകുമ്പോള്‍ അവര്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാവുക സ്വാഭാവികമാണ്. താങ്കള്‍ ലൈംലൈറ്റില്‍ അധികം ഇല്ലാതിരുന്ന വ്യക്തിയാണ്, അതുകൊണ്ടാണോ മെഡല്‍ നേട്ടം സാധ്യമായത് ?

ഒരിക്കലുമല്ല, അതെല്ലാം നിങ്ങള്‍ മാധ്യമങ്ങള്‍ പറയുന്നതാണ്. ഓരോരുത്തരും അവരവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചാണ് പരിശീലനം നടത്തുന്നതും പ്രകടനത്തില്‍ മുന്നോക്കം പോകുന്നതും. ഒരു താരത്തിന്റെ മേല്‍ ഏറെ പ്രതീക്ഷ വെച്ചെന്ന് കരുതി അത് മെഡല്‍നേട്ടത്തിന് ഒരു തടസ്സമാണെന്ന് തോന്നിയിട്ടില്ല. നമ്മുടെ കഴിവും പിന്നെ ഭാഗ്യവും ഒത്തുവന്നാല്‍ മത്സരത്തില്‍ ജയിക്കാം. അല്ലാതെ ആളുകളുടെ സമ്മര്‍ദ്ദം മൂലം മത്സരം കൈവിട്ടുപോയെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

എന്റെ കരിയറില്‍ ഞാന്‍ ഒരുപാട് മെഡലുകള്‍ നേടിയിട്ടുണ്ട്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിമിലുമെല്ലാം മെഡലുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രതീക്ഷ വെച്ചല്ല ഞാന്‍ ലണ്ടനിലേക്ക് പോയത്. എന്നാല്‍ എല്ലായിടത്തും എനിയ്ക്ക് നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ എല്ലാവര്‍ക്കും എന്റെ ഇന്റര്‍വ്യു വേണം. എന്റെ എല്ലാ കാര്യങ്ങളും അറിയണം. അതെല്ലാം ഒരു മെഡലിന്റെ വിലയാണ്(ചിരിക്കുന്നു)

മറ്റ് മെഡലുകളില്‍ നിന്ന് വ്യത്യസ്തമായി എന്ത് പ്രത്യേകതയാണ് ഒളിമ്പിക്‌സ് മെഡലിന് കാണുന്നത് ?

നേട്ടങ്ങള്‍ എന്നും നേട്ടങ്ങള്‍ തന്നെയാണ്. ഞാന്‍ ഏഷ്യന്‍ഗെയിംസില്‍ പങ്കെടുത്ത് മെഡല്‍ നേടിയിട്ടുണ്ട്. എന്നാല്‍ ആ മത്സരത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളു. അതുപോലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിരവധി മെഡലുകള്‍ ഞാന്‍ നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ അതിലും ചുരുക്കം ചില രാജ്യങ്ങളിലെ താരങ്ങളുമായിട്ടേ മത്സരിക്കേണ്ടി വന്നിട്ടുള്ളു. എന്നാല്‍ ഒളിമ്പിക്‌സ് അങ്ങനെയല്ല. ഈ ലോകത്തെ 208 രാജ്യങ്ങളിലേയും ഏറ്റവും മികച്ച താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടാണ് മത്സരങ്ങള്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ അവരുമായി മത്സരിച്ച് ഒരു മെഡല്‍ നേടുകയെന്നത് പ്രത്യേകത തന്നെയാണ്. ആ ഒരു നേട്ടത്തെ എന്ത് പേരിട്ട് വിളിക്കണമെന്ന് പോലും എനിയ്ക്ക് അറിയില്ല. ഞാന്‍ പ്രത്യേകിച്ച് എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന തോന്നലൊന്നും എനിയ്ക്കില്ല, എങ്കിലും ഇന്ത്യന്‍ കായിക രംഗത്തിന് എന്റെ പേരിലൊരു  മെഡല്‍ സമ്മാനിക്കാനായതില്‍ ഏറെ അഭിമാനമുണ്ട്.

എങ്ങനെയുണ്ടായിരുന്നു മത്സരം ?

വളരെ കടുത്ത മത്സരത്തെയായിരുന്നു നേരിടേണ്ടിവന്നത്. അതുകൊണ്ട് തന്നെ ആ സാഹചര്യമെല്ലാം നേരിടാനുള്ള മാനസികാവസ്ഥ ഞാന്‍ ആദ്യമേ നേടിയെടുത്തിരുന്നു. ഫൈനലിനായി യോഗ്യത നേടിയെടുക്കുകയെന്നതായിരുന്നു എന്റെ ആദ്യത്തെ ലക്ഷ്യം. എന്നാല്‍ അത് അത്ര എളുപ്പം നടക്കുന്ന കാര്യമായിരുന്നില്ല. വെറും ആറ് പേരെ മാത്രമാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കുക. മറ്റ് മത്സരങ്ങളില്‍ എട്ട് പേരെ വരെ എടുക്കും. ഒടുവില്‍ എനിയ്ക്ക് ഫൈനലിലേക്കുള്ള സെലക്ഷന്‍ കിട്ടി. എന്നാല്‍ ഫൈനല്‍ മത്സരം നടക്കാന്‍ ഒരുപാട് മണിക്കൂറുകള്‍ കാത്തിരിക്കണം. ആ ഒരു സമയമാണ് നാം മാനസികമായി ഏറെ സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരുക. എന്നാല്‍ ഒരുപരിധിവരെയൊക്കെ ഫോക്കസ് ചെയ്ത് നില്‍ക്കാന്‍ എനിയ്ക്ക് കഴിഞ്ഞിരുന്നു.

ഒളിമ്പിക്‌സിനെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടത് സ്വര്‍ണമെഡല്‍ ആണ്. അതുതന്നെയാണ് എന്റെയും അവസ്ഥ. വെള്ളി നേടാനായതില്‍ സന്തോഷം ഉണ്ട്. എന്നാല്‍ സ്വര്‍ണമെഡല്‍ നഷ്ടമായതില്‍ അതിലേറെ വിഷമവും ഉണ്ട്.

 

താങ്കളോടൊപ്പമുണ്ടായിരുന്ന താരങ്ങളെല്ലാം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തവരാണ്, ഒരു മെഡല്‍ നേടുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാണെന്ന് തോന്നിയിരുന്നോ ?

കായിക ഇനങ്ങളില്‍ വെച്ച് വളരെ ബുദ്ധിമുട്ടുള്ള ഒരു ഇനമാണ് ഷൂട്ടിങ്. ആര് ജയിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത മത്സരം. കഴിഞ്ഞ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ താരം ഇത്തവണയും ആ വിജയം ആവര്‍ത്തിക്കുമെന്ന് ഒരിക്കലും ഉറപ്പിക്കാന്‍ കഴിയില്ല. കാരണം മത്സരത്തില്‍ ജയിക്കണമെങ്കില്‍ ഏറെ ഘടകങ്ങള്‍ വേറെയുമുണ്ട്.

ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ചെറിയ ആള്‍ ഞാനായിരുന്നു. എനിയ്ക്കാണെങ്കില്‍ ഇതിന് മുന്‍പ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത് പരിചയവുമില്ല. എങ്കിലും എന്നോടൊപ്പമുണ്ടായിരുന്നതില്‍ പലരുമായും ഞാന്‍ ഇതിന് മുന്‍പ് മത്സരിച്ചിട്ടുണ്ടായിരുന്നു. അത് ഒരു ആശ്വാസമായിരുന്നു. എങ്ങനെ മികച്ച ടെക്‌നിക്ക് പുറത്തെടുക്കാമെന്നായിരുന്നു ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത്. അതില്‍ ഞാന്‍ വിജയിക്കുകയും ചെയ്തു.

നേരിയ വ്യത്യാസത്തിലാണ് സ്വര്‍ണമെഡല്‍ നഷ്ടമായത്,അതില്‍ നിരാശയുണ്ടോ ?

ഒളിമ്പിക്‌സിനെ സംബന്ധിച്ച് ഏറ്റവും വിലപ്പെട്ടത് സ്വര്‍ണമെഡല്‍ ആണ്. അതുതന്നെയാണ് എന്റെയും അവസ്ഥ. വെള്ളി നേടാനായതില്‍ സന്തോഷം ഉണ്ട്. എന്നാല്‍ സ്വര്‍ണമെഡല്‍ നഷ്ടമായതില്‍ അതിലേറെ വിഷമവും ഉണ്ട്. എന്നിരുന്നാലും അതില്‍ വിഷമിച്ചിരിക്കുന്നതില്‍ കാര്യമില്ല. മികച്ച പരിശീലനത്തിലൂടെ ഇന്ത്യയിലേക്ക് ഒരു സ്വര്‍ണമെഡല്‍ കൊണ്ടുവരണമെന്നാണ് ഇനിയുള്ള ആഗ്രഹം.

ആര്‍മിയില്‍ നിന്നും വിരമിക്കാന്‍ പോവുകയാണെന്ന് ചില വാര്‍ത്തകള്‍ കേട്ടല്ലോ, സത്യമാണോ ?

ഇല്ല, ആര്‍മിയില്‍ നിന്നും വിരമിക്കാനൊന്നും ഉദ്ദേശമില്ല. എന്നാല്‍ ആര്‍മിയിയിലെ ചില സംവിധാനങ്ങളുടെ കാര്യത്തില്‍ എനിയ്ക്ക് അഭിപ്രായവ്യത്യാസമുണ്ട്. എനിയ്ക്ക് വെള്ളി മെഡല്‍ ലഭിച്ചതിന് ശേഷം ജോലിയില്‍ കയറ്റം ലഭിക്കുമെന്ന് വാര്‍ത്ത കേട്ടിരുന്നു, എന്നാല്‍ അതുമായി ബന്ധപ്പെട്ട് എന്നെ ആരും സമീപിച്ചിട്ടില്ല. നല്ല ഓഫറുകള്‍ എനിയ്ക്ക് ലഭിക്കുകയാണെങ്കില്‍ ആര്‍മിയില്‍ തന്നെ നില്‍ക്കാനാണ് താത്പര്യം.

കഴിഞ്ഞ മൂന്ന് ഒളിമ്പ്‌സിലും ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് നേട്ടമുണ്ടായിരുന്നു. ഷൂട്ടേഴ്‌സ് എല്ലാം മികച്ച നേട്ടമുണ്ടാക്കുന്നെന്ന് തോന്നുന്നുണ്ടോ ?

ഷൂട്ടിങ്ങ് രംഗത്തിന് അനുകൂലമായി ചില കാര്യങ്ങള്‍ സര്‍ക്കാരിന്റെയും അധികൃതരുടേയും ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. ഷൂട്ടിങ് മേഖലയില്‍ ഫെഡറേഷന്‍ കൂടുതല്‍ താത്പര്യം കാണിക്കാന്‍ തുടങ്ങി. ഷൂട്ടിങ് താരങ്ങള്‍ക്ക് വേണ്ട പരിശീലനത്തിനായി എന്ത് സൗകര്യവും ചെയ്തുതരാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്. അതിന്റെയെല്ലാം ഒരു ഫലമാവും ഈ കാണുന്നത്. ഏഥന്‍സ് ഒളിമ്പിക്‌സില്‍ രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ നേടിയ വെള്ളി മെഡലായിരുന്നു എനിയ്ക്ക് പ്രചോദനമായത്. അതിനുശേഷം അഭിനവ് ബിന്ദ്ര ബെയ്ജിങ്ങില്‍ നിന്നും സ്വര്‍ണമെഡലും നേടി. അതും പ്രതീക്ഷയ്ക്ക് വക തരുന്നതായിരുന്നു. ഇന്നത്തെ എന്റെ ഈ വിജയവും അങ്ങനെ ആര്‍ക്കെങ്കിലും പ്രചോദനമാവുമെന്നാണ് പ്രതീക്ഷ.

ഷൂട്ടിങ്ങില്‍ താങ്കളുടെ വെള്ളി മെഡലും ഗഗന്‍ നരംഗിന്റെ വെങ്കലവുമല്ലാതെ ഇന്ത്യയ്ക്ക് ആ ഇനത്തില്‍ മറ്റ് മെഡലുകളൊന്നുമില്ല, ഇതില്‍ വിഷമം തോന്നിയോ ?

ഇന്ത്യയില്‍ നിന്നുപോയ ഷൂട്ടേഴ്‌സിന്റെയെല്ലാം പ്രകടനം മികച്ച നിലവാരത്തിലുള്ളതായിരുന്നു. അവര്‍ മെഡല്‍ നേടിയോ ഇല്ലയോ എന്നത് രണ്ടാമത്ത കാര്യമാണ്. ഉദാഹരണമായി ജോയ്ദീപ് കര്‍മാക്കര്‍, അദ്ദേഹം നാലാമതായാണ് ഫിനിഷ് ചെയ്തത്. അതും സമ്മര്‍ദ്ദം മൂലമാണ്. ഭാഗ്യം എന്ന് പറയുന്നത് ഷൂട്ടിങ്ങില്‍ ഏറ്റവും വലിയ ഘടകമാണ്.

ഇത്തവണത്തെ ഒളിമ്പിക്‌സില്‍ ഇന്ത്യ എത്ര മെഡല്‍ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

ബെയ്ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആകെ ലഭിച്ചത് മൂന്ന് മെഡലുകളാണ്. എന്നാല്‍ ഇത്തവണ നാല് മെഡലുകള്‍ ഇപ്പോള്‍ തന്നെ ലഭിച്ചിട്ടുണ്ട്. ബോക്‌സിങ്ങിലും റെസ്‌ലിങ്ങിലും കുറച്ചുകൂടി പ്രാധാന്യം നല്‍കിയാല്‍ കൂടുതല്‍ മെഡല്‍ നേടാനാവുമെന്നാണ് കരുതുന്നത്. ബോക്‌സിങ്ങില്‍ മേരി കോമിനൊപ്പം തന്നെ മെഡല്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു വീജേന്ദര്‍. എന്നാല്‍ അദ്ദേഹം പുറത്തായി.

ഇനി എന്താണ് അടുത്ത പ്ലാന്‍ ?

കഴിഞ്ഞ കുറേനാളുകളായി ഞാന്‍ വിശ്രമമില്ലാത്ത പരിശീലനത്തിലായിരുന്നു. വിശ്രമം എടുക്കാനായി എന്റെ മനസ്സും ശരീരവും ആഗ്രഹിക്കുന്നുണ്ട്. കുറച്ചുനാള്‍ വീട്ടുകാരുമായി സമയം ചിലവിട്ടതിന് ശേഷം വീണ്ടും എന്റെ ജോലിയും പരിശീലനുമായി മുന്നോട്ട് പോകണമെന്നാണ് കരുതുന്നത്. ഇനിയും ഒരുപാട് അന്താരാഷ്ട്ര മത്സരങ്ങള്‍ മുന്നിലുണ്ട്. അതിനായി പരിശീലനം നടത്തണം.

കടപ്പാട്: റെഡിഫ്.കോം

Advertisement